Kannur

സിപിഎം നേതാക്കളുടെ കള്ളപ്പണ ഇടപാട്: കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

സിപിഎം നേതാക്കളുടെ കള്ളപ്പണ ഇടപാട്: കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്
X

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാടില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പെരിങ്ങോം ഏരിയയില്‍ കള്ളപ്പണ മാഫിയാ ബന്ധത്തില്‍ മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പാര്‍ട്ടിക്കകത്ത് ഒതുക്കിത്തീര്‍ക്കാന്‍ മാത്രം ലഘുവായ കാര്യമല്ല. കോടികളുടെ കളളപ്പണം വെളുപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപാട് നടത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എല്‍ഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിന്റെ മകനെ ക്വട്ടേഷന്‍ സംഘം വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനെ കേവലമായ അപകടമാക്കി ഒതുക്കുകയാണ് പോലിസ് ചെയ്തത്. വധശ്രമത്തിനിരയായ യുവാവിന്റെ പിതാവ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാലു പേര്‍ക്കെതിരെ നടപടി ഉണ്ടായത്.

സിപിഎമ്മിന്റെ പാര്‍ട്ടി കോടതിയില്‍ ഒത്തുതീര്‍പ്പാക്കേണ്ട വിഷയമല്ല ഇത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന രാജ്യദ്രോഹപ്രവര്‍ത്തനങ്ങളാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎം മാഫിയാ സംഘങ്ങള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി കോടതിയുടെ തീര്‍പ്പിനു വിടാതെ ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത്, കള്ളപ്പണ മാഫിയാ പ്രവര്‍ത്തനങ്ങളില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ പങ്കാളിത്തം ആവര്‍ത്തിച്ച് പുറത്ത് വരികയാണ്. കൊടി സുനി മുതല്‍ ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയ സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ ഭരണത്തിന്റെ തണലില്‍ സമാന്തര നിയമ സംവിധാനം തന്നെ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്നത് വ്യക്തമായിട്ട് അധികനാളായിട്ടില്ല. ജയിലിലിരുന്നും ഇവര്‍ അധോലോക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ടി പി വധക്കേസിലെ പ്രതിയായ രജീഷിനെ കര്‍ണാടക പോലിസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. ജീര്‍ണതയുടെ പടുകുഴിയിലായ സിപിഎമ്മിന്റെ അവസ്ഥയാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ജില്ലയില്‍ തെളിഞ്ഞു വരുന്നതെന്നു അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

Next Story

RELATED STORIES

Share it