Latest News

സംസ്ഥാനങ്ങളെ ശാക്തീകരിക്കുക, പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കുക- കൊവിഡ് നിയന്ത്രണത്തില്‍ കേരള മോഡല്‍ നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി

സംസ്ഥാനങ്ങളെ ശാക്തീകരിക്കുക, പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കുക- കൊവിഡ് നിയന്ത്രണത്തില്‍ കേരള മോഡല്‍ നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കേരള മോഡല്‍ കൊവിഡ് നിയന്ത്രണത്തിന് അപ്രതീക്ഷിതമായ കേന്ദ്രത്തില്‍ നിന്ന് അംഗീകാരം. അത് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന് കേരള സംവിധാനം നിര്‍ദേശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയാണ് കേന്ദ്രത്തിന് കേരള കൊവിഡ് നിയന്ത്രണത്തിലെ ചില പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ശ്രമിച്ചത്. ആരോഗ്യമേഖലയില്‍ കേന്ദ്രത്തില്‍ അധികാരം കേന്ദ്രീകരിക്കാതെ അത് സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും പകുത്തുനല്‍കണമെന്നും താഴെ തട്ടില്‍ നിന്നു തുടങ്ങുന്ന നിയന്ത്രണ പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം സംവിധാനത്തിലൂടെയാണ് കേരളത്തില്‍ കൊവിഡ് നിയന്ത്രണം സാധ്യമായത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു രാഹുല്‍.

ലോക്ക് ഡൗണ്‍ ഒരു 'പോസ് ബട്ടന്‍' അമര്‍ത്തല്‍ മാത്രമാണ്, താല്‍ക്കാലികമായ നിര്‍ത്തല്‍, അല്ലാതെ പരിഹാരമല്ല, രാഹുല്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ വൈറസ് വീണ്ടും പ്രവര്‍ത്തനക്ഷമമാവും.

ഈ സമയം രാജ്യത്തിന്റെ ശ്രദ്ധ ടെസ്റ്റിങ് സാധ്യതകള്‍ വര്‍ധിപ്പിക്കലായിരിക്കണം. കൂടുതല്‍ പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഉറപ്പുവരുത്തണം. ഈ സമയത്ത് ഭാവിയില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന വൈറസ് ആക്രമണത്തിനെതിരേയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയണം.

രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തേടിപ്പോയി ടെസ്റ്റ് ചെയ്യുന്നതിനോടൊപ്പം റാന്റം ടെസ്റ്റിങ്ങും നടത്തണം. ഇന്ത്യയില്‍ ഇപ്പോള്‍ പത്ത് ലക്ഷത്തിന് 199 ടെസ്റ്റ് കിറ്റുകളാണ് ഉള്ളത്. ജില്ലയ്ക്ക്് 350 കിറ്റുകള്‍. 'സഞ്ചരിച്ചു'കൊണ്ടിരിക്കുന്ന വൈറസിന്റെ കാര്യത്തില്‍ ഇത് അപര്യാപ്തമാണ്- രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വൈറസിന്റെ വ്യാപനവും വര്‍ധിക്കും. അതിനെ നേരിടാന്‍ നാം തയ്യാറാകണം. 20 ാം തിയ്യതി നാം ഭാഗികമായി തുറന്നാലും ഭാവിയില്‍ വീണ്ടും അടയ്ക്കന്‍ നിര്‍ബന്ധിതരാവും.

1.7 ലക്ഷം കോടി രൂപ ഇന്ത്യയെ പോലെ ഒരു രാജ്യത്ത് തികച്ചും അപര്യാപ്തമാണ്. അത് വര്‍ധിപ്പിക്കണം. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നം പോലും പരിഹരിക്കാന്‍ ഈ പണം മാത്രമേയുള്ളൂ. അത് പരിഹരിക്കാതെ ഈ വിഷയത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല.

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ചെയ്യുന്ന ശൈലി ലോകത്ത് ഇന്ത്യ മാത്രമാണ് തുടരുന്നത്. മറ്റൊരിടത്തും അതില്ല. ഇത്തരം നീക്കങ്ങളാണ് കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നം ഗുരുതരമാക്കിയത്.

രോഗബാധ നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനോട് രാഹുല്‍ വിയോജിച്ചു. കേന്ദ്രം സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കേണ്ടത്. അവര്‍ക്കാവശ്യമായ പണം നല്‍കുക. സംസ്ഥാന മുഖ്യമന്ത്രിമാരോട് അവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് ചോദിച്ച് അത് നിവര്‍ത്തിക്കുക.

ഓരോ സ്ഥലങ്ങളുടെയും പ്രത്യേകത അനുസരിച്ചായിരിക്കണം ഓരോ സ്ഥലത്തെയും ലോക്ക് ഡൗണ്‍ തീരുമാനിക്കേണ്ടത്. അത് അതാതിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് തീരുമാനിക്കാന്‍ കഴിയണം.

രോഗവ്യാപനം തടയുന്നതോടൊപ്പം സാമ്പത്തിക ആസൂത്രണവും ആവശ്യമാണെന്ന് രാഹുല്‍ഗാന്ധി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it