Emedia

'കുഴിമന്തി' മലയാളത്തെ മലിനമാക്കുന്നുവെന്ന് വി കെ ശ്രീരാമന്‍; നടനെ എയറിലാക്കി സാമൂഹികമാധ്യമങ്ങള്‍

കുഴിമന്തി മലയാളത്തെ മലിനമാക്കുന്നുവെന്ന് വി കെ ശ്രീരാമന്‍; നടനെ എയറിലാക്കി സാമൂഹികമാധ്യമങ്ങള്‍
X

കോഴിക്കോട്: 'കുഴിമന്തി' ആ പേരുകൊണ്ട് മലയാളത്തെ മലിനമാക്കുന്ന വാക്കാണെന്ന് നടന്‍ വി കെ ശ്രീരാമന്‍. ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

''ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്.

പറയരുത്, കേള്‍ക്കരുത്, കാണരുത്, കുഴിമന്തി''- ഇതായിരുന്നു ശ്രീരാമന്റെ പോസ്റ്റ്.

എഴുത്തുകാരായ ശാരദക്കുട്ടി, സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ ശ്രീരാമനെ പിന്തുണച്ചു. അതിനെതിരേയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ശാരദക്കുട്ടി ഭാരതക്കുട്ടി

''കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല .മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി impressive ആയാലേ കഴിക്കാന്‍ പറ്റൂ''-ശാരദക്കുട്ടി ഭാരതക്കുട്ടി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ·

റമീശ് ചിത്തിയാര

'പേരിന്റെ തുമ്പത്ത് 'വര്‍മ്മ' ഉള്ളത് കൊണ്ട് മാത്രം നിരോധന ആഹ്വാനത്തില്‍ നിന്ന് രക്ഷപ്പെട്ട പാവം വിദേശി'യെന്ന് റമീശ് ചിത്തിയാര തന്റെ പോസ്റ്റില്‍ പരിഹസിച്ചു.

എം സി അബ്ദുള്‍ നാസര്‍

എം സി അബ്ദുള്‍ നാസറിന്റെ പോസ്റ്റ് ഇങ്ങനെ: ''കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന് വി.കെ.ശ്രീരാമന്‍ ആവശ്യപ്പെടുന്നു. ആ വാക്കും വസ്തുവും 'വെടക്കാ'ണെന്നാണ് വിശദീകരണം. 'വെടക്കാ'യ വാക്ക് ഭാഷയിലേക്ക് വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതത്രെ. വാക്കുകളെ പുറത്താക്കിയുള്ള ഈ കളി പുതിയതല്ല.മലയാളത്തിലെ ലിറ്റററി മോഡേണിറ്റി വികസിക്കുന്ന കാലത്ത് ഭാഷയെ സ്റ്റാന്‍ഡേഡൈസ് ചെയ്യുന്നതിന്റെ ഭാഗമായി, കേരളത്തിന്റെ കീഴാളജീവിതപാരമ്പര്യത്തില്‍ നിന്നുള്ള ഒട്ടേറെ വാക്കുകളെ തമ്പുരാക്കന്‍മാര്‍ പുറത്താക്കിയിട്ടുണ്ട്. നല്ല മലയാളം വിശദീകരിച്ചു കൊണ്ട് എ.ആര്‍.രാജരാജവര്‍മ്മ എഴുതുന്നതിങ്ങനെ.' എല്ലാ സമുദായങ്ങളിലും വിഭവം, സ്ഥാനമാനം, അവസ്ഥ, മുതലായവയിലുള്ള വ്യത്യാസം കൊണ്ട് ഉയര്‍ന്നവര്‍ എന്നും താഴ്ന്നവര്‍ എന്നും സംഘഭേദം ഉണ്ടല്ലോ. ഈ ഭേദം അതതു സംഘക്കാര്‍ ഉപയോഗിക്കുന്ന ഭാഷയിലുമുണ്ട്. ചില പദങ്ങളും വാചകങ്ങളും എളിയോരുടെ ഇടയില്‍ മാത്രം പ്രചാരമുള്ളവയായിട്ടുണ്ട്.ഇവയാണ് നീചം എന്ന വിഭാഗത്തിലുള്‍പ്പെടുന്നത്. .... പ്രൗഢിയേറിയ സംഗതികളില്‍ നീചഭാഷ അത്യന്തം ദോഷകരമായിരിക്കും.' നീചം, ഗ്രാമ്യം, അസഭ്യം, എന്നൊക്കെയുള്ള പേരുകളില്‍ തമ്പുരാന്‍മാര്‍ എടുത്തു പുറത്തു കളഞ്ഞ വാക്കുകള്‍ ഇന്നാട്ടിലെ സവിശേഷാവകാശങ്ങളില്ലാത്ത മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടവയായിരുന്നു. എളിയോരുടെ ഒരു വാക്ക് എന്നാല്‍ ഒരു വസ്തുവിനെക്കുറിക്കാന്‍ ഉയര്‍ന്നവര്‍ ഉപയോഗിക്കുന്ന വാക്കിന്റെ ബദല്‍ വാക്ക് എന്നല്ല മനസ്സിലാക്കേണ്ടത്.മറിച്ച് ഉയര്‍ന്നവരില്‍ നിന്ന് വേറിട്ട ഒരു ജീവിതബോധത്തിന്റേയും അനുഭൂതി ലോകത്തിന്റേയും നിര്‍മിതിയും പ്രകാശനവുമാണത്. അവയെ തള്ളിക്കളഞ്ഞപ്പോള്‍ ഒരു ജനതയെ അവരുടെ മാതൃഭാഷയില്‍ നിന്ന് തള്ളിപ്പുറത്താക്കുക കൂടിയാണ് ചെയ്തത്.

