Big stories

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ നിയമനശുപാര്‍ശ പിഎസ്‌സി മരവിപ്പിച്ചു

കെഎപി നാലാം ബറ്റാലിയന്റെ റാങ്ക് പട്ടികയിലാണ് കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുമായ എ എന്‍ നസീം പട്ടികയിലെ 28ാം റാങ്കുകാരനായും ഇടംനേടിയിരുന്നത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ നിയമനശുപാര്‍ശ പിഎസ്‌സി മരവിപ്പിച്ചു
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളുടെ നിയമനശുപാര്‍ശ പിഎസ്‌സി മരവിപ്പിച്ചു. കെഎപി നാലാം ബറ്റാലിയന്റെ റാങ്ക് പട്ടികയിലാണ് കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുമായ എ എന്‍ നസീം പട്ടികയിലെ 28ാം റാങ്കുകാരനായും ഇടംനേടിയിരുന്നത്. കൂടാതെ എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റി അംഗമായ പി പി പ്രണവും പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്.

എസ്എഫ്‌ഐ നേതാക്കള്‍ കൂട്ടത്തോടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് വിവാദമായതിനെത്തുടര്‍ന്ന് മൂന്നുപേരുടെയും നിയമനശുപാര്‍ശ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷിക്കും. ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രതികള്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നായിരിക്കും പിഎസ്‌സി പരിശോധിക്കുക. അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷം നിയമന ശുപാര്‍ശയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

ഇന്റര്‍കോളജ് ഹാന്റ്‌ബോള്‍ വിജയി എന്നതിനാണ് ഇവര്‍ക്ക് വെയിറ്റേജ് നല്‍കിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ ഹാജരാക്കിയിരുന്നത്. വിവാദ ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തത്. ശിവരഞ്ജിത് ആറ്റിങ്ങല്‍ ഗവ. യുപി സ്‌കൂളിലും പ്രണവ് മാമം ശ്രീ ഗോകുലം സ്‌കൂളിലും നസീം തൈക്കാടുമാണ് പരീക്ഷയെഴുതിയത്. കെഎപി നാലാം ബറ്റാലിയന് അപേക്ഷിച്ച 2989 പേര്‍ തിരുവനന്തപുരത്താണ് പരീക്ഷ എഴുതിത്. പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it