Big stories

ഐലന്‍ കുര്‍ദിയുടെ മുങ്ങിമരണം; മൂന്നുപേര്‍ക്ക് 125 വര്‍ഷം തടവ്

ഐലന്‍ കുര്‍ദിയുടെ മുങ്ങിമരണം; മൂന്നുപേര്‍ക്ക് 125 വര്‍ഷം തടവ്
X
അങ്കാറ: ഐലന്‍ കുര്‍ദിയെ ഓര്‍മയില്ലേ...?. 2015 സപ്തംബര്‍ 2ന് തെക്കന്‍ തുര്‍ക്കിയിലെ ബോഡ്രം തീരത്ത് അഭയാര്‍ഥിപ്രവാഹത്തിനിടെ ബോട്ട്മുങ്ങി മരിച്ചുവീണ മൂന്നുവയസ്സുകാരനെ. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ആ കാഴ്ചയ്ക്കു കാരണമായ മൂന്നുപേരെ തുര്‍ക്കി കോടതി 125 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ദിവസം തുര്‍ക്കി സുരക്ഷാസേന സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തെക്കന്‍ പ്രവിശ്യയായ അദാനയില്‍ നിന്ന് തുര്‍ക്കി സുരക്ഷാ സേന പിടികൂടിയ ഇവര്‍ക്കെതിരേ വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചതെന്ന് തുര്‍ക്കി സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ അനഡോളുവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. വിചാരണയ്ക്കിടെ മുങ്ങിയ ഇവരെ കഴിഞ്ഞ ആഴ്ചയാണ് പിടികൂടിയത്. മറ്റു പ്രതികളായ സിറിയന്‍, തുര്‍ക്കി പൗരന്‍മാരെ 2015 സപ്തംബറില്‍ തന്നെ ശിക്ഷിച്ചിരുന്നു. മുഗ്ലയിലെ ബോഡ്രം ഹൈ ക്രിമിനല്‍ കോടതിയാണ് മൂവരെയും ശിക്ഷിച്ചത്.



സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പിഞ്ചുകുഞ്ഞിന്റെ ദയനീയമരണം ലോകത്തെ അഭയാര്‍ഥികളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു. കടല്‍ത്തീരത്ത് ഒരു ആണ്‍കുട്ടി മുഖം നിലത്തമര്‍ന്ന് മരിച്ചുകിടക്കുന്നതായിരുന്നു ചിത്രം. മറ്റൊരു ഫോട്ടോയില്‍ ഒരു പോലിസുകാരന്‍ കുട്ടിയുടെ മൃതദേഹം എടുത്തുകൊണ്ടുപോവുന്നതും കാണാമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അത് ഐലന്‍ കുര്‍ദിയെന്ന സിറിയയിലെ മൂന്നുവയസ്സുകാരനാണെന്നു വ്യക്തമായത്. കടല്‍ പോലും കണ്ണീരണിഞ്ഞു പോയിട്ടുണ്ടാവുമായിരുന്ന പിഞ്ചുമകനെ മെഹ് മൂദ് സിപ്ലക് എന്ന പോലിസുകാരനാണ് ആദ്യം കണ്ടത്. ജീവനുണ്ടാവണേ എന്ന പ്രാര്‍ഥനയോടെ ആ കുഞ്ഞുശരീരത്തെ വാരിയെടുത്തെങ്കിലും ചേതനയറ്റുപോയെന്നറിഞ്ഞ് ആ പോലിസുകാരന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു.



നിലൂഫര്‍ ഡെമിര്‍ എന്ന 29കാരി ഫ്രീലാന്‍സ് ഫോട്ടോഗ്രഫര്‍ ഇത് കാമറയില്‍ പകര്‍ത്തി. ഇന്‍ഡിപെന്‍ഡന്റ് പത്രമാണ് പുറത്തുവിട്ടത്. പിറ്റേന്ന് ലോകത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലെലും പത്രങ്ങളില്‍ ഇടംനേടിയ ചിത്രം കണ്ടവരെല്ലാം അവനു വേണ്ടി കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാവും. ഐലനോടൊപ്പം മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരന്‍ ഗാലിബും ഉള്‍പ്പെടെ ആ ബോട്ടിലുണ്ടായിരുന്ന 12 പേരും കടലില്‍ മുങ്ങിമരിക്കുകയായിരുന്നു.


മൂന്നു വര്‍ഷമായി തുര്‍ക്കിയില്‍ താമസിച്ചിരുന്ന കുര്‍ദി കുടുംബം ആഭ്യന്തരയുദ്ധത്തില്‍ നിന്ന് രക്ഷനേടാനായി ഗ്രീസിലേക്ക് പോവുന്നതിനിടെയാണ് കടലില്‍ വച്ച് ബോട്ട് മുങ്ങിയത്. അഭയാര്‍ഥികളുടെ ദുരവസ്ഥയെ മുന്നിലെത്തിച്ച ചിത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി 'വിത്ത് റെഫ്യൂജീസ്' എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ കാംപയിന്‍ വരെ തുടങ്ങിയിരുന്നു. 2011 മുതല്‍ 6.7 ദശലക്ഷത്തിലേറെ സിറിയക്കാര്‍ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു.





Next Story

RELATED STORIES

Share it