Top

വയനാട് മെഡിക്കല്‍ കോളജ്: സിപിഎം അട്ടിമറിച്ചത് വിംസ് വില്‍പന ലക്ഷ്യമിട്ട്; ആരോപണം ബലപ്പെടുത്തി പുതിയ വെളിപ്പെടുത്തല്‍

മടക്കിമലയില്‍ മെഡിക്കല്‍ കോളജുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ 2019ല്‍ നാടകീയമായാണ് സികെ ശശീന്ദ്രന്‍ എംഎല്‍എ മടക്കിമലയിലെ പദ്ധതിക്കെതിരെ രംഗത്തു വന്നത്.

വയനാട് മെഡിക്കല്‍ കോളജ്:  സിപിഎം അട്ടിമറിച്ചത് വിംസ് വില്‍പന ലക്ഷ്യമിട്ട്; ആരോപണം ബലപ്പെടുത്തി പുതിയ വെളിപ്പെടുത്തല്‍

-പിസി അബ്ദുല്ല

കല്‍പ്പറ്റ: മടക്കി മലയില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജ് പദ്ധതി സിപിഎം അട്ടിമറിച്ചതിനു പിന്നില്‍ ഡോ. ആസാദ് മൂപ്പനുമായുള്ള ഒത്തു കളിയാണെന്ന ആരോപണം ബലപ്പെടുത്തി വിംസ് എത്തിക്‌സ് കമ്മിറ്റി അംഗവും സിപിഎം സഹയാത്രികനുമായ പ്രമുഖ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. 2018 ല്‍ മൂന്നേകാല്‍ കോടി ചെലവഴിച്ച് മടക്കിമലയിലെ നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളജ് ഭൂമിയിലേക്ക് റോഡ് നിര്‍മ്മിക്കുകയും മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി 648 കോടി എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തതിനു പിന്നാലെ വിംസ് സര്‍ക്കാരിനു വില്‍കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ തലത്തിലും സിപിഎം കേന്ദ്രങ്ങള്‍ വഴിയും ആസാദ് മൂപ്പനുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു എന്ന ആക്ഷേപങ്ങളാണ് അഡ്വ.പി ചാത്തുക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തലോടെ ബലപ്പെടുന്നത്.

സിപിഎം സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട കല്‍പറ്റ നഗരസഭയുടെ മുന്‍ ചെയര്‍മാനും മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനും ആസാദ് മൂപ്പനുമായി അടുത്ത ബന്ധമുള്ളയാളുമാണ് അഡ്വ. ചാത്തുക്കുട്ടി. 2018 ഒക്ടോബറല്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രനോട് വിംസ് കൈമാറ്റത്തെക്കുറിച്ച് സംസാരിച്ചിരുന്നു എന്നാണ് ചാത്തുക്കുട്ടി ഇന്നലെ വെളിപ്പെടുത്തിയത്.

2018 നവംബര്‍ ആറിന് ഡോ. ആസാദ് മൂപ്പനുമായി ഇ-മെയില്‍ വഴി ഇത് സംബന്ധിച്ച് ബന്ധപ്പെടുകയും ചെയ്തു. ഡിസംബര്‍ 12 ന് ആസാദ് മൂപ്പന്‍ എനിക്ക് മറുപടി തന്നു. പിന്നീട് മുഖ്യമന്ത്രി പിണറായിയുടെയും ആരോഗ്യ മന്ത്രി ശൈലജ സി കെ ശശീന്ദ്രന്‍ എംല്‍എയുടെയും ഇടപെടലിലൂടെയാണ് വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഇടവന്നത് എന്നുമാണ് അഡ്വ.ചാത്തുക്കുട്ടിയുടെ കുറിപ്പ്.

അതേസമയം, മടക്കിമലയില്‍ മെഡിക്കല്‍ കോളജുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ 2019ല്‍ നാടകീയമായാണ് സികെ ശശീന്ദ്രന്‍ എംഎല്‍എ മടക്കിമലയിലെ പദ്ധതിക്കെതിരെ രംഗത്തു വന്നത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ മടക്കിമല പദ്ധതി എതിര്‍ത്തത്. എന്നാല്‍, ഈ ഘട്ടത്തിലൊന്നും വിംസ് ഏറ്റെടുക്കുന്നത് സംബന്ധിച്ചോ ആസാദ് മൂപ്പനുമായി ചര്‍ച്ചകള്‍ നടക്കുന്നതു സംബന്ധിച്ചോ സൂചനകള്‍ പോലും ഇടത് കേന്ദ്രങ്ങള്‍ പുറത്തു വിട്ടിരുന്നില്ല.

