Kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി

അതിസമ്പന്നന്‍മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ് സിപിഎമ്മും ബിജെപിയും ഭരണം നടത്തുന്നത്. പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എത്രയും പെട്ടന്ന് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി
X

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്.

ഒറ്റയടിക്ക് വൈദ്യുതി നിരക്ക് 6.8 ശതമാനമാണ് വര്‍ധിപ്പിച്ചത്. കേന്ദ്ര ബജറ്റില്‍ മോദി പ്രെട്രോളിയം ഇന്ധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്കിന്റെ പേരിലുള്ള ഷോക്കടിപ്പിക്കല്‍. മഹാപ്രളയം കേരളത്ത വിഴുങ്ങിയതിന്റെ വാര്‍ഷികം അടുത്തുവരുകയാണ്. ഒരു വര്‍ഷമായിട്ടും ഭൂരിപക്ഷം ജനങ്ങളും അതില്‍ നിന്നും കരകയറിയിട്ടില്ല. അപ്പോഴാണ് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിന്ന് ജനങ്ങളെ പിഴിയുന്നത്.

കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിലൂടെ 25 ലക്ഷം രോഗികളെയും അവരുടെ നിരാലംബരായ കുടുംബങ്ങളെയും ദുരിതത്തിലാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ജനവിരുദ്ധ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നാളിതുവരെ പിന്തുടരുന്നത്. എല്ലാ അര്‍ത്ഥത്തിലും ജനദ്രോഹ സര്‍ക്കാരാണിത്. അതിസമ്പന്നന്‍മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ് സിപിഎമ്മും ബിജെപിയും ഭരണം നടത്തുന്നത്. പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എത്രയും പെട്ടന്ന് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it