Emedia

യുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?

കാസിം ഇരിക്കൂര്‍

യുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
X

കോഴിക്കോട്: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടും ഭാരിച്ച അകമ്പടി ചെലവ് കുറയ്ക്കാനാവില്ലെന്ന സുപ്രിംകോടതി വിധിക്കെതിരേ പലരും രംഗത്തെത്തിയിരുന്നു. ഇത്രയും വലിയ തുക നല്‍കി കേരളത്തിലേക്കില്ലെന്ന് മഅ്ദനി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണവുമായി ഐഎന്‍എല്‍ നേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കാസിം ഇരിക്കൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഈ ദുരന്തനാടകം ഏത് വിധത്തിലാണ് പര്യവസാനിക്കാന്‍ പോവുന്നതെന്ന് ആലോചിക്കുന്തോറും നീതിനിഷേധത്തിന്റെ ഭീകരമുഖം കണ്ട് നമുക്ക് ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവരുന്നു. മഹാകഷ്ടം എന്നാണ് കാസിം ഇരിക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കാസിം ഇരിക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അബ്ദുന്നാസിര്‍ മഅ്ദനിയെ കുറിച്ച് ഓര്‍ക്കുമ്പേഴെല്ലാം യശശ്ശരീരനായ വി ആര്‍ കൃഷ്ണയ്യരാണ് മനസ്സിലോടിയെത്താറ്. ''വഞ്ചിക്കപ്പെട്ട ഇന്ത്യന്‍ ജനത''(India: A People Bterayed) എന്ന ലേഖന സമാഹാരത്തില്‍ കൃഷ്ണയ്യര്‍ എഴുതിയ ചിന്തോദ്ദീപകമായ ഒരു കുറിപ്പുണ്ട്: ''നീതിന്യായ വ്യവസ്ഥയോട്: നിങ്ങളുടെ ചരമക്കുറിപ്പ് സ്വയം എഴുതല്ലേ(The Judiciary, Dont Writes Your Obituary) എന്ന ശീര്‍ഷകത്തില്‍. ആ കുറിപ്പില്‍ നീതിന്യായ വ്യവസ്ഥയെ കുറിച്ച് ഉയരുന്ന പരാതികളെ പരാമര്‍ശിക്കുന്നിടത്ത് 'ജുഡീഷ്യല്‍ ടെററിസം'(നീതിന്യായ ഭീകരത) എന്നൊരു പ്രയോഗം കൃഷ്ണയ്യര്‍ അവതരിപ്പിക്കുന്നുണ്ട്. അര്‍ഹിക്കുന്നവര്‍ക്ക് നീതി നിഷേധിക്കുന്ന ഭയാനകമായ അവസ്ഥയെ അടയാളപ്പെടുത്താന്‍ ഏറ്റവും ഉചിതമായ വിശേഷണം അത് തന്നെയല്ലേ. കൃഷ്ണയ്യരെ കുറിച്ചും നീതിനിഷേധത്തിന്റെ നിഷ്ഠൂരതയെ കുറിച്ചും ഇപ്പോള്‍ ഓര്‍ക്കേണ്ടിവന്നത് അബ്ദുന്നാസിര്‍ മഅ്ദനിയോട് നീതിപീഠം കാണിക്കുന്ന ദയാദാക്ഷിണ്യം തൊട്ടുതീണ്ടാത്ത പെരുമാറ്റം കണ്ട് മനസ്സ് പിടഞ്ഞപ്പോഴാണ്. 