Emedia

ഇവിടെയാണോ നിങ്ങള്‍ തുരക്കാന്‍ പോകുന്നത്?

ഇവിടെയാണോ നിങ്ങള്‍ തുരക്കാന്‍ പോകുന്നത്?
X

അഭിലാഷ് പടച്ചേരി

കോഴിക്കോട്: പഞ്ചായത്തുകളില്‍ പോലും വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യുകയൊ ഗ്രാമസഭ വിളിച്ചു കൂട്ടി ജനങ്ങളില്‍ നിന്ന് അനുമതി വാങ്ങുകയൊ ചെയ്യാതെ വയനാട്ടില്‍ തുരങ്കപാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. കിലോമീറ്ററിന് 95 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ അഭിലാഷ് പടച്ചേരി തന്റെ എഫ് ബി പോസ്റ്റില്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവവസം മറിപ്പുഴ, ആനക്കാംപൊയില്‍ തുടങ്ങിയ കോഴിക്കോടിന്റെ മലയോര മേഖലയില്‍ ഒരു ചെറിയ യാത്ര നടത്തിയിരുന്നു. അത്രയേറെ കൊതിപ്പിക്കുന്ന മേഖലയാണ് മുത്തപ്പന്‍പുഴയും മറിപ്പുഴയും... ഒരു ഭാഗത്ത് ക്രിസ്ത്യന്‍ കുടിയേറ്റ കുടുംബങ്ങളും മറ്റൊരു ഭാ?ഗത്ത് ആദിവാസികളുമാണ് ഇവിടെ ജീവിച്ചുപോരുന്നത്. പണിയ സമുദായത്തിലുള്ള ആദിവാസികളാണ് ഇവിടെയുള്ളവര്‍. മുത്തപ്പന്‍പുഴയിലേയും മറിപ്പുഴയിലേയും ആദിവാസി ഊരുകളില്‍ സായുധരായ മാവോയിസ്റ്റുകള്‍ വന്നുപോകുന്നുണ്ടെന്ന വാര്‍ത്തകള്‍ നിരവധി തവണ പത്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും കോണ്‍ഗ്രസിനും കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ കൃത്യമായ സ്വാധീനം ഉണ്ട് താനും. ഇത്രയും പറഞ്ഞത് അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവിടെയുള്ള സ്വാധീനം സൂചിപ്പിക്കാനാണ്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന ആനക്കാംപൊയില്‍കള്ളാടി മേപ്പാടി തുരങ്കപാത 8.11കിമി ദൈര്‍ഘ്യമുള്ള ഏകദേശം 2000കോടി രൂപ ചിലവില്‍ 84 ഏക്കര്‍ വനഭൂമിയും മറ്റൊരു 34 ഏക്കര്‍ വനേതരഭൂമിയും വേണ്ടിവരുമെന്നാണ് പ്രോജക്റ്റ് അനുമതി കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയത്തിലേക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ഇത്തരത്തില്‍ ആകെ ലഭിക്കുന്നതാകട്ടെ 209 സ്ഥിരം തൊഴിലവസരവും 407താത്കാലിക തൊഴില്‍ ദിനങ്ങളും മാത്രമാണ്. ആവശ്യമായ യാതൊരു നിയമസാധുതയും പഠനങ്ങളും നടത്തുന്നതിനു മുമ്പാണ് പദ്ധതിയ്ക്ക് സര്‍വ്വേയടക്കം നടന്നത്. ഈ തുരങ്കപ്പാതയുടെ തുടക്കം മറിപ്പുഴയാണ്.കേരളത്തിലെ, പ്രത്യേകിച്ച് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ജൈവ വൈവിധ്യത്തിന്റെയും കാലാവസ്ഥ സ്ഥിരതയുടെയും നീരുറവകളുടെയും പ്രഭവകേന്ദ്രവും കാവല്‍മലയുമായ പശ്ചിമഘട്ടമെന്ന് പൊതുവില്‍ പറയുന്ന ചെമ്പ്രമല, വെള്ളരിമല, തൊള്ളായിരംകണ്ടി, വാവുല്‍മല തുടങ്ങിയ മലഞ്ചെരിവുകളെയും തുരന്നു നിര്‍മ്മിക്കുന്ന 8.5 കി.മീ. നീളം വരുന്ന ആനക്കാംപൊയില്‍കള്ളാടിമേപ്പാടി തുരങ്കപ്പാത വയനാടിന്റെ കാലാവസ്ഥഭൂ സ്ഥിരതയ്ക്ക് തുരങ്കം വയ്ക്കുക മാത്രമാണ് ചെയ്യുന്നത്.മൊത്തം 53 ഹെക്ടറോളം ഭൂമി ആവശ്യമായ പദ്ധതിയില്‍ 34.31 ഹെക്ടറും വനഭൂമിയാണെന്ന് മാത്രമല്ല അതില്‍ത്തന്നെ 19.24 ഹെക്ടര്‍ വനഭൂമി അതീവ പരിസ്ഥിതി ലോല മേഖലയായ വയനാട് സൗത്ത് ഡിവിഷനില്‍ത്തന്നെയാണെന്നതും നിസ്സാരമല്ല. പല കാര്യങ്ങളും പദ്ധതി പ്രദേശം ഉള്‍ക്കൊള്ളുന്ന പഞ്ചായത്തുകളില്‍ പോലും വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യുകയോ ഗ്രാമസഭ വിളിച്ചു കൂട്ടി ജനങ്ങളില്‍ നിന്ന് അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല. അപ്പോഴും കിലോമീറ്ററിന് 95 കോടി രൂപ ചെലവല് കണക്കാക്കുന്ന തുരങ്കപ്പാത നിര്‍മ്മാണവുമായി മുന്നോട്ട് പോകാനുള്ള ഏകപക്ഷീയ തീരുമാനത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ്.

