Kannur

പുനര്‍നിയമനം: വിസിക്ക് നേരേ സര്‍വകലാശാലയില്‍ കെഎസ്‌യു പ്രതിഷേധം; കമ്മ്യൂണിസ്റ്റ് കഷായവും ചുവന്ന കൊടിയും സമര്‍പ്പിച്ചു

പുനര്‍നിയമനം: വിസിക്ക് നേരേ സര്‍വകലാശാലയില്‍ കെഎസ്‌യു പ്രതിഷേധം; കമ്മ്യൂണിസ്റ്റ് കഷായവും ചുവന്ന കൊടിയും സമര്‍പ്പിച്ചു
X

കണ്ണൂര്‍: വൈസ് ചാന്‍സിലറായി പുനര്‍നിയമനം ലഭിച്ച ശേഷം സര്‍വകലാശാലയില്‍ വീണ്ടും എത്തിച്ചേര്‍ന്ന പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരേ കെഎസ്‌യു പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം. ഡല്‍ഹിയില്‍നിന്ന് ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയ വിസി, യൂനിവേഴ്‌സിറ്റിയിലെത്തിയപ്പോള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സര്‍വകലാശാലാ ആസ്ഥാനത്തെ പ്രവേശന കവാടം ഉപരോധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.


യോഗ്യതകളും മാനദണ്ഡങ്ങളും മറികടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെയുള്‍പ്പടെയുള്ള സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് നിയമനം നടത്തുന്നതിനുള്ള പ്രത്യുപകാരമാണ് വിസിയുടെ പുനര്‍നിയമനമെന്നും സര്‍വകലാശാലയെ പാര്‍ട്ടി ഓഫിസാക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയും കെ കെ രാഗേഷും നേരിട്ട് ഇടപെട്ട് വഴിവിട്ട രീതിയില്‍ നടത്തിയ വിസിയുടെ പുനര്‍നിയമനം നിയമപരമായി നേരിടും. അടിസ്ഥാന യോഗ്യതയായ പ്രായപരിധി പോലും ലംഘിച്ചുകൊണ്ടുള്ള തീരുമാനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ഷര്‍ട്ടണിഞ്ഞ് സമരവുമായെത്തിയ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി വൈസ് ചാന്‍സിലര്‍ക്ക് കമ്മ്യൂണിസ്റ്റ് കഷായവും ചുവന്ന കൊടിയും സമര്‍പ്പിച്ചു. തുടന്ന് ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ അതുല്‍, സി ടി അഭിജിത്ത്, ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, ഹരികൃഷ്ണന്‍ പാലാട്, മുഹമ്മദ് റാഹിബ്, ആകാശ് ഭാസ്‌കരന്‍, ഉജ്ജ്വല്‍ പവിത്രന്‍, നവനീത് കീഴറ, ടി സായന്ത്, എം സി അതുല്‍, അലേഖ് കാടാച്ചിറ, സി കെ ഹര്‍ഷരാജ് തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it