142 കോടി മനുഷ്യര്‍ ജീവിക്കുന്ന ഒരു രാജ്യത്തിന്റൈ വ്യവസ്ഥിതി ഒന്നാകെ ഒരു മനുഷ്യന്റെ പൗരസ്വാതന്ത്ര്യം പിച്ചിച്ചീന്തുന്നതിന് ഒരുമ്പെട്ടിറിങ്ങിയത് പോലുള്ള അതിഭീതിതമായ അവസ്ഥ!. വേട്ടയാടുക എന്നൊക്കെ കേള്‍ക്കാറുണ്ട്. മഅ്ദനിയുടെ കാര്യത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നമ്മുടെ ജനായത്ത വ്യവസ്ഥിതിയും നീതിന്യാത സംവിധാനവും ആ വികലാംഗനെ നിരന്തരമായി വേട്ടയാടുകയും വ്യവസ്ഥിതിയുടെ കാലിന്നടിയില്‍ ചവിട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാകൊല ചെയ്യുകയുമല്ലേ. ഇത് കണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കും മഅ്ദനി ഉള്‍ക്കൊള്ളുന്ന സമുദായത്തിനും നിഷ്പക്ഷമതികളായ മനുഷ്യസ്‌നേഹികള്‍ക്കും എങ്ങനെ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കുന്നത്. ലോകം നോക്കിനില്‍ക്കേ, അതിവേഗം മരണത്തിലേക്ക് നടന്നടുക്കുന്ന ഒരു മനുഷ്യനോട് ഇമ്മട്ടില്‍ ഹൃദയം നുറുക്കുന്ന ക്രൂരത കാട്ടുമ്പോള്‍ എന്തുകൊണ്ട് മരവിക്കാത്ത മനസാക്ഷികള്‍ കലപില കൂട്ടുന്നില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം വീട്ടറസ്റ്റില്‍ കഴിയുന്ന മഅ്ദനിയെ ബെംഗളൂരുവില്‍ ചെന്ന് കാണുകയുണ്ടായി. ഹൃദയം നുറുക്കുന്ന വേദനയില്‍ അദ്ദേഹത്തിന് വേണ്ടി ഈ മുഖപേജിലൂടെ ഒരിറ്റ് കണ്ണീര്‍ പൊഴിച്ചപ്പോള്‍ നല്ല മനുഷ്യരെല്ലാം അതീവസങ്കടത്തോടെ പ്രതികരിച്ചു. അങ്ങനെയാണ് വിസ്മൃതിയിലേക്ക് വിലയം പ്രാപിച്ചുകൊണ്ടിരുന്ന ആ ഹതാശയനു വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകരും സുമനസ്സുകളും വീണ്ടും രംഗത്തുവന്നതും നിയമപോരാട്ടം പുനരാരംഭിച്ചതും. സകല ആന്തരാവയവങ്ങളും തകരാറിലായ തൊണ്ണൂറുകളിലെ ആ കൊടുങ്കാറ്റ് കെട്ടടങ്ങാന്‍ പോവുകയാണെന്ന എന്റെ ഉല്‍ക്കണ്ഠ പലരുടെയും ഉറക്കം കെടുത്തി എന്നല്ല, കര്‍ണാടക സര്‍ക്കാരിന്റെ കരാളഹസ്തങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ജനാധിപത്യപരമായി