Emedia

'പ്രിയപ്പെട്ട യൂസഫ് ഭായ്, മാധ്യമ ശ്രദ്ധ കിട്ടുന്ന വിഷയങ്ങളില്‍ മാത്രം മനുഷ്യസ്‌നേഹി ആയാല്‍ പോര'

ആളും തരവും പണവും പെരുമയും നോക്കി മാധ്യമ ശ്രദ്ധ കിട്ടുന്ന വിഷയങ്ങളില്‍ മാത്രം മനുഷ്യസ്‌നേഹി ആയാല്‍ പോര.തന്റേതല്ലാത്ത കാരണത്താല്‍ ജയില്‍വാസം അനുഭവിക്കുന്ന പാവങ്ങളുടെ ജയില്‍മോചനത്തിനും താങ്കളുടെ പരിശ്രമം ഉണ്ടാകണം. യൂസഫ് അലിയുടെ കമ്പനിയില്‍ പത്ത് വര്‍ഷം ജോലി ചെയ്ത എസ് എം അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയപ്പെട്ട യൂസഫ് ഭായ്,  മാധ്യമ ശ്രദ്ധ കിട്ടുന്ന വിഷയങ്ങളില്‍ മാത്രം മനുഷ്യസ്‌നേഹി ആയാല്‍ പോര
X

പ്രിയപ്പെട്ട യൂസഫ് ഭായ്,

താങ്കളുടെ കമ്പനിയില്‍ പത്ത് വര്‍ഷം ജോലിചെയ്ത ഒരാളാണ് ഞാന്‍. ഒരുപാട് സ്വപ്നങ്ങളുമായി രണ്ട് വര്‍ഷത്തിന് ശേഷം കിട്ടിയ ആദ്യ അവധിക്ക് നാട്ടിലേക്ക് വരുമ്പോള്‍ എന്റേതല്ലാത്ത കാരണത്താല്‍ പത്ത് ദിവസം അല്‍ഐന്‍ ജയിലില്‍ കിടക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാന്‍. ചെക്ക് കേസൊന്നുമല്ലട്ടോ. എന്റെ അതേപേരിലുള്ള ഒരാളെ എമിഗ്രേഷന്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തതിനാല്‍ ഞാനും കുടുങ്ങിയെന്ന് മാത്രം.പ്രതി ഞാനല്ല എന്ന് തെളിയിക്കാന്‍ ഒരു ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്റെ കാര്യമേ ഉണ്ടായിരുന്നുള്ളു.എം.കെ ഗ്രൂപ്പിന്റെ പോലീസായ മൂത്താപ്പയും PROമാരും ശ്രമിച്ചിട്ടും പത്താം ദിവസമാണ് പുറത്തിറങ്ങിയത്.അന്നും താങ്കള്‍ പ്രവാസികളുടെ അപ്രഖ്യാപിത അംബാസഡര്‍ തന്നെയായിരുന്നു.താങ്കളുടെ സ്വാധീനം ഉപയോഗിച്ച് പോലീസ് മേധാവികളെ ഒന്ന് വിളിച്ചു പറഞ്ഞാല്‍ തീര്‍ക്കാവുന്ന കേസേ ഉണ്ടായിരുന്നുള്ളു.ഇതുപോലൊരു ആഗസ്റ്റ് മാസത്തിലെ പൊള്ളുന്ന ചൂടില്‍ പട്ടാണികളുടെയും ബംഗാളികളുടെയും മിസ്രികളുടെയും സുഡാനികളുടെയും കൂടെ ഇടുങ്ങിയ ജയില്‍ മുറിയില്‍ വിയര്‍ത്ത് കുളിച്ച് കഴിയാനായിരുന്നു യോഗം.അതെന്റെ വിധിയെന്ന് പറഞ്ഞാണ് താങ്കള്‍ എന്നെ ആശ്വസിപ്പിച്ചത്. ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ സംഭവം വീണ്ടും ഓര്‍ത്തത് താങ്കളുടെ ഇന്നലത്തെ സദ് പ്രവര്‍ത്തിയാണ് .

