Editors Pick

ഈ കെണിയില്‍ തല വയ്ക്കാതിരിക്കാന്‍ കേരളം സൂക്ഷ്മമായ ജാഗ്രത കാണിച്ചേ പറ്റൂ

ഈ കെണിയില്‍ തല വയ്ക്കാതിരിക്കാന്‍ കേരളം സൂക്ഷ്മമായ ജാഗ്രത കാണിച്ചേ പറ്റൂ
X

'മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും പരസ്പര സൗഹാര്‍ദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. അപരന്റെ പേര് പറഞ്ഞല്ല, ദൈവത്തിന്റെ പേരിലാണ് സംഘടിക്കേണ്ടത്. ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്താണ് നില്‍ക്കേണ്ടത്.' ഹംഗറി സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞ വാക്കുകളാണിവ. കേരളത്തിന്റെ സമകാലിക സന്ദര്‍ഭത്തോട് ചേര്‍ത്തു വായിക്കേണ്ട അര്‍ഥഗര്‍ഭമായ വാക്കുകള്‍. മാര്‍പ്പാപ്പയുടെ ഈ സ്‌നേഹ സന്ദേശം കേരളീയ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടാല്‍ അതിന്റെ പ്രഥമ സംബോധിതരാവേണ്ട ക്രൈസ്തവ മേലധ്യക്ഷന്മാര്‍ ഇതു തലകുലുക്കി സമ്മതിക്കുമോ, പുച്ഛിച്ചു തള്ളുമോ എന്ന ചോദ്യത്തിന് വാക്കുകള്‍ കൊണ്ടു മാത്രമല്ല പ്രവൃത്തി കൊണ്ടും മറുപടി നല്‍കിക്കഴിഞ്ഞിരിക്കുകയാണ് കേരളത്തിലെ ചില ക്രൈസ്തവ പുരോഹിതന്മാര്‍. നാടിന്റെ സൗഹാര്‍ദ പാരമ്പര്യവും സമാധാനാന്തരീക്ഷവും കലുഷമാക്കുന്ന തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ ഉത്തരവാദികള്‍ തങ്ങളാണെന്ന ആത്മപരിശോധനയ്ക്ക് സ്‌നേഹ ഗീതങ്ങള്‍ ഉയരേണ്ട അള്‍ത്താരയില്‍നിന്ന് മതവിദ്വേഷം വമിച്ചവര്‍ മുതിരുമെന്ന് പ്രത്യാശിക്കാന്‍ സമയമായിട്ടില്ല; സമാധാന പ്രിയരായ മലയാളികള്‍ അതാണ് ആഗ്രഹിക്കുന്നതെങ്കില്‍ കൂടിയും.

വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കേരളം ഒറ്റക്കെട്ടായി ഓര്‍മിപ്പിക്കേണ്ട നേരമായിരിക്കുന്നു. തെളിവുകളോ വ്യക്തതയോ ഇല്ലാത്ത, ഉത്തരവാദിത്തബോധമോ ലക്ഷ്യബോധമോ ഇല്ലാത്ത, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാത്രം അടങ്ങിയ പ്രസ്താവന. ഒരു മതനിരപേക്ഷരാജ്യത്തില്‍, മതേതരത്വം ജീവനാഡിയായി കൊണ്ടുനടക്കുന്ന കേരളസമൂഹത്തില്‍ വിഭാഗീയ ചിന്താഗതി വളര്‍ത്താന്‍ മാത്രം ഉതകുന്ന ഒരു പ്രസ്താവന. അതായിരുന്നു സിറോ മലബാര്‍ സഭ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ക്രൈസ്തവ വിശ്വാസികളില്‍ നട്ടുവളര്‍ത്തിക്കൊണ്ടിരിക്കുന്ന പരമത വിദ്വേഷം, വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ മുസ്‌ലിം സമുദായത്തോട് വെറുപ്പ് വളര്‍ത്തുന്ന നുണപ്രചാരണങ്ങളിലൂടെയുള്ള ചിട്ടയായ പ്രവര്‍ത്തന പരമ്പരകളിലെ പുതിയ വെളിപാടാണ് പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശങ്ങളിലൂടെ കേരളം കേട്ടത്. അത് ഒരു അബദ്ധമോ നാക്കു പിഴയോ ആയിരുന്നില്ല. ലൗജിഹാദില്‍ തുടങ്ങി നര്‍ക്കോട്ടിക് ജിഹാദിലെത്തിനില്‍ക്കുന്ന പ്രസ്താവനകള്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ മാത്രം പ്രശ്‌നമായി ചുരുക്കാവുന്നതല്ല. വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പാലാ രൂപത ഒരു വിശദീകരണക്കുറിപ്പിറക്കി. സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് പങ്കുവച്ചതെന്നാണ് വിശദീകരണം. തെറ്റിദ്ധാരണയും ഭിന്നിപ്പുമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കാത്ത വിശദീകരണക്കുറിപ്പ് ആത്മാര്‍ഥതയുള്ള തിരുത്തലാവില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരളത്തിലെ സാമുദായിക അന്തരീക്ഷത്തില്‍ ഉരുണ്ടു കൂടുന്ന ചില കാര്‍മേഘങ്ങള്‍ സമൂഹം തിരിച്ചറിയാതെ പോവുന്നതല്ല. മതവുമായി ഒരു ബന്ധവുമില്ലെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന കാര്യങ്ങളില്‍ പോലും സ്പര്‍ധയ്ക്കിടയാക്കുന്ന ആശയങ്ങള്‍ ഉയര്‍ത്തപ്പെടുന്നു, പ്രചരിക്കപ്പെടുന്നു. രാജ്യത്തെ രാഷ്ട്രീയസാഹചര്യമോ മതേതരത്വം നേരിടുന്ന വെല്ലുവിളികളോ പരിഗണിക്കാതെ പരസ്പരവിദ്വേഷമുണ്ടാക്കുന്ന പല നീക്കങ്ങളും അടിത്തട്ടില്‍ സജീവമാണ്. ഏതു മതത്തിലാണെങ്കിലും ശരിയായ വഴിയിലേക്കു നയിക്കേണ്ട മതനേതാക്കള്‍ തന്നെ വിഭാഗീയചിന്താഗതിക്ക് തീ കൊളുത്തുന്നത് ഖേദകരമാണ്. ഞങ്ങളും നിങ്ങളും എന്ന വേര്‍തിരിവ് രാജ്യത്തെ മുറിവേല്‍പ്പിക്കുന്നത് നമ്മള്‍ കണ്ടു കൊണ്ടേയിരിക്കുകയാണ്.

