Big stories

'മഥുര ക്ഷേത്ര വിഷയം 2024ല്‍ ഏറ്റെടുക്കും'; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്‍ഗീയ അജണ്ടയുമായി വിഎച്ച്പി

മഥുര ക്ഷേത്ര വിഷയം 2024ല്‍ ഏറ്റെടുക്കും;   തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്‍ഗീയ അജണ്ടയുമായി വിഎച്ച്പി
X

ന്യൂഡല്‍ഹി: 2024ല്‍ നടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ അജണ്ടക്ക് രൂപം നല്‍കി സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. 2024ല്‍ ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ മഥുര ശ്രീകൃഷ്ണ ജന്മഭൂമി വിഷയം ദേശവ്യാപകമായി ഉയര്‍ത്തികൊണ്ട് വരാനാണ് വിഎച്ച്പിയുടെ പദ്ധതി. ബാബരി മസ്ജിദ് ധ്വംസനവും അതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളും ബിജെപിക്ക് രാഷ്ട്രീയ നേട്ടമായെന്ന വിലയിരുത്തലില്‍ നിന്നാണ് അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള അജണ്ടക്ക് സംഘപരിവാര്‍ സംഘടനകള്‍ രൂപം നല്‍കുന്നത്.

ബാബരി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ 2023ഓടെ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതി. രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് തന്നേയാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രം പൂര്‍ത്തിയാക്കുന്നതും.

അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന 2024 ല്‍ ശ്രീകൃഷ്ണ ജന്മഭൂമി വിഷയം ഏറ്റെടുക്കുമെന്ന് പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ തന്റെ സംഘടനയുടെ പ്രാഥമിക പരിഗണനയെന്ന് വിഎച്ച്പി ദേശീയ അധ്യക്ഷന്‍ അലോക് കുമാര്‍ ഞായറാഴ്ച അയോധ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'രാമക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ മഥുര (ശ്രീകൃഷ്ണ ജന്മഭൂമി) വിഷയം ഞങ്ങള്‍ ഏറ്റെടുക്കില്ല..... 2023ഓടെ ശ്രീകോവിലില്‍ രാംലാലയുടെ വിഗ്രഹം സ്ഥാപിക്കും. 2024ല്‍ മഥുര വിഷയം ഞങ്ങള്‍ ചര്‍ച്ച ചെയ്യും,' കുമാര്‍ പറഞ്ഞു.

ശ്രീകൃഷ്ണ ജന്മഭൂമി തങ്ങളുടെ അജണ്ടയിലില്ലെന്നാണ് വിഎച്ച്പി നേരത്തെ പറഞ്ഞിരുന്നത്. ശ്രീകൃഷ്ണ ജന്മഭൂമിയോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്ന ആവശ്യത്തെ സന്യാസിമാരുടെ പരമോന്നത സംഘടനയായ ഓള്‍ ഇന്ത്യ അഖാര പരിഷത്ത് (എഐഎപി) പിന്തുണച്ചിരുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തന്റെ പാര്‍ട്ടി അനുഭാവികളോട് മഥുരയ്ക്ക് 'തയ്യാറാകാന്‍' ആഹ്വാനം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വിഎച്ച്പി അധ്യക്ഷന്റെ പരാമര്‍ശം.

'കാശി, അയോധ്യ മേ നിര്‍മാണ്‍ ജാരി, മഥുര കി ഹേ തയാരി,' (കാശിയിലും അയോധ്യയിലും നിര്‍മ്മാണം നടക്കുന്നു, ഇപ്പോള്‍ മഥുരയിലേക്ക് തയ്യാറെടുക്കുന്നു), മൗര്യ ഒരു ട്വീറ്റില്‍ പറഞ്ഞു. ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കുക എന്നത് ബിജെപിയുടെ അജണ്ടയിലാണെന്നും അതിനായി എന്ത് ത്യാഗവും സഹിക്കാന്‍ ബിജെപി തയ്യാറാണെന്നും യുപി മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രഘുരാജ് സിംഗ് പറഞ്ഞു. ശ്രീകൃഷ്ണ ജന്മഭൂമി സ്ഥിതി ചെയ്യുന്ന മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥാവകാശം അവകാശപ്പെടുന്നതും അതിനോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും മഥുരയിലെ ഒരു ജില്ലാ കോടതി പരിഗണനക്കെടുത്തു.

അഖില ഭാരത് ഹിന്ദു മഹാസഭയുടെ മഥുരയിലേക്കുള്ള റാലി പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മൗര്യയുടെ ട്വീറ്റ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്താണ് കൃഷ്ണജന്മഭൂമിയെന്ന അവകാശവാദമാണ് ഹിന്ദു മഹാസഭയും സംഘപരിവാരവും മുന്നോട്ട് വയ്ക്കുന്നത്. റാലിക്ക് ശേഷം ഷാഹി ഇദ്ഗാഹില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാനും ചില പൂജ കര്‍മങ്ങള്‍ നടത്താനും ഹിന്ദു മഹാസഭ തീരുമാനിച്ചിരുന്നു.

കൃഷ്ണജന്മഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ ഒരു സിവില്‍ കോടതിയില്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് കൃഷ്ണക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്തുവെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള മസ്ജിദ് മാറ്റി സ്ഥാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it