Arts

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ മനു കള്ളിക്കാടിന്റേത്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ മനു കള്ളിക്കാടിന്റേത്
X

കോഴിക്കോട്: ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ രൂപകല്‍പ്പന ചെയ്തത് ചിത്രകാരനായ മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശിയായ മനു കള്ളിക്കാട്. സാംസ്‌കാരിക പൈതൃകവും തെയ്യത്തിന്റെയും തിറയുടെയും അടയാളങ്ങളും കണ്ണൂര്‍ കോട്ടയുമൊക്കെ ഉള്‍ചേര്‍ന്നാണ് ലോഗോ ചിത്രീകരിച്ചിരിക്കുന്നത്. 'തേജസ്' ദൈ്വവാരികയില്‍ സ്ഥിരമായി വരയ്ക്കുന്നയാളാണ് മനു കള്ളിക്കാട്. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി വേറിട്ടതും ആകര്‍ഷണീയവുമായ രചനകളാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ പുറത്തുവരുന്നത്.

പരമ്പരാഗത വര്‍ണങ്ങളും ആള്‍രൂപങ്ങളും ഒഴിവാക്കി വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച വ്യത്യസ്ത നിറത്തിലുള്ള മണ്ണ് ഉപയോഗിച്ച് രാമായണത്തിലെ സുപ്രധാന സംഭവങ്ങളെ 40 കാന്‍വാസിലേക്ക് 'വരായണം' എന്ന പേരില്‍ പുനസ്സൃഷ്ടിച്ച ചിത്രകാരന്‍. ബയോഗ്രഫിക്കല്‍ കൊളാഷ് എന്ന പുത്തന്‍ ചിത്രകലാശൈലിയില്‍ വിദഗ്ധനായ മനു കള്ളിക്കാട് അഞ്ചുതവണ ലിംകാ ബുക്‌സ് ഓഫ് റെക്കോഡ്‌സിലും ബെസ്റ്റ് ഓഫ് ഇന്ത്യാ വേള്‍ഡ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്.

ജന്‍മം കൊണ്ട് തിരുവനന്തപുരത്തുകാരനും കര്‍മം കൊണ്ട് മലപ്പുറം ജില്ലയിലെ തിരുവാലിക്കാരനുമാണ് മനു കള്ളിക്കാട്. നടന്‍, ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍, 3D സ്ട്രീറ്റ് പെയിന്റിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലൊക്കെ പ്രസക്തനാണ് ഇദ്ദേഹം. നാടകകൃത്ത് ഇ കെ അയമുവിന്റെ കഥ പറയുന്ന 'ചോപ്പ്' സിനിമയുടെ കലാസംവിധായകനാണ്. പുരോഗമന കലാ സാഹിത്യസംഘം വണ്ടൂര്‍ ഏരിയാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമാണ് മനു കള്ളിക്കാട്. മഞ്ചേരി മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ഗീതയാണ് ഭാര്യ. എംഎസ്സി വിദ്യാര്‍ഥി ഗുരുപ്രസാദ് മകനാണ്.

Next Story

RELATED STORIES

Share it