- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താലിബാന്റെ അധികാരലബ്ധിയും പൊതുബോധ ആക്രമണവും
കെ എച്ച് നാസര്‍
താലിബാനുമായി ബന്ധപ്പെട്ടു തന്നെയാണ് ചിലതു പറയാനുള്ളത്. സാര്‍വദേശീയ സംഭവ വികാസങ്ങളോടുള്ള മലയാളികളുടെ പ്രതികരണങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധം ആവേശമാണ് അഫ്ഗാനിസ്താനില്‍ താലിബാന്റെ അധികാരലബ്ധിയുമായി ബന്ധപ്പെട്ട് മേല്‍ക്കോയ്മാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമായത്. അയല്‍ രാജ്യമായ അഫ്ഗാനിസ്താനില്‍ നടന്ന അധികാര കൈമാറ്റത്തെ തുടര്‍ന്ന് ആ ജനതയുടെ ഭാവിയിലും ആ രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണത്തിലുമുള്ള ആത്മാര്‍ഥമായ ഉല്‍ക്കണ്ഠകളാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് അടിസ്ഥാനമെന്നു കരുതാന്‍ അപാരമായ നിഷ്‌കളങ്കത കൈമുതലായുള്ളവര്‍ക്കു മാത്രമേ കഴിയൂ. ജനാധിപത്യ തത്ത്വങ്ങളോടും മാനവിക മൂല്യങ്ങളോടും മതേതര കാഴ്ചപ്പാടുകളോടും മനുഷ്യാവകാശങ്ങളോടും സ്ത്രീസുരക്ഷയോടുമുള്ള കലശലായ പ്രതിപത്തിയാണ് ഈ പ്രതികരണങ്ങള്‍ക്ക് പ്രേരണയെന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളുമല്ല നമ്മള്‍. സെലക്റ്റീവ് അംനീഷ്യ ശീലമാക്കിയ മലയാളികളുടെ നിര്‍മിത പൊതുബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് കാപട്യം കലര്‍ന്ന ഈ സെലക്റ്റീവ് റെസ്‌പോണ്‍സും എന്നു പറയാതെ വയ്യ.
അമേരിക്കന്‍ അധിനിവേശ ശക്തികള്‍ അരങ്ങൊഴിഞ്ഞു പോയ അഫ്ഗാനില്‍ സ്വാഭാവികമായും താലിബാന്‍ അധികാരം കൈയടക്കി. അധിനിവേശം സാമ്രാജ്യത്വത്തിന്റേതാണെങ്കിലും സയണിസത്തിന്റേതാണെങ്കിലും സോഷ്യല്‍ ഫാഷിസത്തിന്റേതാണെങ്കിലും അതിനെ പ്രതിരോധിക്കുകയും ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യുന്ന ജനസമൂഹങ്ങള്‍ വിസ്മയം തന്നെയാണ്. അമേരിക്കന്‍ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ച വിയറ്റ്‌നാമും ഷാ പഹ്‌ലവിക്കെതിരേ ഇസ്‌ലാമിക വിപ്ലവം നയിച്ച ഇറാനും റഷ്യന്‍ മേല്‍ക്കോയ്മയ്‌ക്കെതിരേ ധീരോദാത്തമായി പോരാടിയ ചെച്‌നിയയും ഇസ്രായേല്‍ സയണിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഫലസ്തീനും സോവിയറ്റ് യൂനിയന്റെയും അമേരിക്കയുടെയും സാമ്രാജ്യത്വാധിനിവേശത്തെ പതിറ്റാണ്ടുകള്‍ നീണ്ട ചെറുത്തുനില്‍പ്പ് പോരാട്ടത്തിനൊടുവില്‍ അടിയറവ് പറയിച്ച അഫ്ഗാനുമെല്ലാം പാരീസ് കമ്മ്യൂണും ഫ്രഞ്ച് റവല്യൂഷനും ചൈനീസ് വിപ്ലവവും അറബ് വസന്തവും പോലെ ലോക ചരിത്രത്തിലെ വിസ്മയങ്ങള്‍ തന്നെയാണ്. ഇതു പറയുമ്പോള്‍ അസഹിഷ്ണുത കാട്ടുന്നതെന്തിനാണ്?. അമേരിക്കന്‍ നേതൃത്വത്തിലുള്ള അധിനിവേശ സേന അമ്പേ പരാജയപ്പെട്ട് പിന്‍വാങ്ങുന്ന വാര്‍ത്തയ്ക്ക് അഫ്ഗാന്‍ സ്വാതന്ത്ര്യത്തിലേക്ക് എന്ന് തലക്കെട്ടു കൊടുക്കുന്നതില്‍ അരിശം കൊള്ളുന്നതെന്തിനാണ്?. വിയറ്റ്‌നാമിലേതിനു സമാനമായി അഫ്ഗാനിലും സംഭവിച്ച അമേരിക്കന്‍ പരാജയത്തില്‍ അസ്വസ്ഥപ്പെടുന്നതെന്തിനാണ്? ഉത്തരം ഒന്നേയുള്ളൂ; അത് ലളിതവുമാണ്. ഇസ്‌ലാം ഭീതിയും മുസ്‌ലിം വിരോധവും തലയ്ക്കു പിടിച്ച, മാനവികതാവാദികള്‍ മുതല്‍ മാവോവാദികളെ വരെ സൂക്ഷ്മതലത്തില്‍ കീഴടക്കിയ ഹിന്ദുത്വവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായ നിര്‍മിത പൊതുബോധത്തിന്റെ തിരതള്ളലാണ് ഈ ആവേശ പ്രകടനവും വിദ്വേഷ പ്രചാരണവും എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ ധാരാളം.
