Emedia

വിവേചനപൂര്‍ണമായ വികസനത്തിന്റെ മലപ്പുറം മോഡല്‍

വിജയത്തിന്റെ പിതൃത്വം അവകാശപ്പെട്ടുള്ള വാക്‌പോരുകളും അരങ്ങൊഴിഞ്ഞു. ബാക്കിയാവുന്നത് തനിക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാനുള്ള ഓരോ വിദ്യാര്‍ഥിയുടെയും ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. ഇനി അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഭരണകൂടം ഉത്തരം നല്‍കുമോ, അതല്ല കാലങ്ങളായി തുടരുന്ന വിവേചനവും അവഗണനയും തുടരുമോ എന്നാണ് അറിയേണ്ടത്. കണക്കിലെ കളികള്‍ പ്രസക്തമല്ലെങ്കിലും മലപ്പുറം ജില്ല നേരിടുന്ന വിവേചനത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ സംസാരിക്കട്ടെ.

വിവേചനപൂര്‍ണമായ വികസനത്തിന്റെ മലപ്പുറം മോഡല്‍
X

ഇര്‍ഷാദ് മൊറയൂര്‍

കൊട്ടിഘോഷിച്ച വിജയാരവങ്ങളെല്ലാം കഴിഞ്ഞു. വിജയത്തിന്റെ പിതൃത്വം അവകാശപ്പെട്ടുള്ള വാക്‌പോരുകളും അരങ്ങൊഴിഞ്ഞു. ബാക്കിയാവുന്നത് തനിക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാനുള്ള ഓരോ വിദ്യാര്‍ഥിയുടെയും ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. ഇനി അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഭരണകൂടം ഉത്തരം നല്‍കുമോ, അതല്ല കാലങ്ങളായി തുടരുന്ന വിവേചനവും അവഗണനയും തുടരുമോ എന്നാണ് അറിയേണ്ടത്. കണക്കിലെ കളികള്‍ പ്രസക്തമല്ലെങ്കിലും മലപ്പുറം ജില്ല നേരിടുന്ന വിവേചനത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ സംസാരിക്കട്ടെ.

80,052 പേരാണ് ഇത്തവണ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. അതില്‍ 78,335 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇ ഉള്‍പ്പടെ മറ്റു സിലബസുകളില്‍നിന്ന് 4,602 വിദ്യാര്‍ഥികളും കൂടി പരിഗണിച്ചാല്‍ ആകെ വേണ്ടത് 82,937 സീറ്റുകള്‍. എന്നാല്‍, ഇത്രയും കുട്ടികള്‍ക്ക് ഉപരിപഠനത്തിന് മലപ്പുറം ജില്ലയില്‍ ആകെയുള്ളത് 49,320 സീറ്റുകളാണ്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 26,100 സീറ്റുകളും എയ്ഡഡ് മേഖലയില്‍ 23,220 സീറ്റുകളുമാണുള്ളത്. 33,617 കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സീറ്റുകളില്ല. ഇനി മറ്റു സാധ്യതകള്‍കൂടി പരിഗണിച്ചാല്‍, ജില്ലയിലെ 27 വിഎച്ച്എസ്ഇകളില്‍ 87 ബാച്ചുകളിലായി 2,820 സീറ്റുകളും 4 സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, 3 സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലായി 1,494 സീറ്റുകളും ആറ് സര്‍ക്കാര്‍ ഐടിഐകളില്‍ 1,087 സീറ്റുകളുമുണ്ട്. ഇവയെല്ലാംകൂടി പരിഗണിച്ചാല്‍തന്നെ 54,721 സീറ്റുകളാണ് ജില്ലയില്‍ ഉപരിപഠനത്തിന് ആകെയുള്ളത്. വ്യക്തമായി പറഞ്ഞാല്‍ 82,937 വിദ്യാര്‍ഥികള്‍ക്ക് 54,721 സീറ്റുകള്‍. 28,216 കുട്ടികള്‍ക്ക് ജില്ലയില്‍ പഠിക്കാന്‍ ഒരു മാര്‍ഗവുമില്ലാതാവും. സേ പരീക്ഷാ ഫലവും ഗള്‍ഫ് ട്രാന്‍സ്ഫറും സമീപജില്ലകളിലെ വിദ്യാര്‍ഥികള്‍ നല്‍കുന്ന അപേക്ഷകള്‍കൂടി പരിഗണിച്ചാല്‍ 33,000 ഓളം വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ ഉപരിപഠനത്തിന് ഒരു സാധ്യതയുമില്ലെന്ന് ചുരുക്കം.

