Emedia

ഹൗഡി മോഡിയെ കടന്നാക്രമിച്ച് എംബി രാജേഷ്

മോദി പറയുന്ന സുഖം ഇന്ത്യയില്‍ ആര്‍ക്കൊക്കെയാണ് ലഭിച്ചതെന്ന് മുന്‍ എംപി എംബി രാജേഷ്. അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയിളവെന്ന ബമ്പര്‍ ലോട്ടറിയടിച്ച വന്‍കിട മുതലാളിമാര്‍ക്ക് മോദി പകര്‍ന്നത് പരമാനന്ദ സുഖമാണെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഹൗഡി മോഡിയെ എംബി രാജേഷ് കടന്നാക്രമിച്ചത്.

ഹൗഡി മോഡിയെ കടന്നാക്രമിച്ച് എംബി രാജേഷ്
X

മോദി പറയുന്ന സുഖം ഇന്ത്യയില്‍ ആര്‍ക്കൊക്കെയാണ് ലഭിച്ചതെന്ന് മുന്‍ എംപി എംബി രാജേഷ്. അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയിളവെന്ന ബമ്പര്‍ ലോട്ടറിയടിച്ച വന്‍കിട മുതലാളിമാര്‍ക്ക് മോദി പകര്‍ന്നത് പരമാനന്ദ സുഖമാണെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഹൗഡി മോഡിയെ എംബി രാജേഷ് കടന്നാക്രമിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഹൗഡി മോഡി എന്ന ഹൂസ്റ്റണിലെ കുശലാ ന്വോഷണത്തിന് 'ഭാരത് മേം സബ് അഛാ ഹേ' എന്ന് ഹിന്ദിയിലും 'എല്ലാവര്‍ക്കും സൗഖ്യം ' എന്ന് മലയാളത്തിലും മോദിമൊഴിഞ്ഞതായി മനോരമ പുളകം കൊള്ളുന്നു. മോദി പറയുന്ന സുഖം ഇന്ത്യയില്‍ ആര്‍ക്കൊക്കെയാണ്? അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയിളവെന്ന ബമ്പര്‍ ലോട്ടറിയടിച്ച വന്‍കിട മുതലാളിമാര്‍ക്ക് മോദി പകര്‍ന്നത് പരമാനന്ദ സുഖം..ടെറ്റന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എസ്.സുബ്രഹ്മണ്യം നികുതിയിളവിനെ കുറിച്ച് ട്വീറ്റ് ചെയ്തത് ദീപാവലി നേരത്തേയെത്തിയ പോലെ എന്നായിരുന്നല്ലോ. മാന്ദ്യത്തില്‍ ജനലക്ഷങ്ങള്‍ വലയുമ്പോഴും മുതലാളിമാരുടെ കണ്ണീരൊപ്പി അവര്‍ക്ക് ദീപാവലി അഡ്വാന്‍സായി എത്തിച്ചു കൊടുത്ത മോദി ജിയുടെ മനസ്സുണ്ടല്ലോ അത് വീണ പൂവ് പെറുക്കിയെടുക്കാന്‍ കാണിച്ചതിനേക്കാള്‍ വിശാലമാണ് മനോരമേ വിശാലമാണ്. നികുതിയിളവിന്റെ ദീപാവലി മധുരം അമേരിക്കന്‍ മുതലാളിമാര്‍ക്ക് കൂടി കയ്യോടെ കൊടുക്കാനാണ് അങ്ങോട്ട് തിരിക്കും മുമ്പ് തന്നെ അഞ്ചാമത്തെ ഉത്തേജക പാക്കേജ് അദ്ദേഹത്തിന്റെ ധനമന്ത്രി പ്രഖ്യാപിച്ചത്. 1.45 ലക്ഷം കോടിയുടെ നികുതിയിളവിനെ പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ചത് 'ചരിത്രപരം' എന്നാണല്ലോ. മുതലാളിമാര്‍ക്ക് ചരിത്രത്തില്‍ മുമ്പില്ലാത്ത സൗജന്യമെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു. നോക്കു എത്ര സത്യസന്ധനാണ് അദ്ദേഹം? ഹീലിയസ് ക്യാപിറ്റലിന്റെ സ്ഥാപകന്‍ അമീര്‍ അറോറ പറഞ്ഞത് ഇരുപത് ബജറ്റിന് തുല്യമായ നികുതിയിളവുകളാണ് ഈ ഒറ്റ പാക്കേജിലൂടെ കിട്ടിയതെന്നാണ്! ! കാശുണ്ടാക്കുന്നവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ആഗസ്റ്റ് 15ന്റ പ്രസംഗത്തില്‍ മോദി ജി പറഞ്ഞപ്പോഴും മുതലാളിമാര്‍ ഇത്രക്ക് പ്രതീക്ഷിച്ചു കാണില്ല.പിന്നെങ്ങനെ 'മേ രാ മോദി മഹാന്‍' എന്ന് മുതലാളിമാര്‍ സ്തുതിക്കാതിരിക്കും? രാജ്യത്ത് സാമ്പത്തിക മാന്ദൃമെന്ന് പറഞ്ഞവരെയൊക്കെ തിരിഞ്ഞു കടിച്ച തന്റെ ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് ഒരു മാസത്തിനിടെ ഉത്തേജക പാക്കേജ് അഞ്ചെണ്ണം ഇറക്കിച്ച മോദി ജി മഹാനല്ലെങ്കില്‍ പിന്നാരാണ് ഹേ മഹാന്‍? കടിച്ചതിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നു പറയുന്നതിതിനാണോ ആവോ?

