പൊതുമേഖലാ ബാങ്കുകള്‍ ഇടപാടുകാരെ ഞെക്കിപ്പിഴിഞ്ഞ് കൊള്ളയടിച്ചത് 10,000 കോടി

. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പിഴയിനത്തില്‍ ഇടപാടുകാരില്‍നിന്ന് പൊതുമേഖലാ ബാങ്കുകള്‍ 10,000 കോടി രൂപ ഈടാക്കിയെന്നാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.

പൊതുമേഖലാ ബാങ്കുകള്‍ ഇടപാടുകാരെ   ഞെക്കിപ്പിഴിഞ്ഞ് കൊള്ളയടിച്ചത് 10,000 കോടി
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ ഇടപാടുകാരെ കൊള്ളയടിച്ച് വാരിക്കൂട്ടിയത് കോടികളെന്ന് റിപോര്‍ട്ട്. പുതിയ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഉപഭോക്താക്കളില്‍നിന്ന് പിഴ ഇനത്തില്‍ കോടികള്‍ പകല്‍കൊള്ള നടത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പിഴയിനത്തില്‍ ഇടപാടുകാരില്‍നിന്ന് പൊതുമേഖലാ ബാങ്കുകള്‍ 10,000 കോടി രൂപ ഈടാക്കിയെന്നാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന് കാണിച്ചാണ് വന്‍ പിഴ ഈടാക്കിയത്. കൂടാതെ പരിധി കടന്ന് എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിച്ചതും പിഴ ഈടാക്കാന്‍ കാരണമായി.തൊഴിലുറപ്പ് പ്രവര്‍ത്തകരും കുടുംബശ്രീ തൊഴിലാളികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് നിര്‍ദ്ധനരാണ് ബാങ്കുകളുടെ ഈ ചതിക്ക് ഇരയായവരില്‍ കൂടുതലും.


എസ്ബിഐ കൊള്ളയടിച്ചത്


പൊതുമേഖലാ ബാങ്കുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എസ്ബിഐ 2012 മുതലാണ് പ്രതിമാസം മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാന്‍ ആരംഭിച്ചത്. എന്നാല്‍, കടുത്ത വിമര്‍ശനങ്ങളെതുടര്‍ന്ന് 2016 മാര്‍ച്ച് 31ന് പിഴ ഈടാക്കല്‍ നിര്‍ത്തിവച്ചിരുന്നുവെങ്കിലും 2017 ഏപ്രില്‍ ഒന്നോടെ ഇത് പുനരാരംഭിച്ചു. എന്നാല്‍ പ്രതിമാസ മിനിമം ബാലന്‍സ് മെട്രോ നഗരങ്ങളിലെ സേവിങ് എക്കൗണ്ടുകള്‍ക്ക് 5,000 രൂപയില്‍നിന്ന് 3,000ആയി കുറയ്ക്കുകയും പിഴയിലും കുറവു വരുത്തുകയും ചെയ്തിരുന്നു. ഇക്കാലയളവില്‍ ഈടാക്കിയ കോടികള്‍ വരുന്ന പിഴ സംഖ്യയുടെ കണക്കാണ് പുറത്തുവന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധനയില്ലാത്തതിനാല്‍ പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കിയ പിഴയുടെ കണക്ക് മാത്രമാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.


സ്വകാര്യ ബാങ്കുകള്‍



പൊതുമേഖലാ ബാങ്കുകളുടേതിനു സമാനമായി സ്വകാര്യ ബാങ്കുകളും ഉപയോക്താക്കളെ പിഴിഞ്ഞ് കോടികള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാംഗം ദിബ്യേന്ദു അധികാരി ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്താതിനാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടില്ല. ലഭ്യമാക്കുന്ന സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഈ പകല്‍കൊള്ളയെ ന്യായീകരിച്ച് ധനമന്ത്രാലയം പാര്‍ലമെന്റില്‍ വിശദീകരിച്ചത്. ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുമ്പോള്‍ ബാങ്കുകള്‍ക്ക് വരുന്ന ചെലവ് മാത്രമാണ് ചാര്‍ജ് എന്ന രൂപത്തില്‍ ഈടാക്കുന്നതെന്നും ധനമന്ത്രാലയം അവകാശപ്പെടുന്നു.


എടിഎം വഴിയുള്ള ചൂഷണം


മെട്രോ നഗരങ്ങളിലും മറ്റു ഇടങ്ങളിലും അനുവദിച്ച പരിധി കഴിഞ്ഞ് ഉപയോഗിച്ചവരില്‍ നിന്നാണ് ചാര്‍ജ് ഇനത്തില്‍ വന്‍ തുക ഈടാക്കിയത്. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കുകളുടെയും എടിഎം കൗണ്ടറില്‍ നിന്ന് മൂന്ന് തവണ സൗജന്യമായി ഇടപാട് നടത്താം. ബാങ്കുകളുടെ സ്വന്തം എടിഎം കൗണ്ടറില്‍ നിന്ന് അഞ്ച് തവണയും ഇടപാട് സൗജന്യമാണ്. ഈ പരിധി കഴിഞ്ഞ് ഇടപാട് നടത്തുവരുടെ അക്കൗണ്ടില്‍ നിന്ന് 20 ശതമാനം തുക ചാര്‍ജ് ഈടാക്കുമെന്ന് ധനന്ത്രാലയം വിശദീകരിച്ചു. എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടുമെന്ന വിവരം അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇങ്ങനെ ഒരു പദ്ധതി ഇല്ലെന്ന് ബാങ്കുകള്‍ അറിയിച്ചു. 2019 മാര്‍ച്ചോടെ പകുതി കൗണ്ടറുകള്‍ അടയ്ക്കുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു.




Shareef p k

Shareef p k

Our Contributor help bring you the latest article around you


RELATED STORIES

Share it
Top