Sub Lead

മാംസഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചെന്ന്: മുസ്‌ലിം യുവാവിനെ കഴുത്തുഞെരിച്ചു കൊന്നു

പണം തട്ടിയതിന് ശേഷമുണ്ടാക്കിയതാണ് മാംസ ഭക്ഷണക്കഥയെന്ന് യുവാവിന്റെ കുടുംബം

മാംസഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചെന്ന്: മുസ്‌ലിം യുവാവിനെ കഴുത്തുഞെരിച്ചു കൊന്നു
X

ലഖ്‌നോ: മാംസഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ കഴുത്തുഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ അഫ്താബ് ആലം(28) കൊല്ലപ്പെട്ടത്. വാരാണസി സ്വദേശിയായ വീരേന്ദ്ര യാദവാണ്(24)പ്രതി. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ കൊണ്ട് അഫ്താബ് ബീഫ് കഴിപ്പിച്ചെന്ന് ചോദ്യം ചെയ്യുന്നതിനിടെ വീരേന്ദ്ര പറഞ്ഞതായി സിന്ധൗര പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ഗ്യാനേന്ദ്ര ത്രിപതി പറഞ്ഞു.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. അടുത്തിടെ അഫ്താബിന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി. വീരേന്ദ്രയ്ക്ക് ഗുജറാത്തിലേക്കും മാറ്റം കിട്ടി. സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ബിഹാറിലെ വീട്ടിലേക്ക് പോയ അഫ്താബിനെ, വീരേന്ദ്ര വാരാണസിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജനുവരി ഏഴിനായിരുന്നു സംഭവം. അന്ന് ഇരുവരും റെയില്‍വേ സ്റ്റേഷനില്‍ വച്ചു കണ്ടു. പിന്നീട് വൈകീട്ട് വീരേന്ദ്രയും സുഹൃത്തും വീണ്ടും അഫ്താബിനെ കണ്ടു. അവിടെ നിന്ന് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് അഫ്താബിനെ കൊലപ്പെടുത്തിയത്. മൃതദേഹം ഒരു പാടത്ത് ഉപേക്ഷിച്ചു. മൃതദേഹം കണ്ട പോലിസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചപ്പോഴാണ് വീരേന്ദ്രയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അഫ്താബിന്റെ രേഖകളും കൈവശമുണ്ടായിരുന്ന പണവും വീരേന്ദ്രയുടെ കൈയ്യില്‍ നിന്നും പോലിസ് പിടിച്ചെടുത്തു.

വീരേന്ദ്രയുടെ കഥ തെറ്റാണെന്ന് അഫ്താബിന്റെ കുടുംബം പറഞ്ഞു. അഫ്താബ് പല വിശ്വാസികളുടെയും കൂടെ ജീവിച്ചിട്ടുണ്ട്. അവരാരും അവനെതിരേ അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് പിതാവ് കലാമുദ്ദീന്‍ പറഞ്ഞു. കൊലപാതകത്തെ പശുവിന് മേല്‍ കൂട്ടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പണത്തിന് വേണ്ടി നടത്തിയ കൊലപാതകമാണ് ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it