Wayanad

കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും

കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും
X

കല്‍പ്പറ്റ: വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയായ പുല്ലങ്കോട് എസ്റ്റേറ്റില്‍ കണ്ട കടുവയെ മയക്കുവെടി വച്ച് വീഴ്ത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. കടുവയെ കുടുക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടര്‍ന്നാണ് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത്. എസ്റ്റേറ്റില്‍ കണ്ട കടുവ രണ്ടുദിവസത്തിനിടെ രണ്ട് കാട്ടുപന്നികളെ കൊന്നിരുന്നു. ഇവയെ പകുതി ഭക്ഷിച്ച നിലയില്‍ എസ്റ്റേറ്റില്‍ കാണപ്പെടുകയും ചെയ്തു.

കഴിഞ്ഞ രാത്രി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായി. ചെറൂരില്‍ മുണ്ടയ്ക്കല്‍ കുഞ്ഞേട്ടന്റെ പശുക്കിടാവിനെയാണ് കടുവ കൊണ്ടുപോയി തിന്നത്. ഇതോടെയാണ് കെണിയില്‍ വീഴുന്നതിനായി കാത്തിരിക്കാതെ മയക്കുവെടി വയ്ക്കാന്‍ തീരുമാനമായത്. ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി രാമദാസിന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തുന്നത്. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ വനപാലകസംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

14 ദിവസത്തിനിടെ 10 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഡിഎഫ്ഒ ഓഫിസ് ഉപരോധിച്ചിരുന്നു. കടുവയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് മുന്നോടിയായി മാനന്തവാടി കുറുക്കന്‍മൂലയിലും പരിസരങ്ങളിലും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെറൂര്‍, കുറുക്കന്മൂല, കാടന്‍കൊല്ലി, കുറുവാ ഭാഗത്താണ് നിരോധനാജ്ഞ. ആളുകള്‍ പുറത്തിറങ്ങരുതെന്ന് പോലിസും വനം വകുപ്പും മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it