കുഴിമന്തിയോടുള്ള ഈ അലര്‍ജിക്കു പിന്നില്‍ ആ വാക്ക് ഉണര്‍ത്തുന്ന ഫീല്‍ ആണെന്ന് ശ്രീരാമന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ചിലര്‍ പറയുന്നുണ്ട്.മന്തി ഒരു യെമന്‍ ഭക്ഷണമാണെങ്കിലും അത് നമ്മുടെ ഭാഷയില്‍ മറ്റൊരര്‍ത്ഥത്തിലുള്ള വാക്കാണ്. നമുക്ക് മന്തി എന്നാല്‍ കരിങ്കുരങ്ങ് എന്നാണര്‍ത്ഥം. ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ കരിമന്തികളായി വിഭാവനം ചെയ്യപ്പെട്ട ഒരു കാലം നമ്മുടെ ഇതിഹാസഭാവനകളിലുണ്ട്. 'ബുദ്ധി കുറഞ്ഞ ആള്‍' എന്ന അര്‍ത്ഥത്തിലും ആ വാക്കുണ്ട്. അര്‍ത്ഥം വരുന്നത് കുരങ്ങില്‍ നിന്നു തന്നെയാവണം. അബോധത്തില്‍ കിടക്കുന്ന അധീശചിന്ത വാക്കിനോടുള്ള അലര്‍ജിയായി മാറുന്നത് ഇങ്ങനെയൊക്കെയാണ്''.

ഓഗസ്റ്റ് സെബാസ്റ്റിയന്‍

'തമസിക്' ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാ?ഗവത് പ്രസംഗിച്ച ദിവസം തന്നെ കുഴിമന്തിയെന്ന പേര് നിരോധിച്ച് മലയാളഭാഷയെ 'മാലിന്യമുക്ത'മാക്കാനുള്ള ആഗ്രഹം വി.കെ ശ്രീരാമന്‍ പ്രകടിപ്പിച്ചത് യാദൃച്ഛികം തന്നെയാവാം. പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ വംശാധീശവാദ പ്രസ്ഥാനങ്ങളിലൊന്നിന്റെ പരമോന്നത നേതാവ് 'ഇരുണ്ട' (തമസിക്) ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതിനെക്കുറിച്ച് പറഞ്ഞ ദിവസം ഒടുങ്ങുന്നതിന് മുന്‍പ് വി.കെ ശ്രീരാമന്‍ ഭാഷയെയും സംസ്‌കാരത്തെയും രക്ഷിക്കുന്നതിനായി നിരോധിക്കേണ്ട വാക്കുക്കളെക്കുറിച്ച് പറഞ്ഞു എന്നത് യാദൃച്ഛികമല്ല. അവ രണ്ടും സമാനമായ മേന്‍മാബോധത്തില്‍ നിന്ന് ഉളവാകുന്ന ചിന്തകളാണ്. കുഴിമന്തിയെന്ന വാക്ക് മലയാളഭാഷയെ 'മലിന'മാക്കുന്നു എന്ന തോന്നല്‍ അയാളില്‍ ഉടലെടുക്കുന്നത് കേവലം മാംസഭക്ഷണത്തോടുള്ള വിരോധത്തില്‍ നിന്നല്ല. മറിച്ച് എഴുതി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് 'തമസി'ക് ആയ ഒരു അന്തരീക്ഷം ഉരുവാക്കുന്നു എന്ന വിശ്വാസത്തില്‍ നിന്നാണ്. തൈര് സാദം എന്ന് പരസ്യമായി എഴുതിക്കണ്ടാല്‍ അയാള്‍ക്ക് അത്രയും അറപ്പ് തോന്നാന്‍ ഇടയില്ലാത്തത് ആ വിശ്വാസത്തിന്റെ അടിസ്ഥാനം ആ മേന്‍മാവാദമാണ് എന്നതിനാലാണ്. പക്ഷേ ഇത്തരം നിരോധനങ്ങള്‍ നടപ്പാക്കാന്‍ തനിക്ക് ഒരു ഏകാധിപതിയാവേണ്ടിവരുമെന്ന് വി.കെ ശ്രീരാമന് അറിയാം'-ഓഗസ്റ്റ് സെബാസ്റ്റിയന്‍ തന്റെ പോസ്റ്റില്‍ ശ്രീരാമന്റെ പോസ്റ്റിനെയും ആര്‍എസ്എസ്സ് നേതാവ് മോഹന്‍ ഭാഗവത്തിനെയും ബന്ധപ്പെടുത്തി.

Next Story

RELATED STORIES

Share it