- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മേല്‍ക്കൂര നഷ്ടപ്പെടുന്ന ചേരി ജീവിതങ്ങള്‍

ശ്രീവിദ്യ കാലടി
ന്യൂഡല്ഹി : 39കാരനായ ദിനേശ്കുമാര്‍ വര്‍മ്മ വാസെര്‍പൂരിലെ ആസാദ് കോളനിയിലിരുന്ന് തന്റെ വീട് തകര്‍ന്നു വീഴുന്നത് നോക്കിനിന്നു. പേമാരിയോ കാറ്റോ കട പുഴക്കാത്ത തന്റെ വീട് ബുള്‍ഡോസര്‍ ഇടിച്ചു വീഴ്ത്തുന്നത് കണ്ണിമ വെട്ടാതെ നോക്കി നില്‍ക്കുമ്പോള്‍ ദിനേശ്കുമാര്‍ വര്‍മ്മയുടെ ചെവിയില്‍ ബിജെപിയുടെ മുദ്രാവാക്യം മുഴങ്ങി, 'ചേരിയുള്ളിടത്ത് ഇനി വീടുണ്ടാകും'!. എന്നാല്‍ അത് വെറും മുദ്രാവാക്യം കൊണ്ട് പണിതെടുത്ത കെട്ടുകഥയാണെന്ന് ഇപ്പോള്‍ ആസാദിനു മാത്രമല്ല, ഇവിടുത്ത സകലര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ ചേരിയുള്ളിടത്ത് ഒരു വയലുണ്ടാകും എന്നായിരിക്കും അവരുടെ യഥാര്‍ഥ വാഗ്ദാനം എന്ന് അവര്‍ ഓര്‍മിപ്പിച്ചു.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കോളനികള്‍ നിറഞ്ഞ ഒരു മേഖലയായ വാസെര്‍പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയെ ചുറ്റിപ്പറ്റിയുള്ള റെയില്‍വേ ലൈനില്‍ ഇപ്പോള്‍ കാണാവുന്നത് തകര്‍ന്നു കിടക്കുന്ന ഇഷ്ടിക കൂമ്പാരങ്ങളാണ്. മുന്‍കൂട്ടി ഒന്നറിയിക്കുക പോലും ചെയ്യാതെ! തകര്‍ത്തു കളഞ്ഞ തങ്ങളുടെ വീടുകളുടെ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ വെറും കൈകളാല്‍ പലരും കുഴിച്ചു നോക്കി, തങ്ങള്‍ ഇവിടുത്തുകാരാണെന്ന് തെളിയിക്കാന്‍ എന്തെങ്കിലും രേഖകള്‍ വേണമല്ലോ.

2025 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം, ചേരി പൊളിച്ചുമാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്, കഴിഞ്ഞ മാസം ജയിലോര്‍വാല ബാഗിലും വാസെര്‍പൂരിലും മാത്രം ഒട്ടനവധി വീടുകളാണ് 'അനധികൃത വാസസ്ഥലങ്ങള്‍ എന്ന പേരില്‍ അവര്‍ പൊളിച്ചു നീക്കിയത്.! പൊതു ഭൂമിയില്‍ നിന്ന് 'അനധികൃത കയ്യേറ്റങ്ങള്‍' നീക്കം ചെയ്യാനുള്ള കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി, ഡല്‍ഹി വികസന അതോറിറ്റിയും, റെയില്‍വേ, മുനിസിപ്പല്‍ ബോഡികളും ചേര്‍ന്ന് കഴിഞ്ഞ മാസം മാത്രം പൊളിച്ചത് 300 വീടുകളാണ്.