താലിബാന് സ്തുതിഗീതം പാടിയതിനല്ല മാധ്യമത്തിനെതിരേ മനുവാദികള്‍ മുതല്‍ മാര്‍ക്‌സിസ്റ്റുകള്‍ വരെ ഉറഞ്ഞുതുള്ളുന്നതും ബഹിഷ്‌കരണാഹ്വാനങ്ങള്‍ മുഴക്കുന്നതും മാധ്യമത്തില്‍ എഴുതുന്നതുപോലും നിര്‍ത്തിക്കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതും. അങ്ങനെയെങ്കില്‍, 'ഇപ്പോള്‍ പിന്തുണയ്‌ക്കേണ്ടത് താലിബാനെ' എന്ന് കവര്‍ സ്‌റ്റോറി ചെയ്ത വാരികയെയോ അഭിമുഖം നല്‍കിയ നയതന്ത്ര വിദഗ്ധനെയോ സൈബര്‍ ആക്രമണത്തിനു ശരവ്യമാക്കാന്‍ ഇക്കൂട്ടര്‍ മടിക്കുന്നതെന്തുകൊണ്ട്?. ഇസ്‌ലാമോഫോബിക്കായ മനോഘടന മറനീക്കി പുറത്തു വരുന്നതാണിതെല്ലാം. നിഷ്പക്ഷരെന്നും മുസ്‌ലിം വിരുദ്ധരല്ലെന്നും തെളിയിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരും സാമൂഹിക, രാഷ്ട്രീയ നിരീക്ഷകരും വരെ അഫ്ഗാനിലെ അധികാരകൈമാറ്റത്തെ കുറിച്ചുള്ള ലേഖനങ്ങളും പ്രതികരണങ്ങളും ആവശ്യപ്പെടുമ്പോള്‍ അറച്ചുനില്‍ക്കുന്നതും മേല്‍പ്പറഞ്ഞ പൊതുബോധ ആക്രമണത്തെ ഭയന്നാണ്. ഈ സന്ദിഗ്ധാവസ്ഥയെയാണ് വാസ്തവത്തില്‍ നമ്മള്‍ ഭയക്കേണ്ടത്. അഫ്ഗാനിസ്താനിലേക്കാള്‍ കൂടുതല്‍ താലിബാനികള്‍ കേരളത്തിലുണ്ടെന്ന് ജനസംഖ്യാ ശാസ്ത്രത്തിന്റെ ഗണിതയുക്തിയിലൂടെ ലളിതയുക്തി നിരത്തി പേടിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന പ്രഭാഷണപ്രവീണന്മാരായ ഇളമുറത്തമ്പുരാക്കന്മാരുടെയും സര്‍വകലാശാല ഗുരുക്കന്മാരുടെയും മതേതര മാമാങ്കക്കാരുടെയും സെക്യുലര്‍ വ്യാജങ്ങളെയും വാചാടോപങ്ങളെയുമാണ് നമ്മള്‍ പേടിക്കേണ്ടത്. ഇവരെ പിന്തുണയ്ക്കുകയും ഇവര്‍ക്കുവേണ്ടി അരങ്ങു നിറഞ്ഞാടുകയും ഉറഞ്ഞു തുള്ളുകയും ചെയ്യുന്ന സൈബര്‍ ശേവുകക്കാരെയും സാംസ്‌കാരിക ശിഖണ്ഡികളെയുമാണ് നമ്മള്‍ പേടിക്കേണ്ടത്. ആര്‍എസ്എസ് ഒരു സംഘടനയല്ല, മനസ്ഥിതിയാണ് എന്ന് കൂടുതല്‍ കൂടുതലായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇത്തരക്കാരിലൂടെ. സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പക്ഷത്താണ് തങ്ങളുമെന്ന് പ്രച്ഛന്ന വേഷമഴിച്ചുവച്ച് സ്വയം അനാവൃതരാവുന്ന ഇത്തരക്കാരോട് തങ്ങളുടെ തനിനിറം വെളിവാക്കിത്തന്നതിന് നാം നന്ദിയുള്ളവരായിരിക്കുക. ആള്‍ക്കൂട്ടത്തില്‍ ഉടുമുണ്ടഴിഞ്ഞു പോവുമ്പോഴുണ്ടാവുന്ന ജാള്യവും ലജ്ജയും അവര്‍ക്കുണ്ടാവാത്തതില്‍ അല്‍പ്പം സഹതാപവുമാകാം.