ഏതറ്റം വരെയും പോവാന്‍ എന്തുചെലവ് വന്നാലും നമുക്ക് കണ്ടെത്താമെന്ന വാഗ്ദാനവുമായി പലരും മുന്നോട്ടുവന്നു. അങ്ങനെയാണ് സുപ്രിംകോടതിയെ ഒരിക്കല്‍ കൂടി സമീപിക്കുന്നത്. മരണശയ്യയില്‍ കിടക്കുന്ന പിതാവിനെ ഒരു നോക്ക് കാണാനും വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും ജന്മനാട്ടിലേക്ക് പോവാന്‍ അനുവദിക്കണം എന്ന ഏക അപേക്ഷയാണ് ന്യായാസനത്തിന്റെ മുമ്പാകെവച്ചത്. കര്‍ണാടകയിലെ ആര്‍എസ്എസ് ഭരണകൂടം ശക്തമായി എതിര്‍ത്തിട്ടും ജസ്റ്റിസുമാരായ അജയ് രസ്‌തോഗിയും ബേല എം ത്രിപാഠിയും ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്തിക്കൊണ്ട് മൂന്നുമാസം കേരളത്തില്‍ തങ്ങാന്‍ അനുവാദം നല്‍കി. നീതിദേവതയുടെ കണ്ണുകള്‍ തുറക്കുന്നത് കണ്ട് മഅ്ദനിയെ സ്‌നേഹിക്കുന്നവര്‍ ആഹ്ലാദിച്ചു. കോടതി അന്ന് ഒരു വ്യവസ്ഥ വച്ചിരുന്നു: അകമ്പടി പോവുന്ന പോലിസിന്റെ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്ന്. പക്ഷേ, തങ്ങളുടെ കുടില പദ്ധതി തകര്‍ത്ത് മഅ്ദനി സ്വദേശത്തേക്ക് പോവുന്നത് സഹിക്കവയ്യാത്ത ആര്‍എസ്എസ് നേൃത്വം 20 പോലിസുകാരെ മൂന്നുമാസം തീറ്റിപ്പോറ്റുന്നതിന് ഒരുകോടിയോളം രൂപ കെട്ടിവയ്ക്കണമെന്ന് നിബന്ധന വച്ചപ്പോള്‍, തങ്ങളുടെ ഉത്തരവ് നിഷ്ഫലമാക്കാനുള്ള ശ്രമമാണോ നിങ്ങള്‍ നടത്തുന്നതെന്ന് അറ്റോണി ജനറലിനോട് കോടതി തുറന്നുചോദിച്ചു. അപ്പോഴും നീതിയുടെ നിറകണ്‍ചിരി നമ്മള്‍ കണ്ടു. എന്നാല്‍, മഅ്ദനിയെ ഒരുനിലക്കും ജന്മനാട്ടിന് വിട്ടുകൊടുക്കരുത് എന്നും തങ്ങളുടെ കണ്‍മുമ്പില്‍ കിടന്ന് നരകിച്ച് മരിക്കണമെന്നും നിര്‍ബന്ധമുള്ള ബിജെപി സര്‍ക്കാര്‍ എന്നിട്ടും ഒരിഞ്ച് വിട്ടുവീഴ്ചക്ക് തയാറായില്ല. ഒരു പോലിസിന് ഒരു ദിവസം ഒരു ലക്ഷം രൂപ ചെലവ് എന്ന കണക്കാക്കി 60 ലക്ഷത്തിന്റെ കണക്ക് നിരത്തിയപ്പോള്‍ പരമോന്നത നീതിപീഠം അത് അംഗീകരിക്കുന്ന സങ്കടകരമായ കാഴ്ചയ്ക്കും ഒടുവില്‍ സാക്ഷികളാവുകയാണ്. ഇവിടെയാണ് കൃഷ്ണയ്യരുടെ 'ടെററിസ്റ്റ്' പ്രയോഗം ഓര്‍മയിലെത്തുന്നത്.