മലപ്പുറത്ത് ഉപരിപഠനത്തിന് സീറ്റില്ലാത്തത് ഈ വര്‍ഷത്തെ മാത്രം വിഷയമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, കാലങ്ങളായുള്ള ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചതുമില്ല. മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ അതിന് മറുപടി പറയേണ്ടതുണ്ട്. മലപ്പുറത്ത് സീറ്റില്ല എന്ന പരാതിക്ക് തെക്കന്‍ ജില്ലകളില്‍ ഓഴിഞ്ഞുകിടക്കുന്ന സീറ്റിന്റെ കാര്യം മറച്ചുവച്ച് സംസ്ഥാനത്തെ ആകെ വിദ്യാര്‍ഥികള്‍ വിജയിച്ച എണ്ണവും സീറ്റുകളുടെ എണ്ണവും കാണിച്ച് രക്ഷപ്പെടാനാണ് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്‌നാഥ് ശ്രമിക്കുന്നത്. മലപ്പുറത്ത് മുസ്‌ലിം ലീഗ് അഞ്ചാം മന്ത്രിക്ക് വേണ്ടി പോരാടിയപ്പോള്‍ മാണിയും കൂട്ടരും തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നേടിയെടുത്തു എന്നതാണ് മറ്റൊരു വസ്തുത.

എറണാംകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ 29,558 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ 32,040 സീറ്റുകള്‍ കുറവാണ്. അതില്‍ ഏറ്റവും കുറവ് അനുഭവപ്പെടുന്നത് മലപ്പുറവുമാണ്. ഇനി തെക്കന്‍ മേഖലയിലെ 4 ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ എത്രമാത്രം അവഗണനയാണ് ജില്ല നേരിടുന്നത് എന്ന് വ്യക്തമാവും. എറണാംകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളികളില്‍ ആകെ എസ്എസ്എല്‍സി വിജയിച്ചവരുടെ എണ്ണം 65,409 ആണ്. അതിന് ഈ നാല് ജില്ലകളിലും കൂടി 437 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമുണ്ട്. എന്നാല്‍, അതിലേറെ വിദ്യാര്‍ഥികള്‍ വിജയിച്ച (82,937) മലപ്പുറത്ത് ആകെയുള്ളത് 246 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ മാത്രമാണ്. 191 സ്‌കൂളുകളുടെ കുറവ്. 4 ജില്ലകളില്‍ സര്‍ക്കാര്‍ മേഖലയില്‍ 155 സ്‌കൂളുകളുള്ളപ്പോള്‍ മലപ്പുറത്ത് 86 എണ്ണം മാത്രമാണുള്ളത്. അവിടെ ഗവ., എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോള്‍ ഇവിടെ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെയാണ് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത്.

വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ ഈ വര്‍ഷവും ഇതിന് പരിഹാരമുണ്ടാവാനിടയില്ല. കാരണം, എല്ലാ വര്‍ഷത്തെയും പോലെ ഇനി നടക്കാനുള്ള നാടകങ്ങള്‍ എന്തെന്ന് വ്യക്തമാണ്. പ്രതിഷേധമുയരുമ്പോള്‍ പത്തോ ഇരുപതോ ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. 65 കുട്ടികളും 3 ശാരീരികപ്രയാസമുള്ള കുട്ടികളുമടക്കം 68 പേരാണ് മലപ്പുറത്തെ ഒരു ക്ലാസിലെ ഇപ്പോഴത്തെ കുട്ടികളുടെ എണ്ണം. അതുതന്നെ ഇതിന് സൗകര്യമുള്ള സ്‌കൂളുകളില്‍ മാത്രം. ഇനിയും സീറ്റുകള്‍ അധികരിപ്പിക്കുക എന്നത് ജില്ലയില്‍ അപ്രായോഗികമാണ്. ഈ അധികരിപ്പിക്കല്‍തന്നെ സര്‍ക്കാര്‍ നടത്തുന്നത് അലോട്ട്‌മെന്റ് നടപടികളുടെ അവസാനഘട്ടത്തിലായിരിക്കും. അപ്പോഴേക്കും ഉള്ള അവസരം നഷ്ടപ്പെടുമെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ മറ്റു വഴികള്‍ തേടിയിട്ടുമുണ്ടാവും. എന്നിട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് പറഞ്ഞ് വലിയ പുകമറ ഉണ്ടാക്കുകയും ചെയ്യും. അതോടെ ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ പെരുവഴിയിലാവും. മലപ്പുറത്ത്, പ്രത്യേകിച്ച് മലബാറില്‍ ഇതിന് പരിഹാരം കാണാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ തട്ടിക്കൂട്ട് നാടകങ്ങള്‍കൊണ്ടാവില്ല, അതിന് കൃത്യമായ പ്ലാനിങ് കൂടി വേണമെന്നാണ് മനസ്സിലാവുന്നത്.

നിലവിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സീറ്റ് വര്‍ധന ഇനി പ്രായോഗികമല്ല എന്നിരിക്കെ പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് വേണ്ടത്. അതിന് എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഭൗതിക സൗകര്യങ്ങളോട് കൂടിയ ബാച്ചുകള്‍ അനുവദിക്കണം. നിലവിലെ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തണം. തെക്കന്‍ ജില്ലകളില്‍ ഒഴിവുവരുന്ന സീറ്റുകള്‍ മലബാര്‍ ജില്ലകളിലേക്ക് ഷിഫ്റ്റ് ചെയ്യണം (ഇത് പ്രകാരം സര്‍ക്കാരിന് അധിക ബാധ്യത വരുന്നുമില്ല) ഇങ്ങനെയൊക്കെ കാര്യമായ ഇടപെടല്‍ നടത്തിയാല്‍ മാത്രമേ മലപ്പുറത്ത് സീറ്റില്ലാത്ത പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ വിവേചനം ഈ വര്‍ഷം മാത്രമുള്ള പ്രതിഭാസമാണെന്ന് കരുതരുത്. ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിലെ കാഴ്ചയാണിത്. നമ്മുടെ വികസന മോഡല്‍ തീര്‍ത്തും വിവേചനപൂര്‍ണമായ ഒന്നായിരുന്നു എന്ന തിരിച്ചറിവിലാണ് ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നമ്മെ എത്തിക്കുക.

വിദ്യാഭ്യാസ മേഖലയില്‍ അത് ഏറ്റവും പ്രകടവും രൂക്ഷവുമാണ് എന്നേയുള്ളൂ. ഈ കൊടിയ വിവേചനത്തിനെതിരേ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ പല സന്ദര്‍ഭങ്ങളായി നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ആത്മാര്‍ഥത ഇല്ലാത്ത ചില പൊടിക്കൈകള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശാശ്വതപരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ സന്നദ്ധമായിട്ടില്ല. എന്നല്ല, ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമില്ലെന്ന് സമര്‍ഥിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെക്കന്‍ കേരളത്തില്‍ അധികമുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ സീറ്റുകളുടെ കണക്ക് പറഞ്ഞാണ് അവര്‍ മലബാറിലെ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശമില്ലാതാക്കുന്നത്. ഈ കൊടിയ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായേ മതിയാവൂ. അനീതിയും വിവേചനവും അധികനാള്‍ ഒരു ജനതയും സഹിക്കില്ല.

Next Story

RELATED STORIES

Share it