ഇരുപത് കോടിയുടെ വണ്ടി ചെക്ക് കേസില്‍ അകത്തായ തുഷാര്‍ വെള്ളാപ്പള്ളിയെ രണ്ട് കോടിയോളം രൂപ ജാമ്യത്തുക കെട്ടിവെച്ച് ജയില്‍ മോചിതനാക്കിയതിന് ഇന്നലെ വരെ താങ്കളെ പ്രശംസിച്ചവര്‍ കല്ലെറിയുകയാണ്.പ്രളയം നാശം വിതച്ച കേരളത്തിലെ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി താങ്കള്‍ പ്രഖ്യാപിച്ച അഞ്ച് കോടിയുടെ സഹായം കേരളം മറന്നു. വാഹനാപകടത്തില്‍ മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന് നല്‍കിയ പത്തുലക്ഷം രൂപയുടെ സഹായവും ജനങ്ങള്‍ മറന്നു.കടബാധ്യതമൂലം ആത്മഹത്യയുടെ വക്കിലെത്തിയ കുടുംബങ്ങളുടെ ബാങ്ക് ജപ്തി ഒഴിവാക്കി കൊടുത്തതും ലക്ഷങ്ങളുടെ ചികില്‌സ ചെലവ് താങ്ങാന്‍ കഴിയാത്തവരെ സഹായിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തികളെല്ലാം എല്ലാവരും മറന്നു.കാലങ്ങളായി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സംഘടനകള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നേതാക്കന്മാര്‍ക്കും കോടികള്‍ സഹായിച്ചതൊക്കെ മലയാളി ഒരൊറ്റ ദിവസംകൊണ്ട് മറന്നു.എന്താണ് കാരണമെന്ന് താങ്കള്‍ ആലോചിട്ടുണ്ടോ?

തുഷാറിന്റെ കാര്യത്തിലെടുത്ത താല്‍പര്യം അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ ഉണ്ടാകാത്തതിനാലാണ് താങ്കള്‍ക്കെതിരെ ഇത്ര പ്രതിഷേധം.ആളും തരവും പണവും പെരുമയും നോക്കി മാധ്യമ ശ്രദ്ധ കിട്ടുന്ന വിഷയങ്ങളില്‍ മാത്രം മനുഷ്യസ്‌നേഹി ആയാല്‍ പോര.തന്റേതല്ലാത്ത കാരണത്താല്‍ ജയില്‍വാസം അനുഭവിക്കുന്ന പാവങ്ങളുടെ ജയില്‍മോചനത്തിനും താങ്കളുടെ പരിശ്രമം ഉണ്ടാകണം.ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ജോലിക്കാര്‍ക്ക് കോടികള്‍ സഹായിക്കുന്നതിനോടൊപ്പം,സാധാരണക്കാരായ ജോലിക്കാരുടെ ആവശ്യങ്ങളും കൂടി പരിഗണിക്കണം. അടിയന്തിരമായ സഹായങ്ങള്‍ക്കായി താങ്കളെ കാണാനുള്ള അനുവാദം നിഷേധിക്കുന്ന മാനേജര്‍മാരുടെ നടപടിമൂലം അര്‍ഹരായ എത്ര പാവങ്ങളാണ് നിരാശരായി മടങ്ങുന്നത്.അവരെ കാണാനും കേള്‍ക്കാനും പരിഗണിക്കാനും സമയം കണ്ടെത്തണം. സമ്പന്നരുടെ പട്ടികയിലും ദാനശീലരുടെ പട്ടികയിലും ഒന്നാമനായിരിക്കുന്ന താങ്കളുടെ സഹായം അര്‍ഹരായവരിലേക്ക് എത്തുമ്പോള്‍ ജന മനസ്സുകളിലും ദൈവ സന്നിധിയിലും താങ്കള്‍ ഒന്നാമനാകും.

പ്രാര്‍ത്ഥനയോടെ...എസ്.എം.അന്‍വര്‍.


Next Story

RELATED STORIES

Share it