Latest News

വിവാഹങ്ങള്‍ക്ക് പുതിയ നിബന്ധനകളുമായി ഗുജറാത്ത് സര്‍ക്കാര്‍

വിവാഹങ്ങള്‍ക്ക് പുതിയ നിബന്ധനകളുമായി ഗുജറാത്ത് സര്‍ക്കാര്‍
X

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രണയവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വധൂവരന്മാര്‍ മാതാപിതാക്കളെ വിവരമറിയിച്ചിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ ഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചതായി ഉപമുഖ്യമന്ത്രി ഹര്‍ഷ സംഘവി അറിയിച്ചു. സര്‍ക്കാര്‍ പ്രണയവിവാഹങ്ങള്‍ക്ക് എതിരല്ലെന്നും, പെണ്‍കുട്ടികള്‍ വഞ്ചിതരാകാതിരിക്കാനാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹര്‍ഷ സംഘവി വ്യക്തമാക്കി.

പുതിയ മാര്‍ഗനിര്‍ദേശപ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വധൂവരന്മാര്‍ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ മുഖേന ഇരുവരുടെയും മാതാപിതാക്കള്‍ക്ക് ഫോണ്‍ വഴിയോ നേരിട്ടോ ഔദ്യോഗികമായി അറിയിപ്പ് നല്‍കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വധൂവരന്മാരുടെ ആധാര്‍ രേഖകളോടൊപ്പം മാതാപിതാക്കളുടെ ആധാര്‍ പകര്‍പ്പുകള്‍, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും നല്‍കണം. അവരുടെ സമ്മതമുണ്ടോ എന്ന കാര്യവും വ്യക്തമാക്കേണ്ടതുണ്ട്.

അപേക്ഷ താലൂക്ക് രജിസ്ട്രാര്‍ പരിശോധിക്കും. വിവരങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചാല്‍ 30 ദിവസത്തിനകം വിവാഹരേഖ നല്‍കും. സര്‍ക്കാര്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും രേഖ അപ്‌ലോഡ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങള്‍ അസാധുവാക്കണമെന്ന് പട്ടേല്‍, ഠാക്കൂര്‍, ക്ഷത്രിയ തുടങ്ങിയ സമുദായങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും, സമിതി പരിശോധിച്ചതിന് ശേഷമാകും അന്തിമ നിയമരൂപം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഈ നീക്കത്തെ ആം ആദ്മി പാര്‍ട്ടി സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധര്‍ രംഗത്തെത്തി. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്ന് അഭിഭാഷകന്‍ മഹേഷ് ബാരിയ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it