പക്ഷേ പാക്കേജഞ്ചും കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്കാണെന്നു മാത്രം. വളര്‍ച്ചയുടെ കണക്ക്, കള്ളമേറെ കാണിച്ചിട്ടും വെള്ളമേറെ ചേര്‍ത്തിട്ടും 8 ല്‍ നിന്ന് 5 ശതമാനമായി മുക്കുകുത്തിയതിന്റെ കാരണമാകട്ടെ ജനകോടികളുടെ ഉപഭോഗവും ഡിമാന്റും തല കുത്തി വീണതും.( നിര്‍മ്മലയുടെ സിദ്ധാന്ത മനസരിച്ച് ഇല്ലാത്ത മാന്ദ്യം ഉണ്ടെന്ന തോന്നലുണ്ടാക്കാന്‍ കാരണം മില്ലേനിയല്‍സിന്റെ കയ്യിലിരുപ്പാണ്. യുബറും ഓലയും നിരോധിച്ച് ആറാമത്തെ പാക്കേജിറക്കിയാല്‍ മതി.) കാറും ഫ്‌ലാറ്റും മോപ്പഡുകള്‍ അടക്കമുള്ള ടൂ വീലറുകളും ട്രാക്ടറും അടിവസ്ത്രവും ബിസ്‌കറ്റു മടക്കം ഉല്‍പ്പാദിപ്പിക്കുന്നതൊന്നും വിറ്റുപോകുന്നില്ല. കാര്‍ ഫാക്ടറി മാത്രമല്ല ഷോറൂമുകളും അപ്പോളോ ടയേഴ്‌സ് പോലുള്ള ടയര്‍ ഫാക്ടറികളും സ്‌പെയര്‍ പാര്‍ട്ട്‌സ് നിര്‍മാണ ഫാക്ടറികളും സിമന്റ്, സ്റ്റീല്‍ ഫാക്ടറികളും തുണിമില്ലുകളും കൂട്ടത്തോടെ പൂട്ടുകയോ തൊഴിലാളികകളുടെ എണ്ണം വെട്ടിക്കുറക്കുകയോ ചെയ്യുന്നു. കാരണം ലളിതം. വാങ്ങാന്‍ പണമില്ല. അതെന്താ പണമില്ലാത്തത്? പണിയും കൂലിയുമില്ലാത്തതിനാല്‍. ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന ചടടഛ കണക്ക് നേരത്തേ ചൂണ്ടിക്കാണിച്ചവരെ തെറി വിളിച്ചു. കള്ളക്കണക്കു കൊണ്ട് ന്യായീകരിക്കാന്‍ പാഴ്ശ്രമം നടത്തി.ഭക്തര്‍ തര്‍ക്കിച്ച് തലകുത്തി മറിഞ്ഞു. സമ്പദ്ഘടന അപ്പോഴും കുഴഞ്ഞു മറിഞ്ഞു. സാധാരണ മനുഷ്യര്‍ ഉപജീവന മാര്‍ഗ്ഗം മുട്ടി വലഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ മാത്രം 30 ലക്ഷം പേര്‍ക്ക് പണി പോയി. അവര്‍ക്കെന്തെങ്കിലും പാക്കേജുണ്ടോ?ഇളവുണ്ടോ? എവടെ?അവര്‍ക്ക് കഞ്ഞി കുമ്പിളില്‍ പോലുമില്ല. കോര്‍പ്പറേറ്റുകള്‍ ഇരുപതു ബജറ്റിന്റെ പടക്കം ഒന്നിച്ച് പൊട്ടിച്ച് ദീപാവലി ആഘോഷം നേരത്തേ തുടങ്ങിയപ്പോള്‍, മോദി ജി അമേരിക്കയില്‍ പോയി ട്രമ്പിന് വോട്ട് ചോദിക്കുമ്പോള്‍, (ഒന്നുമില്ലെങ്കിലും താന്‍ ഇതുവരെ കേട്ടിട്ടൊന്നുമില്ലെന്നാലും മോദി ജിക്ക് ഇംഗ്ലീഷൊക്കെ അറിയാമെന്ന നല്ല വാക്ക് പറഞ്ഞയാളല്ലേട്ര മ്പ്)പണിയും കൂലിയും പോയ പാവങ്ങളായ ജനലക്ഷങ്ങള്‍ സമ്പന്നരുടെ കരിമരുന്ന് പ്രയോഗം കണ്ട് മാനത്തേക്ക് നോക്കിയിരിപ്പാണ്.ഉള്ളതു പറയണമല്ലോ അവര്‍ക്കും മോദി ജി ഉത്തേജകം കൊടുത്തിട്ടുണ്ട്. ദേശീയ മിനിമം കൂലി 176 രൂപയില്‍ നിന്ന് 2 രൂപ കൂട്ടി 178 ആക്കിയിട്ടുണ്ട്. വെറുതെയല്ല