മെഡിക്കല്‍ കോളജിനായി ചന്ദ്രപ്രഭ ട്രസ്റ്റ് ദാനമായി നല്‍കിയ ഭൂമിയില്‍ 2015 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തറക്കല്ലിട്ടത്. 2016 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം നവംബറില്‍ കോളജ് സൈറ്റിലേക്കുളള റോഡ് പണി ആരംഭിച്ചു. നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറായിരുന്നു. 2018 ജൂണില്‍ റോഡ്പണി പൂര്‍ത്തിയായി. 320 ലക്ഷം രൂപയാണ് ചിലവ്.

2018 ല്‍ 648 കോടി രൂപ മെഡിക്കല്‍ കോളജിന് വേണ്ടി വകയിരുത്തിയെന്ന് സികെ ശശീന്ദ്രന്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. എന്നാല്‍, 2019 ല്‍ ഈ ഭൂമി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ല എന്ന ശുപാര്‍ശ ഇക്കോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറഞ്ഞ് മറ്റൊരു സ്ഥലം മെഡിക്കല്‍ കോളജിനായി അന്വഷിക്കാന്‍ ആരംഭിച്ചു. ഇതിനിടെ സര്‍ക്കാര്‍ നീക്കത്തിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി ആക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നു.

പിന്നീട് ചുണ്ടലിലെ ചേലോട് എസ്‌റ്റേറ്റ് ഭൂമി കണ്ടെത്തി. അവിടെയും പരിശോധനയും അളവുമെല്ലാം കഴിഞ്ഞു. അതിനിടയിലാണ് വിംസ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ പുറത്തു വന്നത്. നേരത്തെ തന്നെ ഡോ. ആസാദ് മൂപ്പനുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ജിനചന്ദ്രന്‍ സ്മാരക മെഡിക്കല്‍ കോളജ് അട്ടിമറിച്ച എംഎല്‍എ,

ചുണ്ടയിലെ ഭൂമിയുടെ ഉടമകളുമായി ഒരു വര്‍ഷം മുന്‍പ് നടത്തിയ നാടകം വിംസ് മാനേജുമെന്റുമായി വില പേശാനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് മെഡിക്കല്‍ കോളജ് കര്‍മ്മ സമിതി ചെയര്‍മാന്‍ സൂപ്പി പള്ളിയാല്‍ ആരോപിച്ചു.

ഒരു തരത്തിലുള്ള ഇക്കോളജി പ്രശ്‌നങ്ങളുമില്ലാത്ത മടക്കിമല ഭൂമിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി അവിടെ നിന്ന് മെഡിക്കല്‍ കോളജ് തുരത്തിയത് മടക്കിമയില്‍ കോഴക്കോ കമ്മീഷനോ സാധ്യതയില്ലാത്തത് കൊണ്ടാണെന്ന് അന്നേ പറഞ്ഞതായി സൂപ്പി ഫേസ് ബുക്ക് കുറിപ്പിലും പറയുന്നു. 'വലിയ നഷ്ടത്തില്‍ നടന്ന് വന്ന വിംസ് മെഡിക്കല്‍ കോളജ് കൊവിഡ് പശ്ചാത്തലത്തില്‍ കൈ ഒഴിയാന്‍ അതിന്റെ ഉടമ ശ്രമിക്കുന്നത് മനസ്സിലാക്കാം. ഒരു പക്ഷേ സാമ്പത്തിക മാനദണ്ഡത്തില്‍ സര്‍ക്കാറിന് പണവും സമയവും ലാഭമുണ്ടായേക്കാം. പക്ഷേ, ഈ ഇടപാടിന്റെ പിറകില്‍ നടന്ന കളികള്‍ വയനാട്ടുകാര്‍ തിരിച്ചറിയണം. ഒരു മെഡിക്കല്‍ കോളജ് എന്ന സ്വപ്നം ഇല്ലാതാക്കാന്‍ 4 വര്‍ഷം കള്ളക്കളി നടത്തിയ കല്‍പ്പറ്റ എംഎല്‍എ അഞ്ചാം വര്‍ഷം വികസന നായകനായി രംഗത്തെത്തുമ്പോള്‍ ജനങ്ങളോട് മാത്രമല്ല പാര്‍ട്ടി അണികളോടും മറുപടി പറയേണ്ടിവരുമെന്നും സൂപ്പി പള്ളിയാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it