Wayanad

വയനാട്ടില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍

വയനാട്ടില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍
X

കല്‍പ്പറ്റ: ജില്ലയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് മുസ്‌ലിം ലീഗ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ജില്ലാ നേതൃത്വത്തിനെതിരേ വന്‍ തട്ടിപ്പ് ആരോപണങ്ങളാണ് പോസ്റ്ററുകളിലുള്ളത്. പ്രളയഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണം, പ്രളയഫണ്ട് കൈകാര്യം ചെയ്ത ജില്ലാ സെക്രട്ടറി യഹിയാഖാനെ പുറത്താക്കണം എന്നീ ആവശ്യങ്ങളും പോസ്റ്ററുകളില്‍ ഉന്നയിക്കുന്നുണ്ട്. എതിര്‍ക്കുന്നവരെ യഹിയാഖാന്‍, ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് രാഷ്ട്രീയപരമായി ഇല്ലാതാക്കുന്നു.


വയനാട് ജില്ലാ ലീഗ് ഭരിക്കുന്നത് കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയാ സംഘമാണെന്നാണ് മറ്റൊരു ആരോപണം. ഖഇദെ മില്ലത്ത് ഫൗണ്ടേഷന്റെ പേരിലും, മാഗസിന്റെ പേരിലും വന്‍ തട്ടിപ്പ് നടന്നതായും പരാമര്‍ശമുണ്ട്. കല്‍പ്പറ്റ പ്രസ്‌ക്ലബ്ബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ലീഗ് നേതൃത്വത്തിനെതിരെയുള്ള നോട്ടീസുകളും പല മേഖലകളിലും വിതരണം ചെയ്തിട്ടുണ്ട്. ലീഗിനെ കൊള്ളക്കാരുടെ കൈയില്‍നിന്ന് മോചിപ്പിക്കണമെന്നും കെഎംസിസി പാവങ്ങള്‍ക്ക് നല്‍കിയ പണം നേതാക്കള്‍ തട്ടിയെടുത്തെന്നുമാണ് നോട്ടീസുകളില്‍ പറയുന്നത്. എതിര്‍ക്കുന്നവരെ പുറത്താക്കുകയാണ് നേതൃത്വം.

തിരഞ്ഞെടുപ്പ് കാലത്ത് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ നേതാക്കളെ ജില്ലാ പ്രസിഡന്റുള്‍പ്പെടെ സംരക്ഷിക്കുകയാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു. പ്രളയഫണ്ടില്‍ തട്ടിപ്പ് നടന്നെന്നാരോപിച്ച് പാണക്കാട് തങ്ങള്‍ക്ക് കത്തയച്ച ജില്ലാ നേതാവ് സി മമ്മിയെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തിരുന്നു. ഈ നടപടിയെയും ഒരുവിഭാഗം ചോദ്യം ചെയ്യുന്നു. കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച മമ്മിക്കെതിരേ സംഘടനാ അച്ചടക്ക നടപടി വന്നപ്പോഴും അഴിമതിയാരോപണം സംബന്ധിച്ച വിശദീകരണത്തില്‍നിന്ന് നേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു. ഈ മാസം 15ന് ഇതുസംബന്ധിച്ച് ലീഗ് യോഗം വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it