ഇന്ത്യയില്‍ എല്ലാവര്‍ക്കും സൗഖ്യമെന്ന് മോദി ജി അമേരിക്കയിലുള്ളവരെ അറിയിച്ചത്. കോര്‍പറേറ്റുകള്‍ക്ക് സുഖം പകരാന്‍ മിനിമം ഒരു ഒന്നൊന്നര ലക്ഷം കോടിയൊക്കെ വേണം. അവന്‍മാരൊക്കെ എത്ര തിന്നാലും ആര്‍ത്തി തീരാത്ത ബകാസുരന്‍മാരല്ലേ? പാവപ്പെട്ട തൊഴിലാളികള്‍ നല്ലവര്‍. രണ്ടു രൂപ കൂട്ടിക്കിട്ടിയാല്‍ തന്നെ അവര്‍ക്ക് സുഖായി മോദി ജി.അതിന് പുറമെ അവര്‍ക്ക് കാശ്മീരും ആസ്സാമും ഹിന്ദിയും ദേശസ്‌നേഹവും ചേര്‍ത്ത് കുഴച്ചു കൊടുത്ത പുതിയ ഉത്തേജക മരുന്നുണ്ടല്ലോ അത് അങ്ങയുടെ ചങ്ങാതി രാംദേവിന്റെ പതഞ്ജലിയേക്കാള്‍ ഫലദായകമാണ്. അത് സേവിച്ചാല്‍ പിന്നെ പണിയും കൂലിയുമൊന്നും തല്‍ക്കാലം പ്രശ്‌നല്ല. അതോണ്ട് അങ്ങ് പറഞ്ഞത് ശരിയാ.അവര്‍ക്കിവിടെ സുഖാത്രേ പരമ സുഖം.

വാല്‍ക്കഷ്ണം: ആറു മാസമായി ശമ്പളം കിട്ടാത്ത ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരും എടുത്ത പണിയുടെ കൂലി കുടിശ്ശിക കിട്ടാന്‍ ബാക്കിയുള്ള തൊഴിലുറപ്പിലെ അമ്മമാരും മോദി ജിയോട് ഹിന്ദിയില്‍ പ്രത്യേകം പറയാന്‍ പറഞ്ഞു. 'യഹാം ഹം സബ് അഛേ ഹേ'. അവര്‍ അമേരിക്കയില്‍ അടിച്ചു പൊളിക്കുന്ന അങ്ങയോട് ചോദിക്കുന്നു ഹൗഡി മോഡി?


Next Story

RELATED STORIES

Share it