Thiruvananthapuram

മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവിന്റെ മരണം; മൂന്നുപേര്‍ കസ്റ്റഡിയില്‍

സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉണ്ടായ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവിന്റെ മരണം; മൂന്നുപേര്‍ കസ്റ്റഡിയില്‍
X

കഴക്കൂട്ടം: മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് ഉള്‍പ്പടെ മൂന്നുപേര്‍ കസ്റ്റഡിയില്‍. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉണ്ടായ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകീട്ടാണ് മൂന്നു യുവാക്കള്‍ മര്‍ദ്ദനമേറ്റ് അവശനായ നിലയില്‍ വിഷ്ണുവിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികില്‍സയ്ക്കിടെ യുവാവ് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലെത്തിച്ച മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാളും വിഷ്ണുവും ബംഗളൂരുവിലാണ് കഴിഞ്ഞിരുന്നത്. ഇരുവരും നാട്ടിലേക്ക് അവധിക്ക് എത്തിയതായിരുന്നു. ബംഗളൂരുവില്‍ വച്ച് വിഷ്ണു സുഹൃത്തിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് അതിലുണ്ടായിരുന്ന വിവരങ്ങള്‍ അയാളുടെ അമ്മയോട് പറയുകയും ചെയ്തതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായി പറയുന്നത്.

നാട്ടിലെത്തിയ ഇരുവരും ബംഗളുരുവിലേക്ക് തിരികെപോകും വഴി വിഷ്ണുവിനെ ചിറയിന്‍കീഴുള്ള യുവാവിന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പോലിസ് പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വിഷ്ണു അവശനായതോടെയാണ് യുവാക്കള്‍ തന്നെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനുശേഷം മാത്രമെ മരണകാരണം മര്‍ദ്ദനമാണോയെന്ന് സ്ഥിരീകരിക്കാനാവുവെന്നും പോലിസ് അറിയിച്ചു. ഇതിന് ശേഷം മാത്രമെ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തൂ. കേസില്‍ പ്രതികളായ മറ്റു രണ്ടുപേര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വിഷ്ണുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it