Latest News

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ബാങ്ക് വിളിക്ക് നിരോധനം: സംഭവം നിഷേധിച്ച് അധികാരികള്‍

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ബാങ്ക് വിളിക്ക് നിരോധനം: സംഭവം നിഷേധിച്ച് അധികാരികള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രേംനഗറിലും ഉത്തരാഖണ്ഡിലെ ചിലയിടങ്ങളിലും പള്ളികളില്‍ ബാങ്ക് വിളിക്കുന്നതിനെതിരേ പോലിസ് രംഗത്തെത്തി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വിളിക്കരുതെന്നാണ് പോലിസുകാര്‍ അറിയിച്ചത്. റമദാന്‍ തലേനാള്‍ ഡല്‍ഹി പ്രേംനഗറിലെ പള്ളിയിലെത്തിയ രണ്ട് പോലിസുകാര്‍ ബാങ്ക് വിളിക്കുന്നത് തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വൈറലായിരുന്നു. പോലിസുകാര്‍ ഇമാമിനോട് ബാങ്ക് വിളിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് പോലിസുകാരും അവിടെ കൂടിയിരുന്നവരും തമ്മില്‍ വലിയ തര്‍ക്കം നടന്നു. തങ്ങളോട് പറയേണ്ട ലഫ്. ഗവര്‍ണറുടെ ഉത്തരവാണെന്ന് അവര്‍ മറുപടിയും പറഞ്ഞു. വീഡിയോ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് സംഭവം ദേശീയ ശ്രദ്ധയിലെത്തിയത്. ബാങ്ക് വിളിക്കുന്ന രണ്ട് പോലിസുകാരും പ്രേംനഗര്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡല്‍ഹിയിക്കു പുറമെ ഉത്തരാഖണ്ഡിലും പോലിസ് ഇടപെട്ട് ബാങ്ക് വിളിക്കുന്നത് പലയിടങ്ങളിലും തടഞ്ഞിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വിളിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞുവെന്നാണ് പോലിസ് അറിയിച്ചത്.

ഡല്‍ഹിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ രംഗത്തെത്തി. ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബെയ്ജാല്‍ അവകാശപ്പെട്ടു. ഡല്‍ഹിയില്‍ ബാങ്ക് നിരോധിച്ചിട്ടില്ലെന്നും പോലിസിന് ഇത് സംബന്ധിച്ച പുതുക്കിയ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അനില്‍ ബെയ്ജല്‍ ട്വീറ്റ് ചെയ്തു. ബാങ്ക് തടഞ്ഞ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പോലിസിന്റെ ഇടപെടല്‍ ജനാധിപത്യവാദികള്‍ക്കിടയില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചതോടെ ഡല്‍ഹി സര്‍ക്കാരും രംഗത്തുവന്നു. വിശ്വാസികള്‍ അവരുടെ റമദാന്‍ നോമ്പും പ്രാര്‍ത്ഥനകള്‍ വീടുകള്‍ക്കുള്ളില്‍ നിര്‍വഹിക്കണമെന്നും ബാങ്ക് വിളിക്കുന്ന കാര്യത്തില്‍ നിരോധനമൊന്നുമില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഉത്തരാഖണ്ഡ് ഡിജിപിയും ഇത്തരമൊരു വിശദീകരണം പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്ക് വിളിക്കുന്നത് നിരോധിച്ചിട്ടില്ലെന്നും ലൗഡ് സ്പീക്കറില്‍ ശബ്ദം കുറച്ച്് അത് നിര്‍വഹിക്കാവുന്നതാണെന്നും ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it