Senior

വയസ്സുകാലത്തും ഉല്ലസിക്കാം; സീനിയര്‍ ലിവിങ് കേന്ദ്രങ്ങള്‍ കൂടുന്നു

വൃദ്ധ സദനങ്ങള്‍ക്കു പകരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉല്ല്ലസിക്കാനും താമസിക്കാനും കഴിയുന്ന സീനിയര്‍ ലിവിങ് കേന്ദ്രങ്ങളാണു വ്യാപിക്കുന്നത്

വയസ്സുകാലത്തും ഉല്ലസിക്കാം; സീനിയര്‍ ലിവിങ് കേന്ദ്രങ്ങള്‍ കൂടുന്നു
X

തിരുവനന്തപുരം: വയോധികരെ നടതള്ളുന്ന അനുഭവങ്ങള്‍ നിരന്തരം കേള്‍ക്കുന്ന മലയാളികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്‍മാരില്‍ നിന്ന് ഒരു ശുഭവാര്‍ത്ത. സേവനം മുന്‍നിര്‍ത്തി മുതിര്‍ന്നവര്‍ക്കു വേണ്ടി മുതല്‍മുടക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. വൃദ്ധ സദനങ്ങള്‍ക്കു പകരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉല്ല്ലസിക്കാനും താമസിക്കാനും കഴിയുന്ന സീനിയര്‍ ലിവിങ് കേന്ദ്രങ്ങളാണു വ്യാപിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പ്രോജക്ടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. നിക്ഷേപകരില്‍ കൂടുതല്‍ പ്രമുഖ പൗരന്‍മാരാണെന്നതും ശ്രദ്ധേയമാണ്. പദ്ധതികളെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്ന നിലയില്‍ കാണുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. പൊതുവെ ഇതിനൊന്നും ഒരു നിബന്ധനകളൊന്നുമില്ലെങ്കിലും പ്രവേശനത്തിനു മിനിമം പ്രായം 55-60 വയസ്സാണു കാണുന്നത്. ഓരോ കുടുംബത്തിനും ചെറിയ വില്ലയോ, ഫഌറ്റോ ആണ് ലക്ഷ്യമിടുന്നത്. ഭക്ഷണത്തിനും പൊതു സൗകര്യങ്ങള്‍ക്കും മാസം തോറും നിശ്ചിത തുക, പൊതു സൗകര്യങ്ങള്‍, ക്ലബ് ഹൗസ്, പ്രാര്‍ഥന മുറി, നഴ്‌സിങ് സ്‌റ്റേഷന്‍, ഹോം തിയേറ്റര്‍, ലൈബ്രറി, റസ്റ്റോറന്റ്, ജോഗിങ് ട്രാക്ക്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഡൈനിങ് ഹാള്‍, സെക്യൂരിറ്റി, ഹൗസ് കീപ്പിങ്, തുണി അലക്ക് തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. ആശുപത്രിയും ഷോപ്പിങ് സൗകര്യവും അടുത്താവണമെന്നാണു മറ്റൊരു നിബന്ധന. കാരണം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അസുഖം വരാമല്ലോ.മാത്രമല്ല, ബന്ധുക്കളോ മറ്റോ വന്നാല്‍ താമസിക്കാന്‍ മുറിയും ഒരുക്കുന്നുണ്ട്. നഴ്‌സിങ് സൗകര്യവും ഡോക്ടറും ഏര്‍പെടുത്തണം. മക്കള്‍ വിദേശത്തോ മറ്റോ ഉള്ളവരാണ് കൂടുതലായും ഈ പദ്ധതിയില്‍ വരുന്നത്. കിടപ്പിലായവരെ പ്രവേശിപ്പിക്കില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ താമസം തുടങ്ങിയ ശേഷം അസുഖം വന്നാല്‍ തിരിച്ചയക്കില്ല. വയോധികര്‍ക്ക് സൗഹൃദ ജീവിതമാണ് പ്രധാനം.




Next Story

RELATED STORIES

Share it