അനധികൃതമെന്ന സര്‍ക്കാര്‍ പദ്ധതിയുടെ പ്രമാണം കൊണ്ട് പൊളിച്ചു നീക്കിയ ഈ കോളനികളുടെ ചരിത്രത്തിന് മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ ഒത്താശയും പിന്തുണയും ഉണ്ടന്നതാണ് വസ്തുത. ആ ചരിത്രം പരിശാധിച്ചാല്‍, 1980 കളില്‍ ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികള്‍ എത്തിത്തുടങ്ങിയ വാസെര്‍പൂരില്‍, രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ് ഈ വാസസ്ഥലങ്ങള്‍ രൂപപ്പെട്ടതെന്ന് കാണാന്‍ കഴിയും. ജലവൈദ്യുത കണക്ഷനുകള്‍ ഉറപ്പാക്കാന്‍ സഹായിച്ച കോണ്‍ഗ്രസുകാരായ ദീപ് ചന്ദ് ബന്ധു, എച്ച്‌കെഎല്‍ ഭഗത് തുടങ്ങിയ നേതാക്കളായിരുന്നു അന്ന് അവരുടെ രക്ഷാധികാരികള്‍.

ഫോട്ടോ: ദീപ് ചന്ദ് ബന്ധു
പതിറ്റാണ്ടുകളായി, കുടുംബങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുകയും അവിടെ താമസിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള രേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഭരണം മാറിയപ്പോള്‍ തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാന്‍ ആ രേഖകളൊന്നും അവര്‍ക്ക് മതിയാകാതെ വന്നു. അധികാരത്തിലിരിക്കുന്നവരെ ആശ്രയിച്ച് ചേരികള്‍ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു, അതിന് എങ്ങനെ അംഗീകാരം കിട്ടുന്നു, പിന്നീട് അവ എങ്ങനെ നീക്കം ചെയ്യപ്പെടുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായി വാസെര്‍പൂരിലെ കോളനി മാറി
ദേശീയ തലസ്ഥാനത്തെ ജുഗ്ഗികള്‍ എന്നു വിളിക്കുന്ന മിക്ക കോളനികളിലെയും താമസക്കാര്‍ അവിടെ കോണ്‍ഗ്രസ് ഭരണകാലത്ത് സ്ഥിരതാമസമാക്കിയവരാണെന്നും ആം ആദ്മി പാര്‍ട്ടിയുടെ ഭരണകാലത്ത് അത് തുടര്‍ന്നു പോന്നതായും ചരിത്രകാരനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായ ആകാശ് ഭട്ടാചാര്യ പറയുന്നു.
'കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഭൂമിയായതിനാല്‍, ബിജെപി അധികാരത്തിലിരുന്നപ്പോഴെല്ലാം പൊളിച്ചുമാറ്റലുകള്‍ ഉണ്ടായിട്ടുണ്ട്,' ഭട്ടാചാര്യ പറഞ്ഞു. 'കോണ്‍ഗ്രസിനോ ആം ആദ്മി പാര്‍ട്ടിക്കോ ഉണ്ടായിരുന്നതുപോലെ ഈ ചേരികള്‍ ഒരിക്കലും ബിജെപിയുടെ വോട്ട് ബാങ്കായിരുന്നില്ല.' അദ്ദേഹം ചൂണ്ടിക്കാട്ടി
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തരിശായി കിടന്ന കൃഷിഭൂമിയായിരുന്നു വാസെര്‍പൂര്‍. 1970 കളുടെ മധ്യത്തോടെ, ഈ പ്രദേശം ഒരു വ്യാവസായിക മേഖലയായി മാറ്റപ്പെട്ടു. സ്റ്റീല്‍ ഫാക്ടറികള് ഒന്നൊന്നായി മുളച്ചുപൊങ്ങിയപ്പോള്‍, ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും തൊഴിലാളികള്‍ ഇങ്ങോട്ടേക്കെത്തി. അവരില്‍ പലരും വഴിയെ ഇവിടുത്തുകാരായി, ഫാക്ടറികള്‍ക്കിടയില്‍ ഒരു വലിയ കോളനി തന്നെ പിറവി കൊണ്ടു, കൂടെ തലമുറകളും.
'ഇവിടത്തെ എണ്‍പത് ശതമാനം ഫാക്ടറികളും റെയില്‍വേയ്ക്ക് വേണ്ടി ഉരുക്ക് സാധനങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ആ സമയത്ത്, എട്ട് മണിക്കൂര്‍ ജോലിക്ക് ഞങ്ങള്‍ക്ക് 240 മുതല്‍ 300 രൂപ വേതനം ലഭിക്കുമായിരുന്നു,' 1980 ല്‍ ചന്ദ്രശേഖര്‍ ആസാദ് കോളനിയിലേക്ക് താമസം മാറിയ ഇന്ദ്രജീത് യാദവ് പറയുന്നു.