ജാന്മ്യത്തില്‍ വിട്ട ഒരു മനുഷ്യന്റെ ജീവസുരക്ഷ അദ്ദേഹത്തിന്റെ തന്നെ ചെലവിലാവണം എന്ന നിബന്ധനയ്ക്ക് നിയമപരമായോ ധാര്‍മികമായോ ജനായത്തപരമായോ എന്ത് ന്യായീകരണമാണുള്ളത്, ഏത് നിയമമാണ് അത് സാധൂകരിക്കുന്നത്, ഇങ്ങനെ എത്ര പേര്‍ക്ക് സ്വന്തം ചെലവില്‍ സര്‍ക്കാര്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. മഅ്ദനിയെ പോലെ, ഒരു മുസ്‌ലിം 'ഭീകരവാദി'യുടെ വിഷയം വരുമ്പോള്‍ മാത്രമാണോ ഇമ്മട്ടിലുള്ള വ്യവസ്ഥകള്‍ ഉയര്‍ന്നുവരുന്നത്. കാട്ടുകള്ളന്മാര്‍ക്കും മാഫിയാ തലവന്മാര്‍ക്കും കൊടുംകൊലയാളികള്‍ക്കും ബലാല്‍സംഗവീരന്മാര്‍ക്കും പരോളും ജാമ്യവും അനുവദിക്കുമ്പോള്‍ നീതിപീഠം ഇങ്ങനെയൊരു ഉപാധി വക്കാറുണ്ടോ. കേട്ടുകേള്‍വി ഇല്ലാത്തതാണ്. പിഴ ശിക്ഷ വിധിക്കാറുണ്ട്. എന്നാല്‍, ജീവിക്കാന്‍ പിഴ ഒടുക്കണമെന്ന് നിര്‍ബന്ധിക്കുന്നതിലെ യുക്തി എന്താണ്. ബില്‍ക്കീസ് ബാനുവിനെ പിച്ചിച്ചീന്തിയ 16 മനുഷ്യപ്പിശാചുക്കളെ നിരുപാധികം തുറന്നുവിട്ട കോടതിയാണ് അഖണ്ഠനീയമായ ഒരു തെളിവുമില്ലാതെ ബെംഗളുരു സ്‌ഫോടനക്കേസിലെ 32ാം പ്രതി എന്ന കുറ്റം ചാര്‍ത്തി മഅ്ദനിയുടെ പൗരാവകാശങ്ങള്‍ക്ക് നാട്ടില്‍ കേള്‍ക്കാത്ത വിലപേശുന്നത്.

1990കള്‍ക്ക് ശേഷം ഈ ഭൂമുഖത്ത് ജീവിക്കേണ്ടി വന്നതാണ് മഅ്ദനിയുടെ ജീവിതദുര്യോഗത്തിന് കാരണം. ഇന്ത്യയില്‍ ബാബരിപ്പളളിയുടെ തകര്‍ച്ചയോടെ മതേതര വ്യവസ്ഥ ശിഥിലമാവുകയും ഹിന്ദുത്വഫാഷിസം തിടംവച്ചാടുകയും ചെയ്ത ഒരു ശപ്തസന്ധിയില്‍ ചുറ്റും നടമാടുന്ന കൊള്ളരുതായ്മകളെയും കാപട്യത്തെയും വര്‍ഗീയതയെയും സമുദായവഞ്ചനയെയും തൊട്ടുകാണിക്കാനും വിളിച്ചുപറയാനും ആര്‍ജവം കാണിച്ചതാവാം മഅ്ദനിയെ ഇപ്പരുവത്തിയാക്കിയത്. മഅ്ദനി എന്ന് കേള്‍ക്കുമ്പോള്‍ 'ലഹ്നത്ത് ' ചൊല്ലുന്ന ചില കൊടിയ രാഷ്ട്രീയ ശത്രുക്കളുടെയും ആര്‍എസ്എസിന്റെയും മുന്നില്‍ ഇന്നും ഈ ഹതഭാഗ്യന്‍ കണ്ണിലെ കരടാണ്. ഉഗ്രഭീകരവാദിയാണ്. അവരുടെ രാഷ്ട്രീയമാണ് കൊടിയ വ്യവസ്ഥകളിലൂടെയും യുക്തരഹിതമായയ നിബന്ധനകളിലൂടെയും മഅ്ദനിയുടെമേല്‍ കോടതി