Big stories

ശബരിമലയുടെ പേരിലുള്ള ആര്‍എസ്എസ് കലാപത്തിന് രണ്ട് വര്‍ഷം: പരിക്കുകളില്‍ നിന്ന് കരകയറാതെ കരീം മൗലവി; ജീവിതവും വഴിമുട്ടി

ശബരിമലയുടെ പേരിലുള്ള ആര്‍എസ്എസ് കലാപത്തിന് രണ്ട് വര്‍ഷം: പരിക്കുകളില്‍ നിന്ന് കരകയറാതെ കരീം മൗലവി; ജീവിതവും വഴിമുട്ടി
X

കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിട്ട ആര്‍എസ്എസ് അക്രമി സംഘം വഴിയാധാരമാക്കിയത് ഒരു മദ്‌റസാ അധ്യാപകന്റെ ജീവിതം. ശബരിമല ഹര്‍ത്താലിനിടെ ആര്‍എസ്എസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഏറെ കാലം അബോധാവസ്ഥയില്‍ കഴിഞ്ഞ ബയാര്‍ കരീം മൗലവിക്ക് ഇപ്പോഴും ജീവിതം തിരിച്ചുപിടിക്കാനായിട്ടില്ല. 2019 ജനുവരി മൂന്നിനാണ് ആര്‍എസ്എസ് സംഘം ബയാര്‍ കരീം മൗലവിയെ തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചത്. സംഭവം അരങ്ങേറി രണ്ട് വര്‍ഷം കഴിയുമ്പോള്‍ സ്വന്തം നാട്ടുകാരും പരിചയക്കാരുമായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലക്കത്തി ഉയര്‍ത്തിയതിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവക്കുകയാണ് കരീം മൗലവി. യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ്സുകാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് കരീം മൗലവി പറയുന്നു. ബൈക്കില്‍ പോകുന്നതിനിടേയാണ് ആക്രമണം. പരിചയക്കാരായ ചിലര്‍ കൈ കാണിച്ചതിനെ തുടര്‍ന്നാണ് ബൈക്ക് നിര്‍ത്തിയത്. 'ബൈക്കില്‍ ലിഫ്റ്റ് ചോദിക്കുകയാണെന്ന് കരുതിയാണ് വണ്ടി നിര്‍ത്തിയത്. വണ്ടി നിര്‍ത്തിയ ഉടനെ ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നു'. സ്വന്തം നാട്ടുകാരായ ആര്‍എസ്എസ്സുകാര്‍ തന്നെ കലാപകാരികളായത് ഓര്‍ത്തെടുക്കുകയാണ് കരീം മൗലവി. ആക്രമണത്തെ തുടര്‍ന്ന് മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി ചികില്‍സയില്‍ കഴിഞ്ഞു. തലക്കേറ്റ മാരക പരിക്കിനെ തുടര്‍ന്ന് ആഴ്ച്ചകളോളം 'കോമ' സ്‌റ്റേജില്‍ ആയിരുന്നു. തലയിലും കൈയ്യിലും തുടര്‍ച്ചയായി സര്‍ജറികള്‍ നടത്തേണ്ടി വന്നു. ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മാസങ്ങളോളം ചികില്‍സ തുടര്‍ന്നു. ഒരുഭാഗം തളര്‍ന്ന അവസ്ഥയില്‍ വീട്ടിലും ചികില്‍സയില്‍ കഴിയേണ്ടി വന്നു. ഇപ്പോഴും ഇടത് കൈ പൂര്‍ണമായും പരിക്കില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് കരീം മൗലവി തേജസിനോട് പറഞ്ഞു. മഹല്ല് നിവാസികളുടേയും മുസ് ലിം സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെയാണ് ചികില്‍സക്കും മറ്റു ചിലവുകള്‍ക്കും പണം കണ്ടെത്തിയത്. പരിക്കും കൊവിഡ് പ്രതിസന്ധിയും തുടര്‍ച്ചയായ ചികില്‍സയും മൂലം ഇപ്പോഴും ജീവിതം തിരിച്ചുപിടിക്കാനായിട്ടില്ലെന്ന് കരീം മൗലവി പറയുന്നു. ഉമ്മയും ഭാര്യയുമാണ് വീട്ടിലുള്ളത്. രണ്ട് ആണ്‍ മക്കളില്‍ ഒരാള്‍ 'വാഫി' കോഴ്‌സ് പഠിക്കാന്‍ മലപ്പുറത്തും ഒരാള്‍ ബിരുദ പഠനത്തിനായി മംഗലാപുരത്തുമാണുള്ളതെന്നും കരീം മൗലവി പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ നടത്തിയ സംഘപരിവാര്‍ ഹര്‍ത്താലിനിടേയാണ് മദ്‌റസാ അധ്യാപകനും ബായാര്‍ പള്ളി ഇമാമുമായ കരീം മൗലവിയെ ക്രൂരമായി ആക്രമിച്ചത്. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ആര്‍എസ്എസ് സംഘം ബായാര്‍ ദര്‍ഗക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ഇതിനിടെ അതുവഴി ബൈക്കില്‍ വരുന്നതിനിടേയാണ് കരീം മൗലവിയെ ആര്‍എസ്എസ് സംഘം ആക്രമിച്ചത്. മൗലവിയെ ബൈക്കില്‍ നിന്ന് അടിച്ചു താഴെയിട്ട അക്രമികള്‍ ഇരുമ്പ് പൈപ്പ് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്കും നെഞ്ചിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മൗലവി രക്തം വാര്‍ന്ന് ഏറെ നേരെ റോഡില്‍ കിടന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം സമീപത്തുള്ള ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം യൂനിറ്റി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ 12 സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല വിഷയവുമായി യാതൊരു ബന്ധമില്ലാത്ത കരീം മുസ്‌ല്യാരെ ആര്‍എസ്എസ്സുകാര്‍ വധിക്കാന്‍ ശ്രമിച്ചത് നിയമസഭയില്‍ പോലും ചര്‍ച്ചക്കിടയാക്കിയിരുന്നു. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ബോധ പൂര്‍വ്വമുള്ള ആക്രമണങ്ങളാണ് കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നടന്നതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നു. ആര്‍എസ്എസ്സിന്റെ കലാപ ശ്രമം തിരിച്ചറിഞ്ഞിട്ടും പോലിസ് നടപടി കാര്യക്ഷമമാക്കാത്തത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിക്കപ്പെട്ടു. കരീം മൗലവിക്ക് ആര്‍എസ്എസ്സുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് പരിശോധിച്ച് തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍, ഇതുവരേയും കരീം മൗലവിക്ക് സര്‍ക്കാര്‍ തലത്തില്‍ യാതൊരു സഹായം ലഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it