Big stories

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്നു- മുഖ്യമന്ത്രി; സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് അനുമതി

സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്നു- മുഖ്യമന്ത്രി;  സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് അനുമതി
X

തിരുവനന്തപുരം: ഹര്‍ത്താലിനിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് അനുമതി. സ്വകാര്യസത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സ് 2019ന് മന്ത്രിസഭാ അംഗീകാരം നല്‍കി. സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഹര്‍ത്താല്‍, ബന്ദ്, വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാനാണ് ഇത്തരമൊരു നീക്കം. ബന്ദിന് ആഹ്വാനം ചെയ്തവരില്‍ നിന്നും നഷ്ടം ഈടാക്കും. ഹര്‍ത്താലിനെതിരേ നിയമനിര്‍മാണം ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീടുകള്‍, പാര്‍ട്ടിഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവക്കെതിരായ അക്രമം തടയാനാണ് നടപടി. കുറ്റക്കാര്‍ക്കെതിരേ അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം.

മൂന്നോക്ക വിഭാഗത്തിന്റെ 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സിപിഎം നേരത്തെ തന്നെ സാമ്പത്തിക സംവരണം ആവശ്യപ്പെട്ടിരുന്നു. നിലവിലെ സംവരണ തകര്‍ത്തുകൊണ്ടാവരുത് സാമ്പത്തിക സംവരണമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയെന്ന റിപോര്‍ട്ട് സ്ഥിരീകരിക്കാനും മുഖ്യമന്ത്രി തയ്യാറായില്ല. ദര്‍ശനം നടത്തിയ സ്ത്രീകളുടെ എണ്ണം തന്റെ കൈവശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, കേരളാ ബാങ്ക് രൂപീകരിക്കുന്നതിനായി കൊണ്ടുവന്ന സഹകരണ നിയമത്തില്‍ പുതിയ ഭേദഗതി കൊണ്ടുവരും. കേരളാ ബാങ്ക് രൂപീകരണത്തിനായി ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് രണ്ടില്‍ മൂന്ന് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാക്കുന്നതാണ് ഭേദഗതിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it