ഭൂരഹിത കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കാര്‍ഷികവൃത്തിയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഈ മേഖലയിലൂടെ ഈ തുരങ്കപ്പാത വരുമ്പോള്‍ മുത്തപ്പന്‍പുഴയിലെ പണിയ ആദിവാസി ഊര് പൂര്‍ണമായും കുടിയൊഴിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. അവരോട് സംസാരിച്ചതില്‍ നിന്ന് മനസിലായത്, ഈ പദ്ധതിയെ കുറിച്ച് അവര്‍ക്കിടയില്‍ ഒരു വിവരവും ആരും ധരിപ്പിച്ചില്ല എന്നതാണ്. 2000 ത്തിന് ശേഷം പശ്ചിമഘട്ടം കേന്ദ്രീകരിച്ച് വയനാട്ടില്‍ നടന്നിട്ടുള്ള മുഴുവന്‍ പഠനങ്ങളും അതീവ അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ നടക്കുന്ന ചെറിയൊരു ഇടപെടല്‍ പോലും വലിയ ദുരന്തത്തെ വിളിച്ചു വരുത്തുമെന്ന് തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളിലെ സാധാരണക്കാര്‍ക്കും ഭൂരഹിത കര്‍ഷകകര്‍ഷകത്തൊഴിലാളികള്‍ക്കും അവരുടെ വരുമാനത്തെ ആശ്രയിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്കും മാത്രമല്ല സര്‍വ്വജീവജാലങ്ങള്‍ക്കും നിലനില്‍പ്പിന് ഭീഷണിയാണ്.

വയനാടിനും കോഴിക്കോടിനും വന്‍ദുരന്തമായി മാറുന്ന തുരങ്കപ്പാതയെ വികസനത്തിലേക്കു 'രക്ഷപ്പെടാനുള്ള അവസാന വണ്ടി' എന്ന നിലയില്‍ അവതരിപ്പിച്ച് വിലയിടിവും കാലാവസ്ഥ വ്യതിയാനം, വന്യമൃഗശല്ല്യം, ഭൂരാഹിത്യം എന്നിവയ്ക്ക് പുറമെ കൊവിഡ് മഹാമാരികളും പ്രളയക്കെടുതികളും തൊഴിലില്ലായ്മയും കൊണ്ട് ജീവിതം വഴിമുട്ടിയ പ്രദേശവാസികള്‍ക്ക് മുന്നില്‍ ഇന്നിത് മാത്രമാണ് ഏക മാര്‍ഗ്ഗമെന്ന് വിശ്വസിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളെ മറച്ച് പിടിക്കുകയാണ്. ഇതേ സാഹചര്യം മുതലെടുത്ത് പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്.

ഈ അനുമതി നല്‍കുന്നതിന് രണ്ടാഴ്ച്ച മുമ്പ് നടന്ന അതിതീവ്രമഴയില്‍ തുരങ്കം നിര്‍മിക്കാന്‍ പോകുന്ന വെള്ളരിമലയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ അത്രയും ജീവനുകള്‍ ഇന്നും ഈ മണ്ണില്‍ ജീവിക്കുന്നു.

എന്നാല്‍ മാധ്യമങ്ങളില്‍ ഒന്നും തന്നെ അതിന്റെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കാരണം ഇത്തരം നിയോലിബറല്‍ പദ്ധതികളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നവരാണ് ഇവിടത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും.

കാര്‍ഷികവൃത്തികളടക്കമുള്ള പരമ്പരാഗത തൊഴില്‍ സാഹചര്യം നഷ്ടമാകുന്നു എന്നത് മാത്രമല്ല, വയനാടിന്റെ ഭൂരിഭാഗം ഉറവുകളുടെയും നിര്‍ച്ചാലുകളുടെയും ഉദ്ഭവം മാത്രമല്ല ചാലിയാര്‍, ഇരുവരിഞ്ഞിപ്പുഴ, മറിപ്പുഴ അടക്കമുള്ള പുഴകളുടെയും പ്രഭവസ്ഥാനമായ ചെമ്പ്രമല, വെള്ളരിമല, വാവുല്‍മല, തൊള്ളായിരം കണ്ടി വനമേഖല എന്നിവയുടെ ജൈവ പ്രകൃതിയില്‍ വരുന്ന മാറ്റം ഏറെ വലുതായിരിക്കും. എന്നാലും ഒരു രാഷ്ട്രീയ സംഘടനകളും, പ്രതിപക്ഷമായ കോണണ്‍?ഗ്രസ് പോലും ഈ പദ്ധതിക്ക് പ്രാദേശികമായി അനുകൂലമാണ്. ഇത്തരം പദ്ധതികളെ തുറന്നെതിര്‍ക്കുന്ന മാവോയിസ്റ്റുകളാകട്ടെ പദ്ധതി പ്രഖ്യാപിച്ച ശേഷം ഇതുവഴി വന്നിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പദ്ധതിയുടെ മറവിലൂടെ മേഖലയില്‍ സായുധ സേനയുടെ വിന്യാസത്തിന്റെ തോതും വര്‍ധിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.

ഡിപിആര്‍ വിരങ്ങള്‍ക്ക് കടപ്പാട്: വയനാട് തുരങ്കപ്പാത വിരുദ്ധ സമിതി

Next Story

RELATED STORIES

Share it