Latest News

ശബരിമല യുവതീപ്രവേശനം; 'മതപണ്ഡിതരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം': സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

ശബരിമല യുവതീപ്രവേശനം; മതപണ്ഡിതരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം: സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികളില്‍ സുപ്രിംകോടതിയിലെ ഒന്‍പതംഗ ബെഞ്ചിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. യുവതീപ്രവേശനം പോലുള്ള ആചാരപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതന്മാരുമായി ആലോചിച്ചായിരിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമല്ലെന്നും, സുപ്രിംകോടതി ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി സര്‍ക്കാര്‍ 17 പേജുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കണം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മതാചാരങ്ങളെയും വിശ്വാസങ്ങളെയും ആ മതത്തിന് പുറത്തുള്ളവര്‍ പൊതുതാല്‍പര്യ ഹരജികളിലൂടെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആചാരപരമായ വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി മതപണ്ഡിതന്മാരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തില്‍ നിര്‍ദ്ദേശമുണ്ട്.

വിവിധ മതവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് വാദമുഖങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ നിയമത്തെ അവഹേളിക്കുന്നതോ പൊതുനയത്തിനോ സാമൂഹിക മാന്യതയ്ക്കോ വിരുദ്ധമോ ആയ ഒരു കാര്യത്തെയും മതാചാരം എന്ന നിലയില്‍ അംഗീകരിക്കാനാകില്ല. 2008ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലും സമാനമായ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിരുന്നു.

അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരും മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തയ്യാറാക്കിയത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ഷോങ്കര്‍ വഴിയാണ് കോടതിയില്‍ മറുപടി സമര്‍പ്പിച്ചത്. കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ്. 17 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവവും വിശ്വാസപരമായ സങ്കീര്‍ണ്ണതകളും കണക്കിലെടുത്ത് സമഗ്രമായ വിലയിരുത്തലിനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്.

Next Story

RELATED STORIES

Share it