Malappuram

ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കല്‍: ഉത്തരമില്ലാതെ ആരോഗ്യ മന്ത്രി

നേരത്തെ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായതിനപ്പുറം മറ്റൊരു പുരോഗതിയും ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സൃഷ്ടിച്ച തസ്തകകളില്‍ ഒരാളും ഇതുവരെ എത്തിയിട്ടില്ല.

ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കല്‍: ഉത്തരമില്ലാതെ ആരോഗ്യ മന്ത്രി
X

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎല്‍എ നിയമ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നും ആരോഗ്യ മന്ത്രി വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറി. ആര്‍ദ്രം പദ്ധതി പ്രകാരം നേരത്തെ സൃഷ്ടിച്ച തസ്തികകളുടെ കാര്യമാണ് മന്ത്രി മറുപടിയായി നല്‍കിയത്. പുതിയ പത്ത് തസ്തികകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശം പരിശോധിച്ചു വരുന്നു എന്നാണ് മറ്റൊരു മറുപടി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മിനിമം അംഗീകൃത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുടെ പട്ടികയില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയെ ഉള്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ നേരത്തെ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായതിനപ്പുറം മറ്റൊരു പുരോഗതിയും ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സൃഷ്ടിച്ച തസ്തകകളില്‍ ഒരാളും ഇതുവരെ എത്തിയിട്ടില്ല. ധനകാര്യമന്ത്രിയുടെ ഓഫിസില്‍ കുരുങ്ങി കിടക്കുകയാണെന്നാണ് വിവരം. ആശുപത്രിക്കായി നിയമസഭയില്‍ സബ്മിഷനടക്കം പലതവണ ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് കാണ്ച്ച് മഞ്ഞളാംകുഴി അലി എംഎല്‍എ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ കത്തും നല്‍കിയിരുന്നു. 2014ല്‍ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതിനനുസൃതമായ സ്റ്റാഫ് പാറ്റേണ്‍ പുതുക്കിയിട്ടില്ല.

രോഗികളുടെ ബാഹുല്യവും ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രി എന്നത് പരിഗണിച്ചും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് മുമ്പ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പദ്ധതിയില്‍ കേവലം നാല് തസ്തികകള്‍ മാത്രമാണ് അനുവദിച്ചത്. ഇക്കാര്യമാണ് ഇപ്പോഴും എംഎല്‍യുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. രണ്ടായിരത്തിലേറെ രോഗികള്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 250 ഓളം പേരെ കിടത്തിചികിത്സിക്കേണ്ടി വരുന്നുണ്ട്. ഇത്രയും പേരെ പരിചരിക്കാന്‍ 24 സ്റ്റാഫ് നഴ്‌സുമാരാണുള്ളത്. മഴക്കാലമെത്തിയതോടെ പനി ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ വരും ദിനങ്ങളില്‍ ജീവനക്കാരുടെ കുറവ് ജില്ലാ ആശുപത്രിയെ പൊറുതി മുട്ടിക്കും.

Next Story

RELATED STORIES

Share it