Big stories

യുദ്ധഭീതി ഒഴിയുന്നില്ല: 1500 യുഎസ് സൈനികര്‍ കൂടി പശ്ചിമേഷ്യയിലേക്ക്

ജപ്പാനിലേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് വൈറ്റ്ഹൗസ് അങ്കണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 1500 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

യുദ്ധഭീതി ഒഴിയുന്നില്ല: 1500 യുഎസ് സൈനികര്‍ കൂടി പശ്ചിമേഷ്യയിലേക്ക്
X

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഒരുങ്ങി യുഎസ്. ജപ്പാനിലേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് വൈറ്റ്ഹൗസ് അങ്കണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 1500 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 'സംരക്ഷണവും' മേഖലയിലെ സൈന്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കലുമാണ് പുതിയ സേനാ വിന്യാസം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


തങ്ങള്‍ക്ക് പശ്ചിമേഷ്യയെ സംരക്ഷിക്കേണ്ടതുണ്ടെന്നും തങ്ങള്‍ താരതമ്യേന കുറച്ച് സൈന്യത്തെ അയക്കാനൊരുങ്ങുകയാണും ട്രംപ് പറഞ്ഞു.


ഇറാന്‍ ഭീഷണി അവസാനിച്ചെന്ന് കഴിഞ്ഞാഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇറാന്‍ യുഎസ് താല്‍പര്യങ്ങള്‍ ആക്രമിക്കുമെന്ന് വ്യക്തമായ വിവരം ലഭിച്ചെന്നാണ് പുതിയ സേനാ വിന്യാസത്തിന് കാരണമായി ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ പറഞ്ഞത്. ഇറാന്‍ നേരിട്ട് ആക്രമിക്കുമെന്ന് മാത്രമല്ല യുഎസ് കരുതുന്നത്. ഒരു പക്ഷേ ഇറാന്റെ പിന്തുണയോടെ മറ്റേതെങ്കിലും സംഘം ആക്രമണം നടത്താനാണ് സാധ്യത. രണ്ടു സാഹചര്യങ്ങളും തങ്ങള്‍ മുന്‍കൂട്ടി കാണുന്നുവെന്ന് വൈസ് അഡ്മിറല്‍ മൈക്കല്‍ ഗില്‍ഡെ പറയുന്നു.


തങ്ങളുടെ സൈനികരെ ഭയപ്പെടുത്താനാണ് ഇറാന്റെ ശ്രമമെന്ന് കരുതുന്നുവെന്നും മൈക്കല്‍ ഗില്‍ഡെ പറഞ്ഞു. ഇറാന്റെ കൈകളുണ്ടെന്ന് സംശയം അടുത്തിടെ പശ്ചിമേഷ്യയില്‍ നടന്ന ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് യുഎസ് കരുതുന്നത്. ഫുജൈറ തീരത്തുണ്ടായ ആക്രമണം, സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം, ഇറാഖിലെ എംബസിക്കടുത്തുണ്ടായ റോക്കാറ്റാക്രമണം എല്ലാത്തിനും പിന്നില്‍ ഇറാന്റെ കൈകളുണ്ടെന്ന് സംശയിക്കുന്നുവെന്ന് ഗില്‍ഡെ പറയുന്നു.

പശ്ചിമേഷ്യയില്‍ 60,000ത്തോളം യുഎസ് സൈനികര്‍ നിവലിലുണ്ട്. സൈനികരോടൊപ്പം ആളില്ലാ വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ നശിപ്പിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍, രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍, സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയും എത്തുന്നുണ്ട്.

പശ്ചിമേഷ്യയിലെ വിവിധയിടങ്ങളിലായി നിലവില്‍ ഒട്ടേറെ യുഎസ് സൈനികരുണ്ട്. അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സൈനികരെ ക്യാംപ് ചെയ്യിപ്പിക്കുന്നത് എന്നാണ് യുഎസ് വാദം.

നിലവില്‍ യുഎസിന്റെ രണ്ട് കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. യുഎസ്എസ് അര്‍ലിങ്ടണ്‍, യുഎസ്എസ് അബ്രഹാം ലിങ്കണ്‍ എന്നീ കപ്പലുകളാണ് എത്തിയത്. കൂടെ മിസൈല്‍ പ്രതിരോധ സംവിധാനവും ഒരുക്കി. വ്യോമസേനയുടെ ബോംബറുകളും സജ്ജമാക്കി.

അഞ്ച് രാജ്യങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനം അഞ്ച് രാജ്യങ്ങളില്‍ അമേരിക്ക ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ മിസൈല്‍ നശിപ്പിക്കാന്‍ കഴിയുന്ന സംവിധാനമുള്ളത്. പുതിയ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളിലും അമേരിക്ക ഇത് സ്ഥാപിച്ചേക്കും.


1.2 ലക്ഷം സൈനികരെ ഇറാന്‍ അതിര്‍ത്തി മേഖലയിലേക്ക് അയക്കാന്‍ യുഎസ് രഹസ്യമായി തീരുമാനിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ നിര്‍ദേശ പ്രകാരമാണ് സൈന്യം പുറപ്പെടാന്‍ ഒരുങ്ങുന്ന പദ്ധതി തയ്യാറാക്കിയത്.

ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷനഹാന്‍ ആണ് പദ്ധതി തയ്യാറാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. വൈറ്റ് ഹൗസിലെ ഉന്നതര്‍ക്ക് മുമ്പില്‍ പദ്ധതി അവതരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it