Latest News

ബന്ധുവീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു; മാസങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍

ബന്ധുവീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു; മാസങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍
X

തിരുവനന്തപുരം: ബന്ധുവീട്ടില്‍ നിന്നു 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മാസങ്ങള്‍ക്ക് ശേഷം യുവതി പോലിസ് പിടിയില്‍. ഭരതന്നൂര്‍ നിഖില്‍ ഭവനില്‍ നീതു (33) ആണ് അറസ്റ്റിലായത്.ബന്ധുവിന്റെ വീട്ടില്‍ കല്ല്യാണത്തിന് പോയപ്പോഴാണ് അവിടെ നിന്നും നീതു നവവധുവിന്റെ വിവാഹാഭരണം മോഷ്ടിക്കുന്നത്. ഭരതന്നൂര്‍ കാവൂര്‍ വീട്ടിലെ യുവതിയുടെ വിവാഹാഭരണങ്ങളാണ് നീതു മോഷ്ടിച്ചത്.

വിവാഹത്തിന് ശേഷം പുതിയ വീട്ടിലെത്തിയപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെയാണ് പാങ്ങോട് പോലിസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ബന്ധുവായ നീതുവിന്റെ ആര്‍ഭാട ജീവിതം സംശയം വളര്‍ത്തിയതോടെ പോലിസ് ചോദ്യം ചെയ്തുവെങ്കിലും, കുറ്റം നിഷേധിച്ച് നീതു രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ആഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചതും പിന്നീട് വില്‍പ്പന നടത്തിയതും വ്യക്തമായതോടെ കേസ് വഴിത്തിരിവിലെത്തി.

സ്ഥാപനത്തിലെ ജീവനക്കാര്‍ സംശയിച്ച് ആഭരണങ്ങളുടെ ചിത്രം പോലിസിന് കൈമാറുകയും പരിശോധിച്ചപ്പോള്‍ അത് പരാതിക്കാരിയുടെ മാലയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ബന്ധുവിനൊപ്പം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് നീതുവിനെ പോലിസ് തെളിവുകളോടെ നേരിടുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്തത്. പാങ്ങോട് എസ്എച്ച്ഒ ജിനീഷിന്റെ നേതൃത്വത്തില്‍ സിപിഒമാരായ അനീഷ്, നിസാറുദീന്‍, ആന്‍സി, അനുഗ്രഹന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Next Story

RELATED STORIES

Share it