പരപ്പനങ്ങാടിക്ക് പുതിയ സബ് രജിസ്ട്രാര്‍ ഓഫിസ്; നിര്‍മാണോദ്ഘാടനം 15ന്

4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ് 1.6 കോടി രൂപയാണ്. 1913ല്‍ നിലവില്‍വന്ന സബ് രജിസ്ട്രാര്‍ ഓഫിസിനു 116 വര്‍ഷത്തിനുശേഷമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

പരപ്പനങ്ങാടിക്ക് പുതിയ സബ് രജിസ്ട്രാര്‍ ഓഫിസ്; നിര്‍മാണോദ്ഘാടനം 15ന്

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പുതിയ കെട്ടിടനിര്‍മാണോദ്ഘാടനം തിങ്കളാഴ്ച മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയാവും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ സംബന്ധിക്കും. 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ് 1.6 കോടി രൂപയാണ്. 1913ല്‍ നിലവില്‍വന്ന സബ് രജിസ്ട്രാര്‍ ഓഫിസിനു 116 വര്‍ഷത്തിനുശേഷമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. അതിനുമുമ്പ് ഈ കെട്ടിടത്തിലായിരുന്നു മുന്‍സിഫ് കോടതി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് കോടതി ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറിയതോടെ സബ് രജിസ്ട്രാര്‍ ഓഫിസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

പരപ്പനങ്ങാടിയുടെ പുരാതന കെട്ടിടങ്ങളിലൊന്നായ ഈ ഓഫിസിന്റെ സ്മരണയ്ക്കായി മുന്‍ഭാഗം നിലനിര്‍ത്താനുള്ള തീരുമാനമുണ്ടായിരുന്നെങ്കിലും കാലപ്പഴക്കം കാരണം ചോര്‍ച്ച വരികയും റെക്കോര്‍ഡുകള്‍ കേടുവരുന്ന സാഹചര്യമുണ്ടായപ്പോള്‍ കെട്ടിടം പൂര്‍ണമായും പൊളിച്ച് പുതിയ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു. ഓഫിസ് ഇപ്പോള്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ 31 നു മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണകരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

RELATED STORIES

Share it
Top