Career

എറണാകുളം സെന്റ് തെരേസാസ് കോളജിന് നാക് അക്രഡിറ്റേഷനില്‍ രാജ്യത്ത് രണ്ടാം സ്ഥാനം

നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ++ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ തന്നെ രണ്ടാമത്തെയും കോളജാണ് സെന്റ് തെരേസാസ് കോളജെന്നും ഡോ. സജിമോള്‍ അഗസ്റ്റിന്‍ പറഞ്ഞു.1999-ല്‍ നാക് അക്രെഡിറ്റേഷനില്‍ ഫൈവ് സ്റ്റാര്‍ ഗ്രേഡ് ലഭിച്ച സെന്റ് തെരേസാസ് കോളജ് 2006-ലെ പുനര്‍മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡും 2012-ലെ മൂന്നാം ഘട്ടത്തില്‍ എ ഗ്രേഡും 3.4 സിജിപിഎയും കരസ്ഥമാക്കിയിരുന്നു

എറണാകുളം സെന്റ് തെരേസാസ് കോളജിന് നാക് അക്രഡിറ്റേഷനില്‍ രാജ്യത്ത് രണ്ടാം സ്ഥാനം
X

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ സിജിപിഎ 3.57 സ്‌കോറോടെ എ++ ഗ്രേഡ് കരസ്ഥമാക്കിയതായി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ++ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ തന്നെ രണ്ടാമത്തെയും കോളജാണ് സെന്റ് തെരേസാസ് കോളജെന്നും ഡോ. സജിമോള്‍ അഗസ്റ്റിന്‍ പറഞ്ഞു.1999-ല്‍ നാക് അക്രെഡിറ്റേഷനില്‍ ഫൈവ് സ്റ്റാര്‍ ഗ്രേഡ് ലഭിച്ച സെന്റ് തെരേസാസ് കോളജ് 2006-ലെ പുനര്‍മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡും 2012-ലെ മൂന്നാം ഘട്ടത്തില്‍ എ ഗ്രേഡും 3.4 സിജിപിഎയും കരസ്ഥമാക്കിയിരുന്നു.

അന്തിമഘട്ട മൂല്യനിര്‍ണയത്തിന് നാക് സംഘം ആഗസ്റ്റ് 5, 6 തീയതികളില്‍ കോളജ് സന്ദര്‍ശിച്ചിരുന്നു. ഇതുവരെയുള്ള മൂല്യനിര്‍ണയങ്ങളില്‍ മികച്ച ഗ്രേഡ് നേടിയതിനുള്ള അംഗീകാരമായി കോളജിന് ഇപ്പോള്‍ ലഭിച്ച അക്രെഡിറ്റേഷന്റെ കാലാവധി രണ്ട് വര്‍ഷമായി ഉയര്‍ത്തി. സെന്റ് തെരേസാസ് കോളജിനെ സംബന്ധിച്ചിടത്തോളം നാലാംഘട്ടത്തില്‍ രാജ്യത്ത് തന്നെ എ++ ഗ്രേഡ് ലഭിക്കുന്ന രണ്ടാമത്തെ കോളജാവുക എന്നത് വലിയ നേട്ടം തന്നെയാണെന്ന് സജിമോള്‍ അഗസ്റ്റിന്‍ പറഞ്ഞു. കോളജിലെ അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ കോളജിന് കഴിഞ്ഞത്. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ തെളിവാണ് ഈ നേട്ടം. ഒരു വനിത സര്‍വകലാശാല എന്നതിലേക്കുള്ള സെന്റ് തെരേസാസ് കോളജിന്റെ ആദ്യ ചുവടുവെപ്പാണ് ഈ നേട്ടമെന്നും ഡോ. സജിമോള്‍ പറഞ്ഞു.

പഠന നിലവാരം ഉയര്‍ത്തുന്നതിന് കോളജിലെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ഘടകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോളജിന്റെ നേട്ടം കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത പറഞ്ഞു. മാനേജ്‌മെന്റിന്റെ പൂര്‍ണ സഹകരണവും അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ കോളജിനെ പ്രാപ്തമാക്കിയത്. പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണെന്നും സിസ്റ്റര്‍ വിനീത പറഞ്ഞു. 1925-ല്‍ വെറും 41 വിദ്യാര്‍ഥികളുമായി സ്ഥാപിതമായ സെന്റ് തെരേസാസ് കോളജില്‍ ഇന്ന് 3500-ലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. 2014-ല്‍ സ്വയംഭരണ പദവി ലഭിച്ച കോളേജിന് വിവിധ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ട്.

Next Story

RELATED STORIES

Share it