അടിച്ചേല്‍പ്പിക്കുന്നത്. മരണശയ്യയ്യില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച ഘട്ടത്തില്‍ ജസ്റ്റിസ് വെങ്കിടാചലം കേട്ടുനില്‍ക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ചോദിച്ച ഒരു ചോദ്യമുണ്ട്; ''എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ ജയിലിലടച്ചു കഷ്ടപ്പെടുത്തുന്നത്. തെളിവുകളുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടത്'. കര്‍ണാടക ആര് ഭരിച്ചാലും എത്ര മനുഷ്യത്വനിരാസമായാണ് പെരുമാറുക എന്ന് കോണ്‍ഗ്രസ് ഭരണത്തില്‍ കണ്ടതല്ലേ. നമുക്ക് കോടതിയോട് ഒരപേക്ഷയേയുള്ളു. മഅ്ദനി ഒരു മനുഷ്യനാണെന്നും ഇന്നാട്ടിലെ പൗരനാണെന്നുമുള്ള ലളിതസത്യം അംഗീകരിച്ചുകൊണ്ട് എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പറയുക. ഈ മനുഷ്യെന്റെ ചെയ്തികളില്‍ ഭീകരവാദത്തിന്റെ വല്ല അംശവും കണ്ടെത്താന്‍ സാധിച്ചെങ്കില്‍ തൂക്കുമരത്തിലേറ്റിക്കോളൂ. കുറ്റം സാമാന്യബുദ്ധിക്ക് നിരക്കുംവിധം സമര്‍ഥിക്കപ്പെടണം എന്ന് മാത്രം. അതല്ല, പതിറ്റാണ്ടുകളായി കല്‍തുറുങ്കിലടക്കപ്പെട്ട ഈ മനുഷ്യന്‍ നിരപരാധിയാണെന്നാണ് കണ്ടെത്തുന്നതെങ്കില്‍ നമ്മുടെ വ്യവസ്ഥിതിയുടെ ഘോരമുഖം ദുര്‍ബലന്റെ മുന്നില്‍ എത്ര നിരാര്‍ദ്രമാണെന്ന് നിശ്ശബ്ദമായി സമ്മതിച്ചുകൊണ്ട് അയാളെ തുറുന്നുവിടുക. നാം തട്ടിയെടുത്ത 30 വര്‍ഷത്തെ ജീവിതത്തിന് ആരും കണക്ക് ചോദിക്കാന്‍ പോവുന്നില്ല. ഇപ്പോഴത്തെ അവസ്ഥ മനുഷ്യകുലത്തിന് തന്നെ നാണക്കേടാണ്. ഇന്ത്യന്‍ വ്യവസ്ഥിതിയുടെ മുഖത്താണ് അത് കാര്‍ക്കിച്ചുതുപ്പുന്നത്്. ശരീരാവയവങ്ങള്‍ രോഗങ്ങളാല്‍ ദ്രവിച്ച്, ഒറ്റക്കാലില്‍ കഴിഞ്ഞ 30 വര്‍ഷമായി ജീവിക്കുന്ന, ഒരു കട്ടിലില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന, ഏത് നിമിഷവും ജീവിതചലനം നിലയ്ക്കാന്‍ പോവുന്ന ഒരു ഹതാശയനെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പോലിസ് സേനയുമൊക്കെ ഭയക്കുന്നുവെന്ന് പറഞ്ഞ് ക്രൂരതകള്‍ പുറത്തെടുക്കുമ്പോള്‍ ഗാന്ധിജി ജനിച്ച മണ്ണിന്റെ കൈരാതമുഖമാണ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുന്നത്.

