Emedia

സിപിഎം എന്തുകൊണ്ടാണ് ജമാഅത്തിനോടുള്ള കാര്‍ക്കശ്യം ആര്‍എസ്എസ്സിനോട് പുലര്‍ത്താത്തത് ?

സിപിഎം എന്തുകൊണ്ടാണ് ജമാഅത്തിനോടുള്ള കാര്‍ക്കശ്യം ആര്‍എസ്എസ്സിനോട് പുലര്‍ത്താത്തത് ?
X

തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് വേദി പങ്കിട്ടത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബിജെപി നേതാവ് കെ ജി മാരാരെക്കുറിച്ച് ജന്‍മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ 'കെ ജി മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ബ്രിട്ടാസ് പങ്കെടുത്തത്. ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ കെ ബാലറാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ കെ ജി മാരാരെ പുകഴ്ത്തി ബ്രിട്ടാസ് പ്രസംഗിച്ചതും സിപിഎമ്മിനെതിരേ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിയിട്ടുണ്ട്.

സിപിഎം- ആര്‍എസ്എസ്- ബിജെപി ബാന്ധവം ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ആര്‍എസ്എസ്സുമായുള്ള സിപിഎമ്മിന്റെ ബാന്ധവത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുകയാണ് എഴുത്തുകാരനായ മുഹമ്മദ് കിനാലൂര്‍. കോലീബി സഖ്യത്തെ അവസരം കിട്ടുമ്പോഴെല്ലാം വിമര്‍ശിക്കുന്ന സിപിഎം എന്തുകൊണ്ടാണ് ജമാഅത്തിനോടുള്ള കാര്‍ക്കശ്യം ആര്‍എസ്എസ്സിനോട് പുലര്‍ത്താത്തതെന്ന് അദ്ദേഹം ചോദിക്കുന്നു. ആര്‍എസ്എസ്സുമായി വേദി പങ്കിടുന്നതില്‍ ഇപ്പോള്‍ ഈ വിലക്ക് പാര്‍ട്ടിയിലില്ല എന്നുതന്നെയാണ് മനസ്സിലാവുന്നത്. കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതാക്കളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ബ്രിട്ടാസെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട്ടെ ഒരു കെഎല്‍എഫ് വേദി. സിപിഎം നേതാവ് പി ജയരാജനും ജമാഅത്തെ ഇസ്‌ലാമി നേതാവ് സി ദാവൂദും പങ്കെടുക്കുന്ന ഒരു സെഷന്‍. പി ജെ അല്പം വൈകിയാണ് സെഷനില്‍ ജോയിന്‍ ചെയ്തതെന്നാണ് എന്റെ ഓര്‍മ. അവിടെ അദ്ദേഹം പറഞ്ഞ ഒരു കാര്യം, ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി ഈ ചര്‍ച്ചയിലുണ്ട് എന്നറിഞ്ഞിരുന്നെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നു എന്നാണ്.

ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കൊപ്പം (ആര്‍എസ്എസ്സുകാര്‍ക്കൊപ്പവും) വേദി പങ്കിടരുതെന്നാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്നറിയില്ല. പക്ഷേ, ആര്‍എസ്എസ്സുമായി വേദി പങ്കിടുന്നതില്‍ ഇപ്പോള്‍ ഈ വിലക്ക് പാര്‍ട്ടിയിലില്ല എന്നുതന്നെയാണ് മനസ്സിലാവുന്നത്. അതുകൊണ്ടാണല്ലോ സിപിഎം എം പി ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം ബിജെപി നേതാവും കോലീബി സഖ്യത്തിന്റെ ഉപജ്ഞാതവുമായിരുന്ന കെ ജി മാരാരെക്കുറിച്ച് ജന്‍മഭൂമി എഡിറ്റര്‍ എഴുതിയ പുസ്തകം പ്രകാശിപ്പിക്കാന്‍ പോയത്. അവിടെ നടത്തിയ പ്രസംഗം എംപി തന്റെ എഫ്ബി പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവിടെ എന്ത് പറഞ്ഞു എന്നതല്ല, ഒരു മാര്‍ക്‌സിസ്റ്റ് എംപി എന്തിന് പങ്കെടുത്തു എന്നതാണ് എന്നെ അലോസരപ്പെടുത്തുന്ന കാര്യം.

ആ ചോദ്യത്തിന് ബ്രിട്ടാസിന്റെ പ്രസംഗം ഒരു ഉത്തരമല്ല. ജമാഅത്തും ആര്‍എസ്എസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നിരന്തരം പ്രസംഗിക്കുന്ന, കോലീബി സഖ്യത്തെ അവസരം കിട്ടുമ്പോഴെല്ലാം വിമര്‍ശിക്കുന്ന സിപിഎം എന്തുകൊണ്ടാണ് ജമാഅത്തിനോടുള്ള കാര്‍ക്കശ്യം ആര്‍എസ്എസ്സിനോട് പുലര്‍ത്താത്തത് ? കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതാക്കളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ബ്രിട്ടാസ്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടാക്കിയെടുത്ത ബന്ധമാവാം.

പക്ഷേ, ഒരു മാര്‍ക്‌സിസ്റ്റ് എംപി എന്ന നിലക്ക് കാണിക്കേണ്ട സൂക്ഷ്മത ഇവിടെ അദ്ദേഹത്തില്‍നിന്നുണ്ടായില്ല എന്നുറപ്പാണ്. അതോ ഇനി ഇതൊക്കെ തന്നെയാവുമോ ബ്രിട്ടാസിന്റെ നിയോഗലക്ഷ്യം ? (ഈ പുസ്തകം ഒക്ടോബറില്‍ വയനാട്ടില്‍ വി മുരളീധരന്‍ പ്രകാശനം ചെയ്തതാണ്. ഫോട്ടോ കമന്റ് ബോക്‌സിലുണ്ട്. അതേ പുസ്തകമാണ് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് വീണ്ടും പ്രകാശിപ്പിച്ച് ശ്രീധരന്‍പിള്ളയും ബ്രിട്ടാസും സായൂജ്യമടഞ്ഞത്).

Next Story

RELATED STORIES

Share it