Thiruvananthapuram

ആര്‍എസ്എസ്സുകാരെ വെട്ടിയ കേസില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ജില്ലയില്‍ വീണ്ടും സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം വ്യാപിക്കുകയാണ്. ഇന്നലെ രാത്രി വെള്ളനാട് ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായി. കള്ളിക്കാട് രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

ആര്‍എസ്എസ്സുകാരെ വെട്ടിയ കേസില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
X

തിരുവനന്തപുരം: നഗരത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പേട്ടയ്ക്ക് സമീപം പാല്‍ക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി(32), കുക്കു എന്നുവിളിക്കുന്ന ശ്യാം(30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ കവറടി ജങ്ഷനില്‍ വച്ചാണ് ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലുകളില്‍ പെയിന്റ് അടിക്കുന്നതിലെ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മതിലില്‍ പെയിന്റ് അടിക്കുകയായിരുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടയാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നെന്ന് പോലിസ് പറയുന്നു. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.

സാരമാക്കി പരിക്കേറ്റ ഷാജിയേയും ശ്യാമിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ സര്‍ജിക്കല്‍ ഐസിയുവിലും ഷാജിയെ 15ാം വാര്‍ഡിലും പ്രവേശിപ്പിച്ചു. ശ്യാമിന് വയറിലും പുറം ഭാഗത്തും പരിക്കുണ്ട്. വയറില്‍ ആഴത്തില്‍ കുത്തേറ്റ ശ്യാമിനെ രാത്രിതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാജിക്ക് തോളിലും വയറിലുമാണ് സാരമായ പരിക്കുള്ളത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച വഞ്ചിയൂര്‍ പോലിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഷാരോണിനെയും ദിനിലിനെയും കസ്റ്റഡിയിലെടുത്തു. സംഘര്‍ത്തില്‍ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രകോപനം കൂടാതെ സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ഷാരോണ്‍ പറഞ്ഞു.

അതേസമയം, ജില്ലയില്‍ വീണ്ടും സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം വ്യാപിക്കുകയാണ്. ഇന്നലെ രാത്രി വെള്ളനാട് ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായി. കള്ളിക്കാട് രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. നെയ്യാര്‍ ഡാം സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വീടിന് നേരെ കഴിഞ്ഞ ആഴ്ച ബോംബേറുണ്ടായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം അക്രമങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനെ തുടര്‍ന്ന് ദിവസങ്ങളോളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

Next Story

RELATED STORIES

Share it