തീവ്രമായ പ്രകോപനങ്ങളും പ്രലോഭനങ്ങളുമുണ്ടായിട്ടും കേരളം വഴി മാറിനടന്നു. പക്ഷേ, സമീപകാലത്തായി അത്യന്തം അപകടരമായ പ്രവണതകള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നതായി നാം കാണുന്നു. മറയ്ക്കു പിന്നിലും അരങ്ങിലുമായി അണിനിരക്കുന്ന കത്തിവേഷങ്ങള്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയുമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയ സംഘപരിവാര ദൂഷിത വലയങ്ങള്‍ തന്നെയാണെന്നും നമുക്കു കാണാം. തങ്ങളുടെ ഉന്മൂലന അജണ്ടയുടെ ആദ്യ ഇരകളിലൊന്നായ ക്രിസ്ത്യന്‍ സമൂഹത്തെ മുസ്‌ലിംകള്‍ക്കെതിരായി സമര്‍ഥമായി തിരിച്ചുവിടാന്‍ ആര്‍എസ്എസ്സിനു കഴിയുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രമായ വിജയമല്ല, താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന, നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് അടിപ്പെട്ട ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരുടെ കീഴടങ്ങലും െ്രെകസ്തവ വിശ്വാസികളുടെ തന്നെ പരാജയവുമാണ്. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അതുന്നയിക്കുന്നതിനും പരിഹരിക്കുന്നതിനും അപരവിദ്വേഷസ്വരം ആവശ്യമുണ്ടോ?. കുറ്റകൃത്യങ്ങളില്‍ സംഘടിത സ്വഭാവം സംശയിക്കുന്നുണ്ടെങ്കില്‍ പോലും അതിന് മതത്തിന്റെ നിറം നല്‍കുന്നതുകൊണ്ട് എന്താണ് നേട്ടം?. വ്യക്തികളുടെ കുറ്റകൃത്യങ്ങളില്‍ മതങ്ങള്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെങ്കില്‍ അത് എല്ലാ മതങ്ങള്‍ക്കും ബാധകമാവേണ്ടതാണ്. സംഘടിത കുറ്റകൃത്യങ്ങള്‍ എന്ന ആരോപണം പൊള്ളയല്ലെങ്കില്‍ കൃത്യമായ തെളിവുകളോടെ നീതിന്യായവ്യവസ്ഥയെ സമീപിക്കുകയാണ് ചെയ്യേണ്ടത്. അതിനപ്പുറം സമുദായങ്ങള്‍ തമ്മില്‍ വിള്ളലുണ്ടാക്കുന്ന അപകടകരമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് വ്യക്തമായി പറയാനുള്ള ധൈര്യം കേരളം കാണിക്കണം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പും കേരളത്തിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഇത്തരത്തില്‍ ഗൂഢലക്ഷ്യം വച്ചുള്ള നിരവധി പ്രസ്താവനകള്‍ നടത്തുന്നത് കേരളം കണ്ടു. വിദ്വേഷം വിളിച്ചുപറയാന്‍ വേദികള്‍ സൃഷ്ടിക്കപ്പെടരുതെന്ന ബോധം എല്ലാ കോണിലുമുണ്ടാവണം. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ ലക്ഷ്യംവച്ച് ഇതരമതങ്ങളെ അപരവല്‍ക്കരിക്കുന്നതും വര്‍ഗീയത തന്നെയാണ്. അതേസമയം, തന്നെ ഈ പ്രസ്താവന മുതലെടുക്കാന്‍ ചാടിയിറങ്ങിയിരിക്കുന്നവരെയും കേരളം കാണാതെ പോവരുത്. പ്രതികരണത്തിന്റെ പേരില്‍ പ്രകോപനം സൃഷ്ടിക്കുന്നവര്‍ മുതല്‍ മറയില്ലാതെ രാഷ്ട്രീയമുതലെടുപ്പിന് ഇറങ്ങിയിരിക്കുന്നവര്‍ വരെ സജീവമായിരിക്കുന്നു. ഈ കെണിയില്‍ തല വയ്ക്കാതിരിക്കാന്‍ കേരളം സൂക്ഷ്മമായ ജാഗ്രത കാണിച്ചേ പറ്റൂ. സംഘപരിവാരം രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അതേ ശൈലിയിലേക്കാണ് ഈ വിഷയത്തെ ബിജെപി ഏറ്റെടുത്തിരിക്കുന്നത്. ഏതൊക്കെ സംഭവങ്ങളാണ് നര്‍ക്കോട്ടിക് ജിഹാദ് എന്ന് ആരോപിക്കുന്നതെന്ന് യുക്തിയുള്ള ആരും തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങളൊന്നും ബിജെപിക്കില്ല. പകരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ മതത്തില്‍ പെട്ടവരെല്ലാം നിലപാട് വിശദീകരിക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. ഇത് ഒരു മതത്തിനു മാത്രമാണ് ബാധകമെന്നതും പ്രത്യേകം ശ്രദ്ധിക്കണം. ലൗജിഹാദ് എന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ പോലും സ്ഥിരീകരിച്ചിട്ടില്ലല്ലോ എന്നു ചോദിച്ചാലും മറുപടി പ്രതീക്ഷിക്കണ്ട.

