Education

സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതല്‍

സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യായന വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് തുടക്കമായതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിനു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്‌കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ നടപടി ആരംഭിക്കുന്നത്.

നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്ത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ആദ്യഘട്ടമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച് സംസ്ഥാനതല ശില്‍പ്പശാല ചേരുന്നത്. സംസ്ഥാന തലത്തില്‍ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലാ തലം മുതല്‍ കോളജ് തലത്തില്‍ വരെ ചര്‍ച്ച ചെയ്യും. അവിടെയുയരുന്ന ഭേദഗതികള്‍കൂടി വിലയിരുത്തി സമഗ്രമാക്കി സര്‍വ്വകലാശാലകള്‍ക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്ചപ്പാട്. സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പുറമെ, അസാപ്, കെഡിസ്‌ക് പോലുള്ള സംവിധാനങ്ങളെയും വിദ്യാര്‍ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹത്തെയും കോര്‍ത്തിണക്കിയുള്ള സംവിധാനമാണ് കരിക്കുലം പരിഷ്‌കരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക.

കേരള ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയര്‍മാനായ കരിക്കുലം മോണിറ്ററിങ് കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങള്‍ നയിക്കും. ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അതാത് മേഖലകളില്‍ അവഗാഹമുള്ള അക്കാദമിഷ്യന്മാരും വിദ്യാഭ്യാസപ്രവര്‍ത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അധ്യാപകരും ഗവേഷകരും വ്യവസായ പ്രതിനിധികളുമെല്ലാം ഉള്‍പ്പെടുന്നതാവും കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി. കമ്മിറ്റിയ്ക്കു കീഴില്‍ ഓരോ മേഖലയിലും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിക്കും.

കമ്മീഷന്‍ റിപോര്‍ട്ടുകളിലും കരിക്കുലം ചര്‍ച്ചകളിലും ഇതേവരെ ഉയര്‍ന്നുവന്ന പൊതു നിര്‍ദ്ദേശങ്ങള്‍ ശില്പശാല വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. അവ മാര്‍ഗനിര്‍ദേശങ്ങളായി എടുത്താവും ശില്‍പ്പശാല മാതൃകാ കരിക്കുലം രൂപപ്പെടുത്തുക. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം അഭിരുചികള്‍ക്കനുസരിച്ചുള്ള വിഷയങ്ങള്‍ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയില്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാനും പരിപൂര്‍ണസ്വാതന്ത്ര്യം ഉറപ്പുവരുത്തക, കരിക്കുലം പരിഷ്‌കരണങ്ങള്‍ നടപ്പിലാവുമ്പോള്‍ അദ്ധ്യാപകരുടെ നിലവിലുള്ള വര്‍ക്ക്‌ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകള്‍, കോഴ്‌സുകളുടെ രൂപ കല്‍പ്പന എന്നിവയും ശില്‍പ്പശാല ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it