പ്രദേശങ്ങള്‍ മാറി മാറി താമസിക്കേണ്ടി വന്ന ഒട്ടനേകം മനുഷ്യരുടെ ജീവിതം കണ്ട യാദവ് ഇന്ന് ഇവിടത്തെ പ്രദേശവാസികളുടെ ശബ്ദം കൂടിയാണ്. ഒരു ഫാക്ടറി സൂപ്പര്‍വൈസറായി തുടക്കം കുറിച്ച അദ്ദേഹം, ഒരു ലേബര്‍ കോണ്‍ട്രാക്ടറായി മാറി, ഒടുവില്‍ 2000കളില്‍ ജനതാദള്‍ (യുണൈറ്റഡ്) അംഗമായും കോളനിയിലെ റെസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ (ആര്‍ഡബ്ല്യുഎ) പ്രസിഡന്റായും മുഴുവന്‍ സമയ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് മാറി. രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും ഇടക്കുള്ള കണ്ണിയായി കാലം അയാളെ മാറ്റി.

ഫോട്ടോ: ഇന്ദ്രജീത് യാദവ്
നിലവില്‍, കോളനിയുടെ ചരിത്രവും വര്‍ഷങ്ങളായി അതിലെ താമസക്കാര്‍ക്ക് ലഭിച്ച രേഖകളും വിശദമായി ഉള്‍പ്പെടുത്തി അദ്ദേഹം ഒരു കത്ത് എഴുതിയിട്ടുണ്ട്. കോളനിക്കുള്ളില്‍ അത് വിതരണം ചെയ്യാനും പകര്‍പ്പുകള്‍ ഡിഡിഎ ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും എംഎല്‍എമാര്‍ക്കും അയക്കാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി
'ഒരു ചേരിയുടെ കഥ എന്നത് എപ്പോഴും അധ്വാനത്തിന്റെ കഥ കൂടിയാണ്,' നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സിലെ ആര്‍ക്കിടെക്റ്റും നഗര ആസൂത്രകയുമായ മുക്ത നായിക് പറയുന്നു. വ്യാവസായിക മേഖലകള്‍ ആസൂത്രണം ചെയ്തപ്പോള്‍, തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിടത്തെ കുറിച്ച് ആരും ചിന്തിച്ചില്ല. എസിയിലിരുന്ന് സുഖിക്കുന്ന മധ്യവര്‍ഗത്തെ നിലനിര്‍ത്താന്‍ പണിയെടുക്കുന്ന പാവങ്ങള്‍ തൊഴിലിടങ്ങളുടെ അരികുകളില്‍ അന്തിയുറങ്ങി. മഴ നനയാതിരിക്കാന്‍ അവര്‍ ആ ഓരങ്ങളില്‍ താല്‍ക്കാലിക ഷെഡുകള്‍ പണിതു.
പതുക്കെ പതുക്കെ, തൊഴിലാളികളുടെ താമസം അവിടത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയില്‍ ചില നിശബ്ദ കരാറുകളില്‍ സ്വപ്നം കണ്ടു. അങ്ങനെ ഒരു കോളനി രൂപം കൊണ്ടു.കോളനി വികസിച്ചതോടെ വീടുകളും വികസിച്ചു. ചുവരുകള്‍ ടിന്നില്‍ നിന്ന് ഇഷ്ടികയായും മേല്‍ക്കൂരകള്‍ ഷീറ്റില്‍ നിന്ന് കോണ്‍ക്രീറ്റായും മാറി. ഈ വീടുകളുടെ നവീകരണങ്ങളെല്ലാം താമസക്കാര്‍ തന്നെയാണ് ചെയ്തിരുന്നതും.