അശ്വാസകരവും പ്രത്യാശാദായകവുമായ ഒരു കാര്യം കൂടി പരാമര്‍ശിക്കട്ടെ. അത്, െ്രെകസ്തവ സമൂഹത്തില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന വിവേകത്തിന്റെ വാക്കുകളെക്കുറിച്ചാണ്. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് കൂറിലോസ്, മാര്‍ യൂഹാനോന് മിലിത്തിയോസ്, ഫാ. ജയിംസ് പനവേലി, സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകള്‍, സാമൂഹിക നിരീക്ഷകരും എഴുത്തുകാരുമായ റോയ് മാത്യു, ജോസഫ് സി മാത്യു, പോള്‍ സക്കരിയ, ബെന്യാമിന്‍, ഷൈജു ആന്റണി തുടങ്ങി നിരവധി പേര്‍ സ്വീകരിച്ച പക്വവും മതനിരപേക്ഷവും യാഥാര്‍ഥ്യ ബോധത്തോടെയുള്ളതുമായ നിലപാടുകള്‍ കാലുഷ്യം കലര്‍ന്ന ഈ സാമൂഹികാന്തരീക്ഷത്തില്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചം തന്നെയാണ്. അതിനു പുറമെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രകടിപ്പിച്ച നിലപാടുകളും സ്തുത്യര്‍ഹമാണ്. ഇടത്തും വലത്തുമുള്ള, വര്‍ഗീയതയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ആണിയടിച്ചുറപ്പിച്ചിട്ടുള്ള ചില കക്ഷി നേതാക്കളും കേരള രാഷ്ട്രീയത്തിലെ ചില സ്ഥിരം തരികിടകളും പാലാ ബിഷപ്പിന്റെ പക്ഷം പിടിച്ചത്, വെള്ളം കലക്കി മീന്‍ പിടിക്കാനുള്ള സംഘപരിവാര തന്ത്രത്തോട് ചേര്‍ത്തു നിര്‍ത്തി വിലയിരുത്തിയാല്‍ മതി.

എങ്കിലും ഇവിടെ സംസ്ഥാനസര്‍ക്കാരിന് ഇടപെട്ട് നിലപാടെടുക്കാന്‍ ഉത്തരവാദിത്തമുള്ള ചില കാര്യങ്ങളുണ്ട്. ഇങ്ങനെയൊരു ആരോപണത്തിന് സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്താണ് എന്നത് നിയമപരമായി തന്നെ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മയക്കുമരുന്നുമായി ബന്ധപ്പെട്ടവ സാമൂഹികവിരുദ്ധ കുറ്റകൃത്യങ്ങളാണ്. മതത്തിന്റെ നിറം ചാര്‍ത്താതെ നിയമപരമായി കുറ്റകൃത്യങ്ങളുടെ സാഹചര്യം ശരിയായി വിലയിരുത്താന്‍ സര്‍ക്കാര്‍ തയാറാവണം. അനാവശ്യചര്‍ച്ചകളിലേക്ക് വഴിതിരിഞ്ഞു പോവാതെ സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്ത് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാവണം. മദ്യത്തിനും ലഹരിമരുന്നിനും ജാതിമത ടാഗുകള്‍ ചാര്‍ത്താന്‍ അവസരം കൊടുക്കരുത്. കേരളീയ സമൂഹത്തിന് പിന്നോട്ടു നടക്കാനാവില്ല. നിലനിന്നുപോരുന്ന സമുദായമൈത്രി തകര്‍ക്കുകയെന്നത് വളരെ എളുപ്പമാണ്. പരസ്പരബഹുമാനം പൊട്ടിച്ചെറിഞ്ഞു കഴിഞ്ഞാല്‍ സാഹോദര്യത്തോടെ ജീവിക്കുന്ന സമൂഹം തിരിച്ചുകൊണ്ടു വരികയെന്നത് ഏറെയേറെ പ്രയാസകരമാണ്; ചിലപ്പോള്‍ അസാധ്യവും. അങ്ങനെ ആവാതിരിക്കട്ടെ എന്ന് മനമുരുകി പ്രാര്‍ഥിക്കാനേ ഇപ്പോള്‍ കഴിയൂ. ഇന്നത്തെ ലോകത്തോട്, നാളത്തെ മനുഷ്യരാശിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം പരസ്പരവിദ്വേഷം സൃഷ്ടിക്കുകയെന്നതാണ്. മറ്റേതു കുറ്റകൃത്യത്തെയും നിയമം കൊണ്ടും അവബോധം കൊണ്ടും നേരിടാനാവും. മനുഷ്യരോട് മനുഷ്യര്‍ ചെയ്തുകൂടാത്ത ചിലതുണ്ടെന്ന് മതനേതൃത്വങ്ങളും രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും മനസ്സിലാക്കിയേ പറ്റൂ. നമുക്കൊന്നായി ചേര്‍ന്ന് നമ്മുടെ സൗഹാര്‍ദ കേരളത്തെ തിരിച്ചു പിടിക്കാം.

Kerala must be careful not to fall into this trap

Next Story

RELATED STORIES

Share it