Latest News

പൗരത്വ നിയമം: കോണ്‍ഗ്രസ്സിന്റെ രാജ്ഘട്ട് പ്രതിഷേധം അല്പ സമയത്തിനുള്ളില്‍

സമരരംഗത്തുനിന്ന് കോണ്‍ഗ്രസ്സ് പൊതുവിലും രാഹുല്‍ ഗാന്ധി പ്രത്യേകിച്ചും ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് വിമര്‍ശനമുണ്ടായിരുന്നു.

പൗരത്വ നിയമം: കോണ്‍ഗ്രസ്സിന്റെ രാജ്ഘട്ട് പ്രതിഷേധം അല്പ സമയത്തിനുള്ളില്‍
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം രാഷ്ട്രത്തെ സംഘര്‍ഷ ഭരിതമാക്കുമ്പോള്‍ സമരത്തില്‍ നിന്ന് ഏറെ അകന്നു നിന്ന കോണ്‍ഗ്രസ് നേതൃത്വം തിരിച്ചുവരവിന് ശ്രമിക്കുന്നു. ഇന്ന് മൂന്ന് മണിക്ക് ഡല്‍ഹി രാജ്ഘട്ടിലെ ഗാന്ധി മെമ്മോറിയലില്‍ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം നടക്കും. പ്രതിഷേധത്തില്‍ പാര്‍ട്ടിയിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് വിവരം.

പ്രതിഷേധത്തില്‍ ഭാഗഭാക്കാവാന്‍ യുവാക്കളെയും യുവതികളെയും രാഹുല്‍ ഗാന്ധി, രാജ് ഘട്ടിലേക്ക് ക്ഷണിച്ചു. ''ഇന്ത്യക്കാരനെന്ന് കരുതിയതു കൊണ്ടു മാത്രമായില്ല, ഇതുപോലുള്ള സമയങ്ങളില്‍ ഇന്ത്യയെ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കൂടി ബോധ്യപ്പെടുത്തണം- ഇന്ന് കാലത്ത് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ദിവസങ്ങള്‍ക്കു മുമ്പ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ ഗേറ്റില്‍ ചില സമരപരിപാടികള്‍ നടത്തിയിരുന്നെങ്കിലും സമരരംഗത്തുനിന്ന് കോണ്‍ഗ്രസ്സ് പൊതുവിലും രാഹുല്‍ ഗാന്ധി പ്രത്യേകിച്ചും ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. ജനതാദള്‍ യുണൈറ്റഡ് നേതാവ് പ്രശാന്ത് കിഷോര്‍ ഇതിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. 'കോണ്‍ഗ്രസ് ഈ സമരത്തോടൊപ്പം തെരുവുകളിലില്ല. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വപട്ടികയും നിയമവും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കൂട്ടിയിരുത്താന്‍ പോലും കോണ്‍ഗ്രസ്സിനായില്ല'- പ്രശാന്ത് കിഷോര്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഇത്തരം വിമര്‍ശനങ്ങള്‍ പുറത്തുമാത്രമല്ല, അണികളിലും വ്യാപകമായി ഉണ്ടായിരുന്നു. അധികാരികളുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസത്തെ പ്രതിഷേധം മാറ്റിവച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളൊക്കെ മുന്നില്‍ കണ്ടാണ് വൈകിയ വേളയിലെങ്കിലും രാഹുല്‍ തന്നെ സമരരംഗത്തെത്തുന്നത്.

Next Story

RELATED STORIES

Share it