അന്താരാഷ്ട്ര വിഷയങ്ങളില്‍ പോലും അതിസങ്കീര്‍ണമായ രാഷ്ട്രീയ സമസ്യകളെ മറ്റുള്ളവര്‍ വിശകലനം ചെയ്യേണ്ടത് അവനവന്റെ മഞ്ഞക്കണ്ണട വച്ചായിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നവരുടെ സ്വതന്ത്ര ചിന്ത എത്രമാത്രം അസംബന്ധമാണെന്ന് ആലോചിച്ചു നോക്കൂ. മലയാളത്തിലെ 'മ' പ്രസിദ്ധീകരണങ്ങളും മഞ്ഞപ്പോര്‍ട്ടലുകളുമെല്ലാം മുസ്‌ലിം വിരുദ്ധതയില്‍ അധിഷ്ഠിതമായ അന്ധമായ താലിബാന്‍ വിരോധം വമിക്കുമ്പോള്‍ മറ്റുള്ളവരും അങ്ങനെ തന്നെ ചെയ്യണമെന്ന വാശി എന്തിനാണ്?. സ്വന്തം താല്‍പ്പര്യസംരക്ഷണാര്‍ഥം പാശ്ചാത്യ മാധ്യമങ്ങള്‍ പടച്ചുവിടുന്ന നിറംപിടിപ്പിച്ചതും ആധികാരിക സ്രോതസ്സുകളില്ലാത്തതുമായ താലിബാന്‍ ഭീകരത എന്ന നിലയില്‍ പുറത്തുവരുന്ന വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല നമ്മള്‍ അഫ്ഗാന്‍ രാഷ്ട്രീയം വിശകലനം ചെയ്യേണ്ടത് എന്നു പറഞ്ഞത് തേജസോ മാധ്യമമോ അല്ല; നയതന്ത്ര വിദഗ്ധനും അഫ്ഗാന്‍ മുജാഹിദുകളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത വ്യക്തിയുമായ എം കെ ഭദ്രകുമാറാണ്. അദ്ദേഹം ഒരു മലയാളവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ നമുക്കൊന്നു ശ്രദ്ധിക്കാം: ഒരു നൂറ്റാണ്ട് മുമ്പ് സ്ത്രീകളെ മാറു മറയ്ക്കാന്‍ സമ്മതിക്കാത്ത പ്രാകൃതമായ ഒരു സമൂഹമായിരുന്നു നമ്മുടേത് എന്നു മറക്കണ്ട. ചരിത്രപരമായ ഈ ഒഴുക്കിന്റെ തുടര്‍ച്ചയായാണ് ഇവിടെ സാമൂഹികമാറ്റം ഉണ്ടായത്. ഇപ്പോഴും സ്ത്രീസുരക്ഷയിലോ സ്ത്രീ സ്വാതന്ത്ര്യത്തിലോ നമ്മള്‍ പൂര്‍ണരായ ഒരു സമൂഹമായി മാറിയിട്ടില്ല. അതിനാല്‍ തന്നെ അഫ്ഗാന്റെ ചരിത്രത്തിന്റെ ഒഴുക്ക് മനസ്സിലാക്കാതെ നമ്മള്‍ താലിബാന്റെ സാമൂഹിക വീക്ഷണത്തെ വിമര്‍ശിക്കുന്നത് അപക്വമാണ്. താലിബാനെതിരേ ഉയരുന്ന പല നിരീക്ഷണങ്ങളും ഇസ്‌ലാമോഫോബിയ ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പാശ്ചാത്യ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് താലിബാന്‍ പ്രാകൃതരാണ്, മൃഗങ്ങളെപ്പോലെ പെരുമാറുന്നവരാണ് എന്നെല്ലാം നിരീക്ഷിക്കുന്നത്.
