Alappuzha

വരട്ടാര്‍ പുനരുജ്ജീവനത്തിന് 25 കോടി രൂപയുടെ പദ്ധതി

നരുജ്ജീവന പ്രവര്‍ത്തനത്തിന്റെ രണ്ടാഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജി ചെറിയാന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.

വരട്ടാര്‍ പുനരുജ്ജീവനത്തിന് 25 കോടി രൂപയുടെ പദ്ധതി
X

ചെങ്ങന്നൂര്‍: വരട്ടാര്‍ പുനരുജ്ജീവനത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അഡാപ്‌റ്റേഷന്‍ ഫണ്ടില്‍ നിന്ന് 25 കോടി രൂപയുടെ പദ്ധതി ലഭിക്കുന്നതിനായി ധാരണയായി. നബാര്‍ഡ് വഴിയാണ് പദ്ധതി നടപ്പാക്കുക. പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ രണ്ടാഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജി ചെറിയാന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. പത്തു ദിവസത്തിനകം കരടു പദ്ധതി തയ്യാറാക്കാന്‍ ജൈവ വൈവിധ്യ ബോര്‍ഡിനെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട വകുപ്പുകളോട് ഡാറ്റ നല്‍കുവാന്‍ അറിയിക്കും. വരട്ടാറിന്റെ ഇരു കരകളിലും ജൈവ വൈവിധ്യ ഉദ്യാനം നിര്‍മിക്കും. വിവിധ ജീവനോപാധി മാര്‍ഗങ്ങളും പരിഗണിക്കും. ടൂറിസവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ വിലയിരുത്തുന്നതിന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍മാര്‍ തിങ്കളാഴ്ച്ച വരട്ടാര്‍ തീരം സന്ദര്‍ശിക്കും

പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. വരട്ടാര്‍ കടന്നു പോകുന്ന ചെങ്ങന്നൂര്‍ നഗരസഭ, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് എന്നിവടങ്ങളിലെ സര്‍വ്വേ നടപടികള്‍ ഈ മാസം പൂര്‍ത്തീകരിക്കും. വരട്ടാറിനു കുറുകെ നിര്‍മ്മിക്കുന്ന 4 പാലങ്ങളുടെ ഡിസൈന്‍ ഐ ഡി ആര്‍ ബി പൂര്‍ത്തീകരിച്ച് ഫെബ്രുവരി 15 ന് മുന്‍പ് ടെന്‍ഡര്‍ ചെയ്യും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരമാവധി കല്‍ക്കെട്ടുകള്‍ ഒഴിവാക്കും. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരട്ടാറിലേക്കുള്ള ഉപതോടുകളുടെയും, ചാലുകളുടെയും ആഴം കൂട്ടും. തീരങ്ങളിലെ മണ്ണിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രവും തീറ്റല്‍പ്പുല്‍കൃഷിയും നടപ്പാക്കും. വരട്ടാറിലേക്കുള്ള മാലിന്യ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് ജനപ്രതിനിധികള്‍, വിവിധ വകുപ്പു പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 5, 6, 7 തീയതികളില്‍ വരട്ടാര്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ പൂര്‍ണ്ണമായി സന്ദര്‍ശനം നടത്തും.

എം എല്‍ എ ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസൂയ, ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണന്‍, വരട്ടാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദ്, ഹരിത കേരള മിഷന്‍ ആലപ്പുഴ ജില്ല കോ ഓര്‍ഡിനേറ്റര്‍ കെ എസ് രാജേഷ്, ജലസേചന വകുപ്പ് പത്തനം തിട്ട അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബിനു ബേബി, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റുമാരായ പി സുധാകരന്‍, എസ് യു സഞ്ജീവ്, ആര്‍ വി സതീഷ്, നഗരസഭ സെക്രട്ടറി ജി ഷെറി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it