ഇങ്ങനെ കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും മനസ്ഥൈരം കൈവിടാതെ അന്തസ്സായുള്ള അന്ത്യം സ്വപ്നം കാണുന്ന മഅ്ദനി തോല്‍പ്പിക്കുന്നത് കണ്ടുനില്‍ക്കുന്ന നമ്മളെല്ലാവരെയുമാണ്. കര്‍ണാടക ആവശ്യപ്പെടുന്ന ഒരു കോടിയോളം രൂപ നല്‍കി മഅ്ദനിയെ സഹായിക്കാന്‍ എത്രയോ സുമനസ്സുകള്‍ മുന്നോട്ട് വരുമെന്നതില്‍ സംശയമില്ല. എന്നാല്‍, അത്തരമൊരു അന്യായമായ നിബന്ധന പാലിച്ചുകൊണ്ട് തനിക്ക് കേരളത്തിലേക്ക് പോവുകയോ ബാപ്പാനെ കാണുകയോ ചികില്‍സ തേടുകയോ വേണ്ടാ എന്ന് പറയാനുള്ള ആ മനുഷ്യന്റെ ധൈര്യത്തിന് മുന്നില്‍ നാട്ടാരേ, തല കുനിക്കുക. സുപ്രിംകോടതിയുടെ ഏറ്റവുമൊടുവിലത്തെ തീരുമാനം വന്ന ഉടന്‍ തന്റെ മുന്‍കാല അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് മഅ്ദനി ദുര്‍ബലമായ ശബ്ദത്തില്‍ പുറത്തുവിട്ട വോയ്‌സ് മെസ്സേജ് കേള്‍ക്കാന്‍ സാധിച്ചു. സുഹൃത്ത് നിസാര്‍ മേത്തര്‍ അയച്ചുതന്ന ആ വോയ്‌സ് മുഴുവനും കേട്ടപ്പോള്‍ മനസ്സ് പിടഞ്ഞു, വേദന കിനിഞ്ഞിറങ്ങി: 'മരണം നേടിടേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യാന്‍ ഞാന്‍ തയാറല്ല' എന്നാണ് അദ്ദേഹത്തിന് ഇപ്പോഴും പറയാനുള്ളത്. സുപ്രിംകോടതി നല്‍കിയ ജാമ്യത്തില്‍ കഴിയുന്ന ഒരാളുടെമേല്‍ ഒരു സര്‍ക്കാരിന് താങ്ങാനാവാത്ത സാമ്പത്തിക ഭാരം കയറ്റിവയ്ക്കാന്‍ അവകാശമുണ്ടോ എന്ന വലിയ ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മുമ്പ് കര്‍ണാടകയിലെ വര്‍ഗീയ ഭരണകൂടം ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ വച്ചപ്പോള്‍ മാനുഷിക പരിഗണനകള്‍ വച്ച് സുപ്രിംകോടതി ശക്തമായി എതിര്‍ത്തിരുന്നു. കര്‍ണാടക പോലിസിനെ തീറ്റിപ്പോറ്റേണ്ടത് ഈ മനുഷ്യനാണോ എന്ന് ആര്‍ജവത്തോടെ ചോദിക്കുകയുണ്ടായി. കാലം അല്‍പം കടന്നുപോയപ്പോള്‍ നീതിപീഠത്തിന്റെ സ്വരത്തിലും മാറ്റും വന്നു. ഒപ്പം ജീവിക്കുന്ന മനുഷ്യരെ മുഴുവന്‍ തോല്‍പിച്ചുകൊണ്ടാണ് അബ്ദുന്നാസിര്‍ മഅ്ദനി ഇപ്പോള്‍ അന്തസ്സാര്‍ന്ന ഒരന്ത്യത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇത് കേട്ടിട്ടും നമുക്കാര്‍ക്കും ഒന്നും തോന്നുന്നില്ലെങ്കില്‍ മൂന്ന് കഷ്ണം വെള്ളത്തുണി കരുതിവയ്ക്കുക; ബെംഗളുരുവിലേക്ക് കൊണ്ടുപോവാന്‍. ഈ ദുരന്തനാടകം ഏത് വിധത്തിലാണ് പര്യവസാനിക്കാന്‍ പോവുന്നതെന്ന് ആലോചിക്കുന്തോറും നീതിനിഷേധത്തിന്റെ ഭീകരമുഖം കണ്ട് നമുക്ക് ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവരുന്നു. മഹാകഷ്ടം!.
Next Story

RELATED STORIES

Share it