Malappuram

ക്വാറിയില്‍ നിന്ന് മണ്ണ് ഒലിച്ചെത്തി; ചെളിക്കുളമായി വാലില്ലാപുഴ അങ്ങാടി

കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത മഴയില്‍ ഇവിടെ ചെളി നിറയുകയായിരുന്നു. വാലില്ലാപുഴ ക്വാറിയില്‍ അനധികൃതമായി കൂട്ടിയിട്ട മണ്ണ് തോട്ടിലുടെ ഒലിച്ചിറങ്ങുകയായിരുന്നു.

ക്വാറിയില്‍ നിന്ന് മണ്ണ് ഒലിച്ചെത്തി; ചെളിക്കുളമായി വാലില്ലാപുഴ അങ്ങാടി
X

അരീക്കോട്: മഴവെള്ളത്തിനൊപ്പം ക്വാറിയില്‍ നിന്ന് മണ്ണ് ഒലിച്ചെത്തിയതിനെ തുടര്‍ന്ന് വാലില്ലാപുഴ അങ്ങാടി ചെളിക്കുളമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത മഴയില്‍ ഇവിടെ ചെളി നിറയുകയായിരുന്നു. വാലില്ലാപുഴ ക്വാറിയില്‍ അനധികൃതമായി കൂട്ടിയിട്ട മണ്ണ് തോട്ടിലുടെ ഒലിച്ചിറങ്ങുകയായിരുന്നു. റോഡിലേക്ക് ചെളി ഒഴുകിയെത്തുമെന്ന വിവരം നേരത്തെ നാട്ടുകാര്‍ ക്വാറി ഉടമകളെ അറിയിക്കുകയും മണ്ണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ക്വാറി ഉടമകള്‍ ഇത് ചെവികൊണ്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

മണ്ണ് കൂട്ടിയിട്ട വിവരം കീഴുപറമ്പ് പഞ്ചായത്തിലും വില്ലേജിലും നാട്ടുകാര്‍ പരാതിപെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കുത്തൊഴുക്കില്‍ നൂറിലേറെ ലോഡ് മണ്ണാണ് ചെറുതോട് വഴി അങ്ങാടിയില്‍ ഒഴുകിയെത്തിയത്. മണ്ണും വെള്ളവും കടകളിലും എത്തിയതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായി. റോഡില്‍ മണ്ണും കല്ലും അടഞ്ഞതിനാല്‍ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.

വെള്ളം പരന്ന് ഒഴുകിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് പോകാനും സാധിക്കാതെയായി. ഇന്നലെ കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ എത്തിയവര്‍ ചെളിയും മണ്ണും നീക്കം ചെയ്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. സമീപത്തെ കൃഷിയിടവും നശിച്ചിട്ടുണ്ട്. ക്വാറി മാലിന്യമടക്കം ഒഴികിയെത്തിയിട്ടുണ്ട്.

ക്വാറിക്കെതിരേ പലതവണ നാട്ടുകാര്‍ പരാതിപെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. അപകടകരമാം വിധത്തിലാണ് ഇവിടെ ഖനനം നടക്കുന്നത്. ഖനനം കാരണം മലക്ക് ഭീക്ഷണിയുണ്ടെന്ന് നേരത്തെ ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടും റിപ്പോര്‍ട്ട് സംസ്ഥാന എന്‍വിറോള്‍മെന്റ് അസസ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് ക്വാറിക്കുള്ള അനുമതി സംഘടിപ്പിക്കുകയായിരുന്നു. ഈ വിവരങ്ങള്‍ ചൂണ്ടികാണിച്ച് 2019ല്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ക്വാറി ഉടമക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it