Alappuzha

ആലപ്പുഴയില്‍ ദേശീയപാതയില്‍ അപകടക്കുഴികള്‍; അധികൃതര്‍ക്ക് അനക്കമില്ല

ആലപ്പുഴയില്‍ ദേശീയപാതയില്‍ അപകടക്കുഴികള്‍; അധികൃതര്‍ക്ക് അനക്കമില്ല
X

കായംകുളം: ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ദേശീയപാത ഉയരം കൂട്ടി വികസിപ്പിച്ചതിനു ശേഷമാണ് കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നിരവധി പേരുടെ ജീവനുകളാണ് കൃഷ്ണപുരത്തിനും ഹരിപ്പാടിനുമിടയിലെ കുഴികള്‍ കാരണം പൊലിഞ്ഞത്. വാഹനങ്ങള്‍ കുഴിയില്‍ വീണുണ്ടാക്കുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി സംഭവിക്കാതെ പലരും രക്ഷപ്പെടുന്നത്. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും. ദേശീയ പാതയിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ അടുത്തെത്തുമ്പോഴാണ് റോഡിലെ കുഴികള്‍ കാണുന്നത്. കുഴിയില്‍പ്പെടാതിരിക്കുവാന്‍ വാഹനം പെട്ടന്ന് വെട്ടിമാറ്റുന്നത് വലിയ അപകടങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. റോഡിലെ രാത്രികാല യാത്ര ഭീതിജനകമാണ്. തെരുവ് വിളക്കുകള്‍ കത്താത്തത് കാരണം റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയില്ല. മഴ പെയ്യുക കൂടി ചെയ്താല്‍ പിന്നെ യാത്രക്കാര്‍ക്ക് പെരും ദുരിതമാണ്. വെള്ളം നിറഞ്ഞ് റോഡും കുഴിയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി.

കൊല്ലത്തിനും എറണാകുളത്തിനും ഇടയിലെ ഏക മെഡിക്കല്‍ കോളേജ് ആശുപത്രിയായ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോവേണ്ടത് ഈ ദുരിതപാതയിലൂടെയാണ്. രോഗിയുമായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഴികള്‍ ചാടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും രോഗികളുടെ അവസ്ഥ അതീവഗുരുതരമാകും. തകര്‍ന്ന റോഡിലൂടെയുള്ള കണ്ടെയ്‌നര്‍ ലോറികളുടെയും ഗ്യാസ് ടാങ്കറുകളുടെയും സഞ്ചാരം ദേശീയ പാതയോരത്തെ വീടുകളില്‍ കഴിയുന്നവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഉയരം കൂടിയ ദേശീയപാതയ്ക്ക് ഇരുവശത്തും കുറ്റിക്കാടുകള്‍ വളര്‍ന്നു റോഡിലേക്ക് നില്‍ക്കുന്നത് കാരണം ചെറുറോഡുകളില്‍ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്തതും സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

Ditches on National Highway in Alappuzha


Next Story

RELATED STORIES

Share it