കോളനികള്‍ മുഖ്യധാരയുടെ ഭാഗമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് പ്രകടമായത് 1980കളിലാണ്. പൈപ്പ് കണക്ഷ്‌നുകളാണ് ആ മാറ്റത്തിനു കാരണം. 1993 മുതല്‍ 2003 വരെ വാസെര്‍പൂരിന്റെ എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവായ ദീപ് ചന്ദ് ബന്ധുവിന്റെ ശ്രമഫലമായാണ് കോളനിയില്‍ പൈപ്പ് കണക്ഷന്‍ എത്തിയത്. പ്രദേശത്തെ ഫാക്ടറികള്‍ക്ക് സേവനം നല്‍കിയിരുന്ന വളരെ വലിയ പൈപ്പുകളില്‍ നിന്ന് കോളനികളിലേക്ക് ചെറിയ പൈപ്പുകള്‍ അവര്‍ നിര്‍മ്മിച്ചു. 198485ല്‍, ദീപ് ചന്ദ് ബന്ധുവും കോണ്‍ഗ്രസ് നേതാവായ ഹരി കൃഷ്ണന്‍ ലാല്‍ ഭഗത്തും കോളനിയില്‍ വൈദ്യുതി എത്തിക്കാന്‍ സഹായിച്ചു.
2003-2004 കാലഘട്ടത്തിലാണ് കോളനിയില്‍ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ചത്. പല താമസക്കാര്‍ക്കും, അടിസ്ഥാന സൗകര്യങ്ങള്‍ നിയമസാധുതയുടെ കൂടെ അടയാളമായിരുന്നു. സര്‍ക്കാരുകള്‍ നല്‍കുന്ന വാഗ്ദാനങ്ങളും പിന്തുണയും അവരുടെ സുരക്ഷിത്വബോധവും വര്‍ധിപ്പിച്ചു.
കോണ്‍ഗ്രസ്, ആം ആദ്മി സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടത്. കേന്ദ്ര ഏജന്‍സികള്‍ മുഖാന്തരം പല പൊളിക്കല്‍ പദ്ധതികളും വന്നപ്പോള്‍, ചേരി പുനര്‍വികസന പദ്ധതി പ്രകാരം ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ആം ആദ്മി സര്‍ക്കാരുകള്‍ ഭവന യൂണിറ്റുകള്‍ നിര്‍മിച്ചിരുന്നതായി ആളുകള്‍ പറയുന്നു.'ഞങ്ങളുടെ കാലത്ത്, 900ലധികം അനധികൃത കോളനികള്‍ക്ക് ഞങ്ങള്‍ റെഗുലറൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി,' കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വകുപ്പ് മേധാവി പവന്‍ ഖേര പറഞ്ഞു.
ജല പൈപ്പുകള്‍, വൈദ്യുതി, ഉറപ്പുള്ള വീടുകള്‍ എന്നിവ ഉണ്ടായിരുന്നിട്ടും, ചന്ദ്രശേഖര്‍ ആസാദ് കോളനിയുടെ നിലനില്‍പ്പിന്റെ ആധാരം ദുര്‍ബലമായിരുന്നു.സര്‍ക്കാര്‍ രേഖകളിലും നയരേഖകളിലും അതിനെ തരംതിരിച്ചിരിക്കുന്ന രീതിയില്‍ നിന്ന് അതിന്റെ നിലനില്‍പ്പിന്റെ ദുര്‍ബലത വ്യക്തമാണ്.

വാസെര്‍പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചേരി ക്ലസ്റ്ററുകളെ ഔദ്യോഗികമായി ജുഗ്ഗിജോപ്രി ക്ലസ്റ്ററുകള്‍ (ജെജെസി) എന്നാണ് തരംതിരിക്കുന്നത് പൊതു ഭൂമിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച അനൗപചാരിക വാസസ്ഥലങ്ങളായാണ് അവ അടയാളപ്പെട്ടത്. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്, കാറ്റഗറൈസേഷന്‍ ഓഫ് സെറ്റില്‍മെന്റ്‌സ് ഇന്‍ ഡല്‍ഹിയുടെ 2015 ലെ ഒരു പ്രബന്ധത്തില്‍, റെയില്‍വേ, ഡിഡിഎ, എംസിഡി പോലുള്ള ഏജന്‍സികളുടെ ഉടമസ്ഥതയിലുള്ള പൊതു ഭൂമിയില്‍ നിര്‍മ്മിച്ച 'കുടിയേറ്റ വാസസ്ഥലങ്ങള്‍' എന്നാണ് ജെജെസികളെ വിശേഷിപ്പിക്കുന്നത്.
