Malappuram

ഉള്ളണം ഫിഷറീസ് അഴിമതി: നാട്ടുകാര്‍ പ്രതിഷേധ മതില്‍ തീര്‍ത്തു

ഉള്ളണം ഫിഷറീസ് അഴിമതി: നാട്ടുകാര്‍ പ്രതിഷേധ മതില്‍ തീര്‍ത്തു
X

പരപ്പനങ്ങാടി: കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ഉള്ളണം ഫിഷറീസ് പദ്ധതിയുടെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ചിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഉള്ളണം കല്‍പ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ മതിലുകള്‍ തീര്‍ത്തു. 2014ല്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ഉള്ളണം ഫിഷറീസ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഏഴരക്കോടിയുടെ പദ്ധതിയില്‍ അഴിമതിയുണ്ടന്ന നാട്ടുകാരുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതും മറ്റും കാണിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടതോടെയാണ് അഴിമതി വിവാദം വീണ്ടും ചര്‍ച്ചയാവുന്നത്.


92 ലക്ഷം രൂപയുടെ കല്‍പ്പുഴ മാലിന്യങ്ങള്‍ നീക്കാതെ പണം തട്ടാനുള്ള നീക്കം പരാതിയെത്തുടര്‍ന്ന് നടന്നില്ല. ഇതിനിടയില്‍ കുളം നിര്‍മാണത്തില്‍ മൂന്നര കോടി പദ്ധതിയിലും അഴിമതി നടന്നതായി കാണിച്ച് കഴിഞ്ഞയാഴ്ച വീണ്ടും നാട്ടുകാര്‍ ഒപ്പിട്ട പരാതികള്‍ മുഖ്യമന്ത്രിയ്ക്കടക്കം നല്‍കിയിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനെത്തുടര്‍ന്നാണ് പ്രതിഷേധ മതിലുകള്‍ തീര്‍ത്ത് നാട്ടുകാര്‍ രംഗത്തുവന്നത്.


മാത്രവുമല്ല, അഴിമതിയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ചില സംഘടനാ നേതാക്കളുടെ സോഷ്യല്‍ മീഡിയയിലെയും മറ്റും പ്രസ്താവന റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് പരപ്പനങ്ങാടിക്കെതിരെയും ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും കേസ് കൊടുത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

രാവിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധ മതിലുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നാട്ടുകാര്‍ അണിനിരന്നത് പുതിയ സമരത്തിന് തുടക്കമായി. കല്‍പ്പുഴയ്ക്ക് ചുറ്റും അണിനിരന്നും ഫിഷറീസ് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചും ഉള്ളണത്തും മുണ്ടിയന്‍കാവിലും പ്രതിഷേധം തീര്‍ത്തുമുള്ള സമരം വേറിട്ടതായി.

പ്രതിഷേധ സമരത്തില്‍ ഉള്ളണം സംരക്ഷണ സമിതി നേതാക്കളായ ജൈസല്‍ ഉള്ളണം, ഗഫൂര്‍ ഹാജി, മാമുക്കോയ, ഗോള്‍ഡന്‍ ബാവ, ഷംലിക്ക് ഉള്ളണം തുടങ്ങിയവര്‍ സംസാരിച്ചു. കോരുപ്പടി യുവ കൂട്ടായ്മ നടത്തിയ പ്രതിഷേധത്തിന് ഇസ്ഹാഖ് നല്ലേടത്ത്, നിയാസ്, ജൈസല്‍, നംശീദ്, സുഹൈല്‍, ഫൈറൂസ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it