കലാകൗമുദി വാരികയുടെ ആഗസ്ത് 29 സെപ്തംബര്‍ 5 ലക്കത്തിലെ അഭിമുഖത്തില്‍നിന്ന് ഈ ഭാഗം ഉദ്ധരിച്ചത് കിട്ടിയ അവസരത്തില്‍ താലിബാനെ ഒന്നു വെള്ളപൂശിക്കളയാം എന്നു വ്യാമോഹിച്ചല്ല. സത്യം യാത്ര തുടങ്ങാന്‍ ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകം ചുറ്റി തിരിച്ചു വന്നിട്ടുണ്ടാവും എന്നു ചൂണ്ടിക്കാണിക്കാനാണ്. താലിബാന്റെ ചെയ്തികള്‍ക്ക് ഇന്ത്യയിലെയും കേരളത്തിലെയും മുസ്‌ലിംകള്‍ ക്ഷമാപണസ്വരത്തില്‍ മാത്രം സംസാരിക്കണമെന്നും ലോകത്തു നടക്കുന്ന എല്ലാ ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും മൊത്തമായും ചില്ലറയായും അപലപിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നുമുള്ള നടപ്പുരീതിയെ ചോദ്യം ചെയ്യാനാണ്. ശ്രീലങ്കയില്‍ തമിഴ് വംശജരെ വംശഹത്യ ചെയ്യുന്ന സിംഹള ഭീകരതയെയും മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ കൊന്നൊടുക്കുന്ന ബുദ്ധ ഭീകരതയെയും അപലപിക്കാന്‍ ഇന്ത്യയിലെ ബുദ്ധമതവിശ്വാസികള്‍ക്കില്ലാത്ത, കുരിശു യുദ്ധമാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ച് അമേരിക്കയും പാശ്ചാത്യ ശക്തികളും നടത്തുന്ന കൂട്ടക്കൊലകളെയും അത്യാചാരങ്ങളെയും അപലപിക്കാന്‍ ക്രൈസ്തവിശ്വാസികള്‍ക്കല്ലാത്ത, സിന്‍ ജിയാങിലെ വൈഗൂര്‍ മുസ്‌ലിംകളോട് ചൈനീസ് ഭരണകൂടം അനുവര്‍ത്തിക്കുന്ന ക്രൂരതകളെ അപലപിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കില്ലാത്ത, ഇന്ത്യയില്‍ പശുവിന്റെ പേരിലും ശ്രീരാമന്റെ പേരിലും ആര്‍എസ്എസ് നടത്തുന്ന ആള്‍ക്കൂട്ടക്കൊലകളെയും വംശീയ കലാപങ്ങളെയും അപലപിക്കാന്‍ ഹിന്ദുക്കള്‍ക്കില്ലാത്ത ബാധ്യത മുസ്‌ലിംകള്‍ക്കു മാത്രം ഉണ്ടായിരിക്കണമെന്ന ദുശ്ശാഠ്യമാണ് വംശവെറിയുടെ വിത്തെറിയുന്നതും വിഷവൃക്ഷങ്ങളെ വളര്‍ത്തുന്നതും.
താലിബാന്‍ വിഷയത്തില്‍ ഒരു സമുദായത്തെ വളഞ്ഞിട്ടാക്രമിക്കാന്‍ മനുവാദികളും മാര്‍ക്‌സിസ്റ്റുകളും മാവോവാദികളും മാനവികവാദികളും യുക്തിവാദികളും ലിബറലുകളുമെല്ലാം ഒരു കുടക്കീഴില്‍ സംഗമിക്കുന്ന ഭ്രമകരമായ കാഴ്ചയാണ് യഥാര്‍ഥത്തില്‍ ഭയം ജനിപ്പിക്കുന്നത്; അതാണ് ഭയപ്പെടേണ്ടതും.
RELATED STORIES
ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTമംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMT