Citizen journalism

മനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ സംഗമഭൂമി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുന്നു

മനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം;   പ്രകൃതിസൗന്ദര്യത്തിന്റെ സംഗമഭൂമി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുന്നു
X

ബുഷ്‌റ എസ്

തൊരു സഞ്ചാരിയെയും ആനന്ദിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെ സംഗമ ഭൂമിയാണ് വട്ടത്തില്‍ വെള്ളച്ചാട്ടം. ചെറുപാറക്കെട്ടുകള്‍ക്കിടയിലൂടെ വട്ടത്തില്‍ ചുറ്റി പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണ് വട്ടത്തില്‍. പുഴയ്ക്ക് ഇരു കരകളിലുമായി മനോഹരമായ കുന്നും മലകളുമുണ്ട്. പ്രശസ്തമായ ജഡായു പാറയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് മാത്രമാണ് വട്ടത്തിലാര്‍. പ്രകൃതിയുടെ തനത് സൗന്ദര്യം എന്നല്ലാതെ സര്‍ക്കാരിന്റെയോ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല.


ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിന്റെ പട്ടികയിലുള്ള പ്രദേശമാണ് വട്ടത്തിലാര്‍. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം. ചെറിയ വെളിനല്ലൂരില്‍ നിന്ന് അഞ്ചും പള്ളിക്കലില്‍ നിന്ന് നാലും ചടയമംഗലത്തിന് നിന്ന് ഏഴും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വട്ടത്തിലെത്താം.

മൂന്ന് പാറമലകളാണ് വട്ടത്തലിന്റെ ഒരുപ്രത്യേകത. മയിലാടും പാറ, പൊടിയന്‍ ചത്ത പാറ, അഴമലപ്പാറ എന്നിവയാണ് വട്ടത്തില്‍ വെള്ളച്ചാട്ടത്തിന് കാവലായുള്ളത്. ഈ ത്രിമൂര്‍ത്തി പാറകളുടെ മുകളില്‍ നിന്നുള്ള കാഴ്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഇവിടെ നിന്നുള്ള സൂര്യാസ്തമയ ദൃശ്യം അതിമനോഹരമാണ്. മയിലാടും പാറയില്‍ പണ്ടുകാലം മുതല്‍ തന്നെ ധാരാളം മയിലുകള്‍ വന്നു പീലിനിവര്‍ത്തി ആടാറുണ്ട്. ഇപ്പോഴും മലമുകളില്‍ ധാരാളം മയിലുകള്‍ വരാറുണ്ട്. അതുകൊണ്ടാണ് ഈ കുന്നിന് മയിലാടും പാറയെന്ന വിളിപ്പേര് ലഭിച്ചത്.


ആടുമേയ്ക്കാന്‍ പോയ പൊടിയന്‍ മറ്റൊരു പാറയുടെ മുകളില്‍ നിന്ന് വീണതുകൊണ്ടാണ് പൊടിയന്‍ ചത്ത പാറയെന്ന് പേരുണ്ടായത്. മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് അഴമല പാറ പേര് വീണത്. ഇത് പള്ളിക്കല്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ്. ഈ മൂന്ന് പാറകളെ ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിനും ബോട്ടിങ്ങിനും ഇവിടെ ഏറെ സാധ്യതയുണ്ട്. ഇരു പാറകളെ കൂട്ടിമുട്ടിച്ച് ചെയിന്‍ കാര്‍-റോപ് വേ ആരംഭിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ വട്ടത്തില്‍ തുടങ്ങി വാളയം വരെ നീളുന്ന ബോട്ട് സര്‍വീസിലും അധികൃതര്‍ ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

കൂടാതെ പാലോട് വനം റിസര്‍വിന്റെ കീഴിലുള്ള ഇളമ്പ്രക്കോട് വനം വട്ടത്തിലാറിനോട് ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഈ വനസൗന്ദര്യം നന്നായി ആസ്വദിക്കാന്‍ കഴിയും.

മടത്തറ മലയില്‍ നിന്ന് ഉത്ഭവിച്ച് 56 കിലോമീറ്റര്‍ താണ്ടി എത്തുന്ന ഇത്തിക്കര ആറ്റില്‍ പെട്ടതാണ് വട്ടത്തിലാറ്. വട്ടത്തിലാറ് എന്ന പേര് വരാനുള്ള കാരണം തന്നെ മുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ചുഴിയില്‍ വട്ടത്തില്‍ ചുറ്റിക്കറങ്ങി വീണ്ടും നീളത്തില്‍ ഒഴുകുന്നത് കൊണ്ടാണ്.


മറ്റ് വെള്ളച്ചാട്ടങ്ങള്‍പോലെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന രൂപത്തിലല്ല ഇവിടെ. തട്ടുതട്ടുകളായി ചെറുപാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നുരഞ്ഞ് പതഞ്ഞ് ഒഴുകിപ്പരക്കുന്നതാണ് ഈ വെള്ളച്ചാട്ടം. ഇത് തന്നെയാണ് വട്ടത്തിലെത്താന്‍ സഞ്ചാരികളെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികളുടേയൊ യാതൊരു തരത്തിലുള്ള പരസ്യ-പ്രമോഷനുമില്ലാതെയാണ് നൂറുകണക്കിന് സഞ്ചാരികള്‍ ദിനേന ഇവിടെ എത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ഇത്തരത്തില്‍ അനവധി പേര്‍ എത്തുന്നുണ്ട്.

മയിലിന് പുറമെ ഉടുമ്പ്, കാട്ടുപന്നി, കുരങ്ങ്, മുള്ളന്‍ തുടങ്ങിയ ജീവികളും അനേകം ഔഷധ സസ്യങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ആറിനോട് ചേര്‍ന്ന് വട്ടത്തില്‍ തങ്ങള്‍ എന്ന് വിളിപ്പേരുള്ള ഒരുതീര്‍ഥാടന കേന്ദ്രവുമുണ്ട്.

ടൂറിസത്തിന് വലിയ സാധ്യതകളുള്ള പ്രദേശമാണിത്. സായ്പിന്റെ തോട്ടം എന്ന പേരില്‍ അറിയപ്പെടുന്ന ഈ നദിയോട് ചേര്‍ന്ന കിടക്കുന്ന പ്രദേശം പ്രകൃതിയ്ക്കിണങ്ങുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിന് ചേര്‍ന്നതാണ്. ദേശീയ പാതയില്‍ നിന്നും സംസ്ഥാന പാതയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രദേശമായതിനാലും ഒരു അമ്യൂസ് മെന്റ് പാര്‍ക്ക് സഞ്ചാരികളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ എളുപ്പത്തില്‍ കാഴിയും. വെളിനല്ലൂര്‍-കല്ലുവാതുക്കല്‍-പാരിപ്പള്ളി ഫേസ് 3 എന്ന പേരില്‍ ഒരു കുടിവെള്ളപദ്ധതിയ്ക്കായി സര്‍വേ പൂര്‍ത്തിയായ പ്രദേശം കൂടിയാണിത്.


വില്ലേജ് ടൂറിസം പദ്ധതിയുടെ ഭാഗമാക്കി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരുന്നുണ്ട്. സഞ്ചാരികള്‍ക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന രൂപത്തില്‍ സമഗ്രടൂറിസം കേന്ദ്രമായി ഇവിടം വികസിപ്പിക്കേണ്ടതുണ്ട്. ആറിന് കുറികെ ഒരു പാലം നിര്‍മിച്ചാല്‍ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.

ക്വാറി മാഫിയയുടെ ഇടപെടല്‍

പ്രകൃതി ഭംഗികൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടും സംരക്ഷിക്കപ്പെടേണ്ട പൊടിയന്‍ ചത്ത പാറ കൈക്കലാക്കാന്‍ ഈ അടുത്തകാലത്ത് ക്വാറി മാഫിയ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തതോടെ അവര്‍ക്ക് മടങ്ങേണ്ടിവന്നു. എന്നിരുന്നാലും പാറമാഫിയ ഈ പ്രദേശം ലക്ഷ്യം വയ്ക്കുന്നുണ്ട്. അനവധി കുടുംബങ്ങളുടെ കുടിവെള്ള ലഭ്യത തന്നെ ബുദ്ധിമുട്ടിലാക്കുന്നതാണ് ക്വാറ മാഫിയയുടെ ഇടപെടല്‍. വട്ടത്തിലാറിന് ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് ആറ്റൂര്‍കോണം കുടിവെള്ള പദ്ധതി. ക്വാറി ഖനനം നടക്കുകയാണെങ്കില്‍ കല്‍ചീളുകളും മറ്റും വീണ് ഈ കുടിവെള്ളം ഉപയോഗശൂന്യമാകാനുള്ള സാധ്യത ഏറെയാണ്.

Next Story

RELATED STORIES

Share it