Big stories

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനു പുല്ലുവില; മോദിയുടെ പ്രചാരണ വീഡിയോയില്‍ സൈനികരും

സൈനികര്‍ യൂനിഫോം അണിഞ്ഞ് യുദ്ധത്തിനു തയ്യാറെടുക്കുന്നതും സൈനിക ടാങ്കറിനു മുകളില്‍ മോദി ഇരിക്കുന്നതും അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുന്നതും ബോംബാക്രമണം നടത്തുന്നതുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനു പുല്ലുവില; മോദിയുടെ പ്രചാരണ വീഡിയോയില്‍ സൈനികരും
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനു പുല്ലുവില കല്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പുറത്തുവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സൈനികരുടെ ചിത്രങ്ങളോ വീഡിയോയോ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കാറ്റില്‍പറത്തിയാണ് ഛൗക്കിദാര്‍ നരേന്ദ്രമോദി എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മോദിയുടെ നീക്കം. 2019 മാര്‍ച്ച് 15ന് രാത്രി 8.30നു പോസ്റ്റ് ചെയ്ത വീഡിയോ 55437 പേര്‍ റീ ട്വീറ്റ് ചെയ്യുകയും 156914 പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 31000 ലേറെ പേരാണ് കമ്മന്റ് ചെയ്തിട്ടുള്ളത്. 3.45 മീറ്റര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 2.50 മുതല്‍ 3.08 വരെയുള്ള സമയത്താണ് സൈനികര്‍ പ്രത്യക്ഷപ്പെടുന്നത്. സൈനികര്‍ യൂനിഫോം അണിഞ്ഞ് യുദ്ധത്തിനു തയ്യാറെടുക്കുന്നതും സൈനിക ടാങ്കറിനു മുകളില്‍ മോദി ഇരിക്കുന്നതും അതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുന്നതും ബോംബാക്രമണം നടത്തുന്നതുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്.



ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ ലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നിര്‍ദേശവുമായി രംഗത്തെത്തിയത്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നരേന്ദ്രമോദിയും അഭിനന്ദന്‍ വര്‍ത്തമാനുമുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പരാതി നല്‍കിയത്. ഇത് പരിഗണിച്ച് 2013 പുറത്തിക്കറക്കിയ നിയമം പിന്തുടരണമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്. 2013ല്‍ സൈനികരുടെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചു. രാജ്യത്തെ സൈനികര്‍ക്ക് രാഷ്ട്രീയമില്ലെന്നും നിഷ്പക്ഷരാണെന്നും അടിവരയിട്ടു പറഞ്ഞ കമ്മീഷന്‍ ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നത്.

'നിങ്ങളുടെ കാവല്‍ക്കാരന്‍ രാജ്യത്തെയും നിങ്ങളെയും സേവിക്കാന്‍ എന്നുമുണ്ടാവും, എന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ല, അഴിമതിക്കെതിരേ സാമൂഹിക തിന്‍മകള്‍ക്കെതിരേ പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. ഇന്ത്യയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണ്. ഇന്ന്, എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണ്' എന്നാണ് ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. റഫേല്‍ ഇടപാടില്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ബിജെപിയെ ഏറെ വെട്ടിലാക്കിയിരുന്നു. ഛൗക്കിദാര്‍ ഛോര്‍ ഹേ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ, അതിനെ പോസിറ്റീവാക്കി മാറ്റാമെന്ന ചിന്തയോടെയാണ് മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം മുതല്‍ മാറ്റി ഛൗക്കിദാര്‍ നരേന്ദ്ര മോദി എന്നും മറ്റുമാക്കി മാറ്റിയത്. ഏതായാലും പ്രധാനമന്ത്രി തന്ന ഇത്തരത്തില്‍ ഉത്തരവ് പച്ചയായി ലംഘിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടിയെടുക്കുമെന്നാണ് പ്രതിപക്ഷ കക്ഷികളും സാമൂഹിക മാധ്യമങ്ങളിലുള്ളവരും ചോദിക്കുന്നത്.




Next Story

RELATED STORIES

Share it