1,470 കുടുംബങ്ങള്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ ആസാദ് കോളനി, 2010 ല്‍ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ് ,തിരിച്ചറിഞ്ഞ 675 ചേരി ക്ലസ്റ്ററുകളില്‍ ഒന്നായി പട്ടികപ്പെടുത്തിയിട്ടുണ്ട് . പട്ടികയില്‍ ഓരോ കോളനിയുടെയും സ്ഥാനം, വീടുകളുടെ എണ്ണം, ഭൂമിയുടെ ഉടമസ്ഥാവകാശ ഏജന്‍സി എന്നിവ ഉള്‍പ്പെടുന്നു. അതനുസരിച്ച്, ഇപ്പോള്‍ ചന്ദ്രശേഖര്‍ ആസാദ് കോളനി റെയില്‍വേ ഭൂമിയിലാണ്.കോളനിയുടെ നിയമപരമായ നിലയെക്കുറിച്ചുള്ള അവ്യക്തത ഉണ്ടായിരുന്നിട്ടും, വര്‍ഷങ്ങളായി താമസക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ക്രമേണ ലഭിച്ചു പോന്നു എന്നതാണ് വസ്തുത.
എന്നിരുന്നാലും, കേന്ദ്ര അധികാര പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ കോളനിക്ക് 'അനധികൃതം' എന്ന ലേബല്‍ പതിച്ചുകൊടുത്ത കേന്ദ്ര സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി പൊളിച്ചു നീക്കല്‍ നടപടികള്‍ നടത്തി കൊണ്ടിരുന്നു. നാടിന്റെ , വ്യാവസായിക വിപ്ലവത്തിനു വേണ്ടി ചോര നീരാക്കിയവര്‍ക്ക് എവിടെയും സ്ഥിരമായി ഒരിടം ഇല്ലാതായി. പൊളിക്കലുകള്‍ നടക്കുമ്പോള്‍ വേണ്ടതെല്ലാം കെട്ടിപ്പെറുക്കി മറ്റൊരിടത്തേക്ക് അവര്‍ മാറി മാറി കൊണ്ടിരുന്നു. പൊളിച്ചു മാറ്റലുകള്‍ നടക്കുന്തോറും ഒരര്‍ഥത്തിലും ഐഡന്റിയില്ലാതായി ഒരു ജനത അവശേഷിച്ചു
വസീര്‍പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആദ്യകാല പൊളിച്ചുമാറ്റലുകളിലൊന്ന് 1988-89 കാലഘട്ടത്തിലായിരുന്നു. ചന്ദ്രശേഖര്‍ ആസാദ് കോളനിയോട് ചേര്‍ന്നുള്ള ഷഹീദ് സുഖ്‌ദേവ് നഗര്‍ (എസ്എസ്എന്‍) എന്ന കോളനിയിലെ 180 വീടുകള്‍ പുതിയ റെയില്‍വേ ലൈനിനായി പൊളിച്ചുമാറ്റിയിരുന്നു. പശ്ചിമ ഡല്‍ഹിയിലെ ബിന്ദാപൂരില്‍ ദീപ് ചന്ദ് ബന്ധു, എച്ച്‌കെഎല്‍ ഭഗത്, തുടങ്ങിയവര്‍ 135 കുടുംബങ്ങളപുനരധിവസിപ്പിക്കാന്‍ സഹായിച്ചതായി യാദവ് പറയുന്നു.
ഒരു വര്‍ഷത്തിനുശേഷം 1990ല്‍, വി പി സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍, ഡിഡിഎ, എംസിഡി, ഇന്ത്യന്‍ റെയില്‍വേ എന്നിവ സംയുക്തമായി മറ്റൊരു സര്‍വേ നടത്തി. ഡല്‍ഹിയിലെ ചേരി ക്ലസ്റ്ററുകളില്‍, താമസക്കാര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡും ഒരു 'ടോക്കണും' നല്‍കി.കാലപ്പഴക്കത്തില്‍ ടോക്കണുകള്‍ തുരുമ്പെടുത്തെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റു രേഖകളും അവരെ അതിജീവിക്കാന്‍ സഹായിച്ചു.

