Ernakulam

എറണാകുളം ഉപതിരഞ്ഞെടുപ്പ്: മാധ്യമനിരീക്ഷണ കേന്ദ്രം തുറന്നു

പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ്് മോണിറ്ററിംഗ് കമ്മിറ്റി(എംസിഎംസി)യുടെ ലക്ഷ്യം. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ സാമൂഹ്യമാധ്യമങ്ങള്‍, എസ്എംഎസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ- ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എംസിഎംസിയുടെ നിരീക്ഷണ പരിധിയില്‍ വരും

എറണാകുളം ഉപതിരഞ്ഞെടുപ്പ്: മാധ്യമനിരീക്ഷണ കേന്ദ്രം തുറന്നു
X

കൊച്ചി: എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കലക്ടറേറ്റില്‍ മാധ്യമ നിരീക്ഷണ കേന്ദ്രം തുറന്നു. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ്് മോണിറ്ററിംഗ് കമ്മിറ്റി(എംസിഎംസി)യുടെ ലക്ഷ്യം. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ സാമൂഹ്യമാധ്യമങ്ങള്‍, എസ്എംഎസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ- ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എംസിഎംസിയുടെ നിരീക്ഷണ പരിധിയില്‍ വരും.സിവില്‍ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്ററില്‍ സജ്ജമാക്കിയ എംസിഎംസി സെല്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ ആര്‍ രേണു അധ്യക്ഷത വഹിച്ചു.

മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് സെല്ലില്‍ ഒരുക്കിയിട്ടുള്ളത്. പിആര്‍ഡി ഉദ്യോഗസ്ഥരും ജേര്‍ണലിസം വിദ്യാര്‍ഥികളുമടങ്ങുന്ന സംഘമാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും കമ്മിറ്റി നിര്‍വഹിക്കും. കമ്മിറ്റിയുടെ അനുമതിയില്ലാത്ത പ്രചാരണ സാമഗ്രികള്‍ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഉപയോഗിക്കാന്‍ പാടില്ല. എറണാകുളം മണ്ഡലത്തിന്റെ വരണാധികാരി എസ് ഷാജഹാന്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസി. ഡയറക്ടര്‍ ഐസക് ഈപ്പന്‍, കേരള പ്രസ് അക്കാദമി കോഴ്‌സ് ഡയറക്ടര്‍ ഡോ. എം ശങ്കര്‍, ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ എം സി പൊന്നുമോന്‍, അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജേക്കബ് ഈപ്പന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവലാണ് സമിതിയുടെ കണ്‍വീനര്‍.പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ എംസിഎംസി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

പരസ്യത്തിന്റെനിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യസ്വഭാവത്തോടെയുള്ള പ്രചാരണം നടത്തുന്നതിനും ഇത്തരത്തില്‍ അനുമതി തേടണം.അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.

Next Story

RELATED STORIES

Share it