Ernakulam

വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ പിടിക്കാന്‍ ജില്ലാ കലക്ടര്‍ റോഡില്‍

വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കലക്ടര്‍ എസ് സുഹാസ് തന്നെ രംഗത്തിറങ്ങിയത്.ബസ് സ്റ്റോപ്പില്‍ കലക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കലക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കലക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി

വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ പിടിക്കാന്‍ ജില്ലാ കലക്ടര്‍ റോഡില്‍
X

കൊച്ചി: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസുകള്‍ പിടിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് നേരിട്ട് റോഡിലിറങ്ങി.അപ്രതീക്ഷിതമായി കലക്ടറെ ബസ് സ്‌റ്റോപില്‍ കണ്ട ബസ് ഡ്രൈവര്‍ മാര്‍ അച്ചടക്കത്തോടെ ബസുകള്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റി. വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കലക്ടര്‍ എസ് സുഹാസ് തന്നെ രംഗത്തിറങ്ങിയത്. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു വൈകുന്നേരം സ്‌കൂള്‍ വിട്ട സമയത്ത് അപ്രതീക്ഷിതമായി കലക്ടര്‍ എത്തിയത്. സ്വകാര്യ ബസുകളില്‍ തങ്ങളെ കയറ്റുന്നില്ലെന്ന തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കലക്ടര്‍ എത്തിയത്. ബസ് സ്റ്റോപ്പില്‍ കലക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി.

കലക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കലക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.വിദ്യാര്‍ഥികളുടെ പരാതികള്‍ ആര്‍ ടി ഒയ്ക്ക് കൈമാറിയ കലക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലിസും കര്‍ശന നടപടി കൈക്കൊള്ളുമെന്നും കലക്ടര്‍ വ്യക്തമാക്കി. ചുമതല ഏറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണും. ബസില്‍ കയറാന്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it