Big stories

സമാധാനാന്തരീക്ഷം വേണമെന്ന് മന്ത്രി ജി ആര്‍ അനില്‍; വിഴിഞ്ഞം സര്‍വകക്ഷിയോഗം തീരുമാനമാവാതെ പിരിഞ്ഞു

സമാധാനാന്തരീക്ഷം വേണമെന്ന് മന്ത്രി ജി ആര്‍ അനില്‍; വിഴിഞ്ഞം സര്‍വകക്ഷിയോഗം തീരുമാനമാവാതെ പിരിഞ്ഞു
X

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാവാതെ പിരിഞ്ഞു. കലക്ടര്‍ ജെറോമിക് ജോര്‍ജ് വിളിച്ച യോഗത്തില്‍ ലത്തീന്‍ രൂപതാ പ്രതിനിധികളും സമരസമിതി നേതാക്കളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. സമാധാനാന്തരീക്ഷമുണ്ടാവണമെന്ന് യോഗത്തിനുശേഷം മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലിസ് ആത്മസംയമനം പാലിച്ചു.

പദ്ധതി പ്രവര്‍ത്തനം കൂടുതല്‍ സജീവമാവണമെന്നാണ് പൊതു അഭിപ്രായമെന്നും പദ്ധതിയുമായി മുന്നോട്ടുപോവാന്‍ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചു. സര്‍വകക്ഷിയോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ അപലപിച്ചതായും മന്ത്രി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി ആര്‍ അനിലാണ് പങ്കെടുത്തത്. സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

സര്‍വകക്ഷി സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും ആവശ്യപ്പെട്ടത് വിഴിഞ്ഞം പദ്ധതി തടസ്സപ്പെടരുതെന്നാണ്. അതുമായി സര്‍ക്കാര്‍ മുന്നോട്ടുപോവാനും ആവശ്യപ്പെട്ടു. എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയുണ്ടായി. ഞായറാഴ്ച നടന്ന അക്രമം സ്വാഭാവിക പ്രതികരണമെന്നാണ് സമരസമിതി പറഞ്ഞത്. അങ്ങനെ പറയുന്നവരോട് ഒന്നും പറയാനില്ല. സംഘര്‍ഷത്തിലേക്ക് പോവാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരസമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ട്.

കേള്‍ക്കുമ്പോള്‍ പോസിറ്റീവായുള്ള അവരുടെ പ്രതികരണം പിന്നീട് നെഗറ്റീവാവുന്നതാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ആ നിലയ്ക്ക് തന്നെ മുന്നോട്ടുപോവും. പദ്ധതി ഉപേക്ഷിക്കാനോ തടസ്സപ്പെടാനോ പാടില്ലെന്നതാണ് സര്‍വകക്ഷി യോഗത്തിന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അനിഷ്ടസംഭവങ്ങളുണ്ടാവില്ലെന്ന് സമരസമിതി സര്‍വകക്ഷി യോഗത്തെ അറിയിച്ചതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖത്തിന്റെ നിര്‍മാണം പുനരാരംഭിക്കണമെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യത്തെ സമരസമിതി യോഗത്തില്‍ എതിര്‍ത്തു. ഇന്നലെ വിഴിഞ്ഞത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണ്. പോലിസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികളും യോഗത്തില്‍ വ്യക്തമാക്കി. സമരസമിതി നിലപാട് കടുപ്പിച്ചതോടെ സര്‍വകക്ഷിയോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു. ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ലെന്ന് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

Next Story

RELATED STORIES

Share it