ഫോട്ടോ: വി പി സിങ്
2000 മുതല്‍ 2004 വരെയുള്ള വാജ്‌പേയിയുടെ ഭരണകാലത്ത്, ഡല്‍ഹിയിലുടനീളം ചേരി പൊളിച്ചുമാറ്റലുകള്‍ ഇടയ്ക്കിടെ തുടര്‍ന്നുപോന്നു, പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നു.വാസെര്‍പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ മുതല്‍ അര്‍ജുന്‍ നഗര്‍ വരെയുള്ള കോളനികളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് വി പി സിങ് എന്‍ഡിഎ സര്‍ക്കാരിനെതിരേ വലിയ തോതില്‍ വിമര്‍ശനം ഉന്നയിച്ചു .
ഇന്ദ്രജിത് യാദവിന്റെ ശ്രമങ്ങളാണ് വാസെര്‍പൂരില്‍ വി പി സിങിന്റെ പിന്തുണ നേടിയെടുക്കാന്‍ ഗുണകരമായത്. അപ്പോഴേക്കും ജെഡിയു അംഗമായി കഴിഞ്ഞ ഇന്ദ്രജിത് യാദവ് കോളനി നിവാസികള്‍ക്കൊപ്പം വി പി സിങിനെ കണ്ടു. പ്രശ്‌നത്തില്‍ ഇടപെട്ട സിങ് കാര്യങ്ങള്‍ വാജ്‌പേയിയെ ധരിപ്പിച്ചു. 2000 മാര്‍ച്ച് 24 ന് രാവിലെ 8 മണിക്ക്, ചന്ദ്രശേഖര്‍ ആസാദ് കോളനിയോട് ചേര്‍ന്നുള്ള ചേരി കോളനിയായ ഷഹീദ് സുഖ്‌ദേവ് നഗറില്‍ സിങ് എത്തി. ആ വര്‍ഷം മെയ് മാസത്തില്‍, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, സിപിഎം നേതാവ് ഹര്‍കിഷന്‍ സിംങ് സുര്‍ജിത് എന്നിവര്‍ പങ്കെടുത്ത ഒരു റാലിയും സിംങ് ചെങ്കോട്ടയില്‍ സംഘടിപ്പിച്ചു.
'നിങ്ങള്‍ക്ക് ഒരു രാത്രിയില്‍ ഇറങ്ങിവന്ന് അവരെ പിഴുതെറിയാന്‍ കഴിയില്ല, ഞങ്ങളുടെ റാലിവിവേകശൂന്യമായ നീക്കങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമാണ്, 'പാവപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന്റെയും കുടിയേറ്റത്തിന്റെയും കാര്യത്തില്‍ സുതാര്യമായ ഒരു നയം ഉണ്ടായിരിക്കണം.'സിംങ് പറഞ്ഞു.
വി പി സിങ്ങിന്റെ ധര്‍ണകള്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സിപിഐ (എം) എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ ആകര്‍ഷിച്ചു. ഒടുവില്‍, 2000ല്‍ ഒരു പരിഹാരം എത്തി. ബാനര്‍ജിയുടെ കീഴിലുള്ള റെയില്‍വേ മന്ത്രാലയം കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനും റെയില്‍വേ ഭൂമിയില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുമായി ഫണ്ട് നല്‍കി.
2004 മുതല്‍ 2009 വരെ, ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ ബവാന, നരേല, ഭല്‍സ്വ, രോഹിണി, ഡല്‍ഹിക്ക് ചുറ്റുമുള്ള മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താങ്ങാനാവുന്ന വിലയില്‍ ഭവന യൂണിറ്റുകള്‍ നിര്‍മ്മിച്ചു. പൊളിച്ചുമാറ്റല്‍ നടപടികളിലൂടെ കുടിയിറക്കപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഫ്‌ലാറ്റുകള്‍ നല്‍കുന്നതിനായി ദീക്ഷിതിന്റെ പ്രധാന പദ്ധതിയായ രാജീവ് രത്തന്‍ ആവാസ് യോജന (ഞഅഥ) 2009 ല്‍ ആരംഭിച്ചു.
