Big stories

അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി റിപോര്‍ട്ട്

അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി റിപോര്‍ട്ട്
X

വാഷിങ്ടണ്‍: അമേരിക്കയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ച്ച കൈവരിച്ചതായി റിപോര്‍ട്ട്. ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഫെഡറേഷന്‍ ജനുവരി 30ന് പ്രസിദ്ധീകരിച്ച രണ്ടാം വാര്‍ഷിക റിപോര്‍ട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഇന്ത്യന്‍ ക്രിസ്ത്യാനികള്‍, മുസ് ലിംകള്‍, ദലിതുകള്‍, കര്‍ഷകര്‍, കൂലിപ്പണിക്കാര്‍, വിയോജിപ്പുള്ള ഹിന്ദുക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.

ഹിന്ദുത്വവാദികള്‍ ഹിന്ദു മത, സാംസ്‌കാരിക, വ്യാപാര സംഘനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അവ പിന്നീട് മതത്തെ സഹായിക്കാന്‍ എന്ന പേരില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്ന ഭീകരവാദ അജണ്ടയിലേക്ക് മാറുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഗ്രൂപ്പുകള്‍ രണ്ടാം തലമുറയിലെ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ തീവ്രവാദ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം സംഘടനകള്‍ യുഎസിലെ പൊതു സംവാദങ്ങളില്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും നീതിന്യായ വകുപ്പിന്റെയും പ്രാദേശിക നിയമപാലകരുടെയും ശ്രദ്ധയില്‍പ്പെടുത്തേണ്ടതുമാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഘങ്ങള്‍ ഇന്ത്യയെപ്പോലുള്ള ഒരു വിദേശ രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, അമേരിക്കയിലെ ശാന്തവും സമാധാനപരവുമായ അയല്‍പക്കങ്ങളില്‍ നിരീക്ഷണശൃംഖല സൃഷ്ടിക്കുന്നത് ഒരു പ്രശ്‌നമായി മാറുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വ തീവ്രവാദത്തില്‍ നിന്നുള്ള ആസന്നമായ ഭീഷണി വ്യക്തമായി മനസ്സിലാക്കാന്‍ അമേരിക്കയോട് റിപോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ ഗ്രൂപ്പുകള്‍ നിയമപാലകരുമായും സര്‍ക്കാരുകളുടെ മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് മുന്‍ കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

എഫ്.ഐ.എ.സി.എന്‍.എ ശേഖരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ 1,198 ആക്രമണങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 157 ശതമാനമാണ് വര്‍ധനവുണ്ടായത്. മാത്രമല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ബിജെപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രചാരണമാണ് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ വന്‍തോതില്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്ന് റിപോര്‍ട്ട് ആരോപിക്കുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം സെമിറ്റിക് മതങ്ങളെ ഒഴിവാക്കി ഹിന്ദുക്കള്‍ മാത്രമുള്ള ഒരു രാഷ്ട്രം സൃഷ്ടിക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഏകദേശം 100 മില്യണ്‍ ഡോളര്‍ അഥവാ 790 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ഫിയാക്കോണ കണക്കാക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ജനസംഖ്യ വര്‍ധിക്കുകയാണെന്ന് വ്യാജ ആരോപണമാണ് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്നത്. നിരവധി പേര്‍ കുപ്രചാരണം വിശ്വസിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 75 വര്‍ഷമായി ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ദ്ധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സെന്‍സസ് തന്നെ കാണിക്കുന്നുണ്ട്.

സെന്‍സസ് അനുസരിച്ച് 2,000 വര്‍ഷം ആയിട്ടും ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ജനസംഖ്യയുടെ 2.4 ശതമാനമാണെന്നും റിപോര്‍ട്ട് പറയുന്നു. ഇന്ത്യയെ ഒരു മതമൗലികവാദ രാഷ്ട്രമാക്കി മാറ്റുന്നതില്‍ അമേരിക്ക കണ്ണടയ്ക്കുകയാണെങ്കില്‍, അത് ആ മേഖലയിലെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് നേരിട്ട് ഭീഷണിയാവുമെന്ന് ഫിയാക്കോണ ചെയര്‍മാന്‍ ജോണ്‍ പ്രഭുദോസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ എണ്ണം വളരെ വലുതാണെന്ന് ആര്‍എസ്എസ് അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ അവകാശവാദത്തിന് തെളിവുകളോ സര്‍ക്കാര്‍ വിവരങ്ങളോ ഇല്ലെന്ന് ഫിയക്കോണ ചൂണ്ടിക്കാട്ടി. എന്നിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തോതിലുള്ള മതപരിവര്‍ത്തനം എന്ന വ്യാജ പ്രചാരണം ഉപയോഗിച്ച് അവരുടെ മതവിശ്വാസം മാറ്റുന്നതിനായി ജനങ്ങളുടെമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും റിപോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

Next Story

RELATED STORIES

Share it