Kerala

ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത: ആരോഗ്യ മന്ത്രി രാജിവയ്ക്കുക- വിമന്‍ ഇന്ത്യാ മൂവ്മെന്റ്

ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത: ആരോഗ്യ മന്ത്രി രാജിവയ്ക്കുക- വിമന്‍ ഇന്ത്യാ മൂവ്മെന്റ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന അതീവ ഗുരുതരമായ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായ ഉഷ ജോസഫിന്റെ (59) വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍. പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന സമാനമായ സംഭവം വന്‍ വിവാദമായിട്ടും, ആവര്‍ത്തിക്കുന്ന ഇത്തരം കുറ്റകരമായ അനാസ്ഥകള്‍ക്ക് തടയിടാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല.

രോഗിയുടെ ജീവന്‍ വച്ച് പന്താടുന്ന ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഒരു സ്ത്രീ വയറ്റില്‍ കത്രികയും ചുമന്ന് നിത്യവേദന തിന്നുമ്പോഴും അതിനെ ഹാസ്യരൂപേണ ലളിതവല്‍ക്കരിക്കുന്ന ഡോ. ലളിതാംബികയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അവരെ സര്‍വീസില്‍ നിന്നു തന്നെ പുറത്താക്കണം. അടിയന്തര ചികില്‍സ ഉറപ്പാക്കുന്നതിലെ വീഴ്ച മൂലം സംസ്ഥാനത്ത് നിരവധി ജീവനുകളാണ് പൊലിയുന്നത്. അപകടത്തില്‍ ചില്ല് കൈത്തണ്ടയില്‍ തറച്ചത് നീക്കം ചെയ്യാതെ സ്റ്റിച്ചിട്ടതും ഒടിഞ്ഞ കൈക്ക് പകരം മറ്റേ കൈക്ക് പ്ലാസ്റ്ററിട്ടതും ഉള്‍പ്പെടെ നിരവധി ദാരുണമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. പാലക്കാട് പിഞ്ചു ബാലികയ്ക്ക് ഒരു കൈ നഷ്ടപ്പെട്ടതും ഇതേ അനാസ്ഥയാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന മെഡിക്കല്‍ അനാസ്ഥകളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി സ്ഥാനമൊഴിയണം. സംഭവത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയും വേണം. അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്ന ഉഷ ജോസഫിന് സര്‍ക്കാര്‍ അടിയന്തരമായി അര്‍ഹമായ ചികില്‍സയും വന്‍തുക നഷ്ടപരിഹാരവും നല്‍കണം. ആരോഗ്യ മേഖലയില്‍ പിആര്‍ വര്‍ക്കുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല. മെഡിക്കല്‍ കോളജുകളിലെ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംവിധാനമില്ലാത്തത് വീഴ്ചയാണെന്നും റൈഹാനത്ത് സുധീര്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it