Emedia

മുലായം സിങ് യാദവ്: വരേണ്യരാഷ്ട്രീയത്തെ ചോദ്യം ചെയ്ത ദേശീയ നേതാവ്

മുലായം സിങ് യാദവ്: വരേണ്യരാഷ്ട്രീയത്തെ ചോദ്യം ചെയ്ത ദേശീയ നേതാവ്
X

കെ കെ ബാബുരാജ്

കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തില്‍ മുലായം സിങ് യാദവിനെ സ്ഥാനപ്പെടുത്തുകയാണ് കെ കെ ബാബുരാജ്. ഇന്ത്യയിലെ പിന്നോക്ക സോഷ്യലിസ്റ്റ് ധാരകളില്‍ നിന്നും ഉയര്‍ന്നുവരുകയും ദേശീയരാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത സ്ഥാനം കൈയാളുകയും ചെയ്ത പൊതുവ്യക്തിത്വമായി മുലായം സിങ് യാദവ് സ്മരിക്കപ്പെടുമെന്ന് അദ്ദേഹം കണക്കാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മുലായം സിങ് യാദവ് അന്തരിച്ചു. എണ്‍പതുകളോടെ ഇന്ത്യയൊട്ടാകെ സാംസ്‌കാരിക ദേശീയവാദത്തിനു പുതിയ തരത്തിലുള്ള സ്വീകാര്യത കിട്ടുകയുണ്ടായി. ഇതിനു കാരണം സ്വാതന്ത്രത്തിനുശേഷം എപ്പോഴും ആവര്‍ത്തിക്കുന്ന ദലിത് കൂട്ടക്കൊലകള്‍, മുസ് ലിംകള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, അധികാരത്തിന്റെ സര്‍വ്വതലങ്ങളിലും തഴച്ചുവളര്‍ന്ന അഴിമതി, ദയാശൂന്യമായ ബൂറോക്രസി എന്നിവ മൂലം നിലനില്‍ക്കുന്ന മതേതര ഭരണവര്‍ഗത്തിന്റെ ബഹുജന സ്വീകാര്യതക്ക് ഇടിവ് സംഭവിച്ചതാണ്.

ഈ ഭരണവര്‍ഗം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സ്വന്തം ജനാധിപത്യവിരുദ്ധമുഖം വെളിപ്പെടുത്തുകയും ചെയ്തു. അടിയന്തിരാവസ്ഥയെ ദേശീയമായി പ്രതിരോധിച്ചതാണ് ഹിന്ദുത്വശക്തികള്‍ക്കും സാംസ്‌കാരികേദശീയ വാദത്തിനും പുതുതായി സ്വീകാര്യത കിട്ടാന്‍ സഹായകരമായത്. സാംസ്‌കാരിക ദേശീയ വാദത്തിന്റെയും ഹിന്ദുത്വത്തിന്റെയും രാഷ്ട്രീയധ്വനികള്‍ സമൂഹത്തിലെ ഉപരി മധ്യമ വിഭാഗങ്ങളെ ശക്തമായി സ്വാധീനിച്ചപ്പോള്‍; ഇന്ത്യയിലെ അപര, അവര്‍ണ്ണ, സോഷ്യലിസ്റ്റ്, അംബേദ്കറൈറ്റ് ധാരകളും സമാന്തരമായി സജീവമാകാന്‍ തുടങ്ങി.

ഇതേ സമയം ഇന്ത്യയിലെ ലിബറലുകളും വരേണ്യ മാര്‍ക്‌സിസ്റ്റുകളും മേല്‍പ്പറഞ്ഞ രണ്ടു ധാരകളെയും തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. അവര്‍ ഹിന്ദുത്വമുന്നേറ്റങ്ങളെ ഭൂരിപക്ഷവര്‍ഗീയതയായും സമാന്തരമായ കീഴാള സാമൂഹിക ചലനങ്ങളെ ന്യൂനപക്ഷവര്‍ഗീയതയായും കണ്ടു. ഈ രണ്ടു വര്‍ഗീയത മൂലവും മതേതരത അപകടത്തിലായെന്നും പണ്ടേ പടിയിറങ്ങിപോയ ജാതിയും മതവും മടങ്ങിവന്നു ദേശത്തിന്റെ ഐക്യത്തെ തകര്‍ക്കുകയാണെന്നും അവര്‍ സിദ്ധാന്തിച്ചു.

ഇതില്‍ രണ്ടാമത്തെ ധാരയെ പ്രതിനിധാനം ചെയ്ത രാഷ്ട്രീയവ്യക്തിത്വമാണ് മുലായം സിങ് യാദവ്. മൂന്നു പ്രാവിശ്യം യുപി മുഖ്യമന്ത്രിയായ അദ്ദേഹത്തെ ഹിന്ദുത്വ വാദികള്‍ വിളിച്ചിരുന്നത് 'മുല്ലയാം സിങ് 'എന്നായിരുന്നു. അദ്ദേഹവും കാന്‍ഷിറാമിന്റെ സംഘടനയുമായി ഉണ്ടായ ഐക്യം ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഒരു കാലത്തു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ദലിത് പിന്നോക്ക ന്യൂനപക്ഷ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ ഭിന്നിപ്പുകളും ഒരുമ ഇല്ലായ്മകളും മാത്രമല്ല, വരേണ്യ ചേരികളില്‍ നിന്നുള്ള കുത്തിത്തിരുപ്പുകളും ഒറ്റതിരിക്കലും ഈ രാഷ്ട്രീയത്തിന്റെ ഗതിവേഗത്തെ പ്രശ്‌ന സങ്കീര്‍ണമാക്കി മാറ്റി.

എങ്കിലും, യുപിയില്‍ അദ്ദേഹത്തിന്റെ മകനായ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്പി കുറെയൊക്കെ മുന്നേറുകയും ഹിന്ദുത്വത്തോട് മുഖാമുഖം നില്‍ക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഇപ്പോള്‍ ബിഹാറിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും പിന്നാക്ക രാഷ്ട്രീയം ഹിന്ദുത്വ വിരുദ്ധമായി മാറുകയും ചെയ്യുന്നുണ്ട്.

എന്തായാലും ഇന്ത്യയിലെ പിന്നോക്ക സോഷ്യലിസ്റ്റ് ധാരകളില്‍ നിന്നും ഉയര്‍ന്നുവരുകയും ദേശീയരാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത സ്ഥാനം കൈയാളുകയും ചെയ്ത പൊതുവ്യക്തിത്വമായി മുലായം സിങ് യാദവ് സ്മരിക്കപ്പെടും.

Next Story

RELATED STORIES

Share it