'ഈ പദ്ധതി പ്രകാരം പുനരധിവസിപ്പിക്കപ്പെട്ട താമസക്കാരെക്കുറിച്ച് ഷീല ദീക്ഷിതിന് വളരെയധികം ശ്രദ്ധയുണ്ടായിരുന്നു,' ദീക്ഷിതിന് കീഴില്‍ രണ്ട് വര്‍ഷത്തോളം ജോലി ചെയ്തിരുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സെക്രട്ടറി പറഞ്ഞു. 'സ്‌കൂളുകള്‍ ഉണ്ടോ, താമസക്കാര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് അവര്‍ ഞങ്ങളോട് അന്വേഷിച്ചു. ഇത് ഉദ്യോഗസ്ഥരെ ഈ കോളനികള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ എഴുതാന്‍ നിര്‍ബന്ധിതരാക്കി.' അദ്ദേഹം പറഞ്ഞു.
ഇന്ദ്രജീത് യാദവിന്റെ അഭിപ്രായത്തില്‍, ആ ഫ്‌ലാറ്റുകളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ബസ് സ്‌റ്റോപ്പുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, അടുത്തുള്ള ഫാക്ടറികള്‍ എന്നിവ പോലുള്ള തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു.
2015 ഫെബ്രുവരിയില്‍, കെജ്‌രിവാളും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയത് അധികാരത്തിലെത്തിയപ്പോള്‍, 2014 ജൂണ്‍ വരെ നിര്‍മ്മിച്ച എല്ലാ ചേരികളും പൊളിക്കുന്നത് എഎപി നിരോധിച്ചു. എന്നാല്‍ ആ വര്‍ഷം അവസാനം, 2015 ഡിസംബറില്‍, റെയില്‍വേ ഷാക്കൂര്‍ ബസ്തിയിലെ 1,200 യൂണിറ്റുകള്‍ പൊളിച്ചുമാറ്റി. ഇത് എഎപിയും ബിജെപിയും തമ്മില്‍ പുതിയ ഏറ്റുമുട്ടലുകള്‍ക്ക് കാരണമായി. ബിജെപി അധികാരം കയ്യാളിയതോടെ ജനങ്ങള്‍ താമസക്കാര്‍ എന്നതില്‍ നിന്നും അനധികൃത കുടിയേറ്റക്കാര്‍ എന്ന ലേബലിലേക്ക് എടുത്തെറിയപ്പെട്ടു.
ചേരികളും രാഷ്ട്രീയവും തമ്മിലുള്ള കലഹം ഡല്‍ഹിയിലെ ഒരു പ്രതിഭാസം മാത്രമല്ല. ധാരാവി അടക്കുള്ള ഇന്ത്യയിലെ ഒട്ടുമിക്ക ചേരികളും ഈ ഭീഷണികള്‍ നേരിടുന്നവയാണ്. തങ്ങളുടെ സ്വത്വം അന്വേഷിച്ചിറക്കേണ്ട ഗതി കേടിലാണ് ഒരുപറ്റം ജനത.

ഫോട്ടോ:ധാരാവി
'സ്ഥിരമായ വീട് ഒരുക്കാതെ ഒരു ചേരിയും പൊളിച്ചുമാറ്റില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ കണ്‍മുന്നില്‍ വീടുകള്‍ പൊളിഞ്ഞു വീഴുന്ന കാഴ്ച കണ്ടു മടുത്ത ഇവിടുത്തകാര്‍ക്ക് മുന്നില്‍ മന്ത്രിയുടേത് വെറും വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു! ചന്ദ്രശേഖര്‍ ആസാദ് കോളനിയെ സംബന്ധിച്ചിടത്തോളം, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ സംരക്ഷണത്തില്‍ കെട്ടിപ്പടുത്ത സുരക്ഷിതത്വബോധം ജൂണിലെ ഒരു മഴക്കൊപ്പം വന്നു കയറിയ ജെസിബികള്‍ തകര്‍ത്തു കളഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.
(കടപ്പാട്; ഉദിത് ഹിന്ദുജ, The Print)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















